‘കേരളത്തിലെ സിപിഎം കരുത്തുറ്റത്, പിണറായി സർക്കാർ മാതൃകാപരം’; കൊല്ലത്ത് ചെങ്കൊടിയേറി

Mail This Article
കൊല്ലം ∙ സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം. പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ (സി.കേശവൻ സ്മാരക മുനിസിപ്പൽ ടൗൺ ഹാൾ) കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ പ്രതിനിധി സമ്മേളന പതാക ഉയർത്തി. പൊളിറ്റ്ബ്യൂറോ അംഗവും പാർട്ടി കോ ഓർഡിനേറ്ററുമായ പ്രകാശ് കാരട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ സിപിഎം ഘടകം കരുത്തുറ്റതാണെന്നും രാജ്യത്തെ ഏക ഇടതുഭരണമായ പിണറായി സർക്കാർ മാതൃകാപരമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തിൽ നിന്നാണെന്നും ബദൽ നയരൂപീകരണത്തിൽ പിണറായിയും കേരളത്തിലെ ഇടത് സർക്കാരും പ്രശംസ അർഹിക്കുന്നെന്നും കാരാട്ട് കൂട്ടിച്ചേർത്തു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ‘ നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന രേഖ അവതരിപ്പിക്കും. പ്രവർത്തന റിപ്പോർട്ടിന്മേൽ ഇന്നു രാത്രി പ്രതിനിധികളുടെ ഗ്രൂപ്പ് ചർച്ച നടക്കും. നാളെയും മറ്റന്നാളും റിപ്പോർട്ടിന്മേൽ ചർച്ച നടക്കും. 9നു പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും.
