ADVERTISEMENT

താമരശ്ശേരി∙ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതകത്തിൽ കൂടുതൽപ്പേർ പിടിയിലാകാനുണ്ടെന്നു പിതാവ് മുഹമ്മദ് ഇഖ്ബാൽ. ഇതുവരെയുള്ള പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും ഇഖ്ബാൽ മനോരമ ഓൺലൈനോടു പറഞ്ഞു. ഷഹബാസിന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കിയശേഷം സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ ശ്രമിക്കും. ഷഹബാസിനെ മർദിച്ചവരിൽ ഇനിയും ചില കുട്ടികൾ കൂടി പിടിയിലാകാനുണ്ട്. കുട്ടികൾ മർദിക്കുമ്പോൾ ചുറ്റും കൂടിയവരിൽ രക്ഷിതാക്കളുമുണ്ട്. അക്രമത്തിൽ ചില രക്ഷിതാക്കൾക്കു വ്യക്തമായ പങ്കുണ്ട്. അവരെക്കൂടി പ്രതി ചേർക്കണമെന്നും ഇഖ്ബാൽ പറഞ്ഞു.

ഷഹബാസിനെ മർദിച്ചത് ഉറ്റ സുഹൃത്താണെന്നും ഇഖ്ബാൽ വെളിപ്പെടുത്തിയിരുന്നു. ഇരുവരും മുമ്പ് മറ്റൊരു സ്കൂളിൽ ഒരുമിച്ചു പഠിച്ചിരുന്നു. ഷഹബാസിന്റെ കൂടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഷഹബാസിന്റെ ഫോണിലുണ്ടായിരുന്നുവെന്നും ഇഖ്ബാൽ പറഞ്ഞു.

അതിനിടെ, കൊലപാതകത്തിൽ പങ്കുള്ള ഒരു വിദ്യാർഥിയെ കൂടി പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം ആറായി. കൂടുതൽ പേർ പിടിയിലാകുമെന്നാണു പൊലീസ് നൽകുന്ന സൂചന. എന്നാൽ രക്ഷിതാക്കളെ കേസിൽ പ്രതിചേർക്കുന്നതിനെക്കുറിച്ചു കൃത്യമായ തീരുമാനത്തിലെത്തിയിട്ടില്ല. 

പ്രതികളിലൊരാളുടെ പിതാവിനു ക്രിമിനൽ പശ്ചാത്തലമുള്ളതിനാൽ ഇയാളുടെ പങ്കാണു കൂടുതലായും അന്വേഷിക്കുന്നത്. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടിൽനിന്നു കണ്ടെത്തിയിരുന്നു. മകൻ സംഘർഷത്തിനു പോകുന്നത് അറി‍ഞ്ഞിട്ടും തടയാതിരുന്നോയെന്നും ആയുധം കൈമാറിയിരുന്നോ എന്നും സംഘർഷ സ്ഥലത്തെ ഇയാളുടെ സാന്നിധ്യം തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചതു കഴിഞ്ഞ ദിവസം കണ്ടെടുത്ത നഞ്ചക്ക് തന്നെയാണെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary:

Shahabaz murder investigation: The father of Shahabaz, a Kerala schoolboy who was murdered, demands the arrest of more children and their parents involved in the brutal attack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com