‘വൈറ്റ്ഹൗസിലെ വാക്കേറ്റത്തിൽ ഖേദിക്കുന്നു, ധാതു ഖനനക്കരാറിൽ ഏതുസമയവും ഒപ്പിടാം’; മാപ്പു പറഞ്ഞ് സെലൻസ്കി

Mail This Article
കീവ് ∙ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള വാഗ്വാദത്തിൽ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി. ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി സെലൻസ്കി എക്സിൽ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നു. ധാതു ഖനന കരാർ ഏത് സമയത്തും ഒപ്പിടാൻ തയ്യാറാണെന്നും സെലൻസ്കി പറയുന്നു. യുക്രെയ്നിനുള്ള സൈനിക–സാമ്പത്തിക സഹായങ്ങൾ യുഎസ് നിർത്തിവച്ചതിനു പിന്നാലെയാണ് സെലൻസ്കിയുടെ മാപ്പുപറച്ചിൽ.
‘യുക്രെയ്നിനെക്കാൾ സമാധാനം ആഗ്രഹിക്കുന്ന ആരും ഇല്ല. സമാധാനത്തിനായി ഡോണൾഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിനു കീഴിൽ പ്രവർത്തിക്കാൻ താനും തന്റെ സംഘവും തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. തടവുകാരുടെ മോചനവും ആകാശയുദ്ധം താൽകാലികമായി നിർത്തിവയ്ക്കലുമായിരിക്കണം ആദ്യഘട്ടം. മിസൈൽ, ദീർഘദൂര ഡ്രോണുകൾ, ബോംബ് എന്നിവയുടെ നിരോധനവും കടൽമാർഗമുള്ള ആക്രമണങ്ങളും റഷ്യ അവസാനിപ്പിച്ചാൽ യുക്രെയ്നും അതുപോലെ ചെയ്യും. പിന്നീട് വളരെ വേഗത്തിൽ തുടർനടപടികൾ സ്വീകരിച്ച് മുന്നോട്ടുപോകുകയും യുഎസുമായി സഹകരിച്ച് ശക്തമായ അന്തിമ കരാറിൽ എത്തിച്ചേരുകയും ചെയ്യാം.’–സെലൻസ്കി പറഞ്ഞു.
യുക്രെയ്‌നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിർത്താൻ അമേരിക്ക എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് ശരിക്കും മനസിലാക്കുന്നു. പ്രസിഡന്റ് ട്രംപ് അധികാരത്തിലെത്തിയപ്പോൾ ജാവലിൻ മിസൈലുകൾ തന്നത് യുക്രെയ്നിലുണ്ടാക്കിയ മാറ്റങ്ങൾ ഞങ്ങൾ ഓർമിക്കുന്നു. അതിനെല്ലാം ഞങ്ങൾ നന്ദിയുള്ളവരാണ്.
വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയിൽ നടന്നില്ല. അങ്ങനെ സംഭവിച്ചതിൽ ഖേദമുണ്ട്. കാര്യങ്ങൾ ശരിയാക്കേണ്ട സമയമാണിത്. ഭാവിയിലെ സഹകരണവും ആശയവിനിമയവും ക്രിയാത്മകമായിരിക്കണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി വ്യക്തമാക്കി.
ധാതുക്കളുടെ സുരക്ഷ സംബന്ധിച്ച കരാർ ഏത് സമയത്തും ഏത് സൗകര്യപ്രദമായ രൂപത്തിലും ഒപ്പുവയ്ക്കാൻ യുക്രെയ്ൻ തയ്യാറാണ്. കൂടുതൽ സുരക്ഷയിലേക്കും ശക്തമായ സുരക്ഷാ ഉറപ്പുകളിലേക്കുമുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഈ കരാറിനെ കാണുന്നത്. അത് ഫലപ്രദമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൊളോഡിമർ സെലൻസ്കി എക്സിൽ കുറിച്ചു.