ADVERTISEMENT

വാഷിങ്ടൻ‌ ∙ യുക്രെയ്നുള്ള എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ചർച്ച ഫലം കണ്ടിരുന്നില്ല. ഇതിനു പിന്നാലെയാണു കടുത്ത നടപടി.

യുഎസിന്റെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്‌നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. ‘‘സമാധാനത്തിനു വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നു യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിൽ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹം.’’– വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യത്തിൽ സെലെൻസ്‌കിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.

യുദ്ധം മതിയാക്കണമെന്നു നിലപാടുള്ള ട്രംപ്, പരിഹാരത്തിനായി തുടർച്ചയായി സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയും ട്രംപും തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപവും ചർച്ചകളുടെ വഴിമുടക്കി. യുഎസ് സഹായം മരവിപ്പിക്കുന്നതിന്റെ വ്യാപ്തി വ്യക്തമല്ല.

സൈനിക സഹായം മുടങ്ങുന്നതോടെ യുദ്ധത്തിൽ യുക്രെയ്ൻ പ്രതിരോധത്തിലാകും. സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോടു ട്രംപ് നിർദേശിച്ചു. ജോ ബൈഡൻ സർക്കാർ യുക്രെയ്നിന് 65 ബില്യൻ ഡോളർ സൈനിക സഹായമാണു വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ട്രംപ് പുതിയ സഹായമൊന്നും അംഗീകരിച്ചിട്ടില്ല.

English Summary:

Donald Trump Halts All US Military Aid to Ukraine: The decision follows a reportedly contentious meeting between Presidents Zelenskyy and Trump, leaving Ukraine's future uncertain.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com