ഇത് കോടിയേരി സെക്രട്ടറി പദം ഒഴിയേണ്ടിയിരുന്ന സമ്മേളനം: ഓർമകളുമായി വിനോദിനി

Mail This Article
കോട്ടയം∙ ‘‘അദ്ദേഹമുണ്ടായിരുന്നെങ്കിൽ ഇത്തവണ മൂന്നു ടേം പൂർത്തിയാക്കുമായിരുന്നു. സംസ്ഥാന സെക്രട്ടറി പദം ഒഴിയേണ്ട സമയമായിരുന്നു ഈ സമ്മേളനം’’ – കൊല്ലത്ത് കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഎം സംസ്ഥാന സമ്മേളനം പുരോഗമിക്കുമ്പോൾ തലശ്ശേരിയിലെ വീട്ടിലിരുന്ന് ഭാര്യ വിനോദിനി കോടിയേരി പറഞ്ഞു. 2022ൽ കൊച്ചിയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരിയെ മൂന്നാമതും സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതേ വർഷം ഒക്ടോബർ രണ്ടിനായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം.
‘‘വളരെ ധീരമായാണ് കഴിഞ്ഞ സമ്മേളനം നടത്തിയത്. പാർട്ടിയെ ധീരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ചുമതലയും ഏറ്റെടുത്തു. അപ്പോഴൊന്നും ഞാനോ അദ്ദേഹമോ കാര്യങ്ങൾ മാറിമറിയുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. സമ്മേളനം ആകുന്നതിനു മുൻപേ പ്രവർത്തന റിപ്പോർട്ട് എഴുതിത്തീർക്കുന്ന തിരക്കിലായിരിക്കും അദ്ദേഹം. രാത്രി ഉറക്കമൊന്നും കാണില്ല. കഴിഞ്ഞതവണയും അങ്ങനെയായിരുന്നു. കഴിഞ്ഞ സമ്മേളനത്തിലൊക്കെ അസുഖമാണെന്ന ചിന്ത പോലും സഖാവിന് ഇല്ലായിരുന്നു.
എന്റെ ഓർമയിൽ സഖാവില്ലാത്ത ആദ്യ സംസ്ഥാന സമ്മേളനമാണിത്. എറണാകുളം സമ്മേളനം വരെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. എല്ലാ സമ്മേളനങ്ങളിലും ഞങ്ങൾ ഒരുമിച്ചായിരുന്നു പോയിരുന്നത്. എറണാകുളത്ത് അവസാനമായി അദ്ദേഹത്തെ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കുമ്പോഴും കൂടെ ഞാനുണ്ടായിരുന്നു. അതുകഴിഞ്ഞ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടന്നപ്പോഴും ഒരുമിച്ചാണു പങ്കെടുത്തത്. ഇങ്ങനെയൊരു വലിയ നഷ്ടമുണ്ടാകുമെന്ന് അപ്പോഴൊന്നും കരുതിയിരുന്നില്ല. കഴിഞ്ഞ സമ്മേളന കാലം അസുഖം അതിജീവിച്ച സമയമായിരുന്നു. വളരെ ഊർജ്വസ്വലനായാണു സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തത്. ഓടിനടന്നായിരുന്നു പ്രവർത്തനം. സമ്മേളനമൊക്കെ കഴിഞ്ഞ് അമേരിക്കയിൽ തുടർപരിശോധനകൾക്കു വേണ്ടി പോയ സമയത്തായിരുന്നു എല്ലാം മാറിയത്.
ഇ.പി.ജയരാജേട്ടേനു വെടിയേറ്റ ഹൈദരാബാദ് പാർട്ടി സമ്മേളനം മറക്കാനാകില്ല. ആ ട്രെയിനിൽ ഞങ്ങൾ ഒപ്പം വരേണ്ടവരായിരുന്നു. എന്നാൽ പിണറായി വിജയനൊപ്പം ഞങ്ങളും മുംബൈയിലേക്കു പോയി. സമ്മേളനം ആയാൽ സഖാക്കളെല്ലാം തിരക്കാണ്. സംസ്ഥാന സമ്മേളന സമയത്താണ് സഖാക്കളുടെ കുടുംബങ്ങളെല്ലാം ഒരുമിച്ചു കണ്ടിരുന്നത്. സമ്മേളനത്തിനു പാർട്ടി എന്നെ ക്ഷണിക്കേണ്ട കാര്യമില്ല. ഉദ്ഘാടന സമ്മേളനം വേണമെങ്കിൽ പോയി കാണാമായിരുന്നു. അദ്ദേഹമില്ലാതെ പോകാൻ എനിക്കാവില്ല. വലിയ വിഷമമായതു കൊണ്ടാണു ഞാൻ പോവാത്തത്. കുട്ടികൾ രണ്ടുപേരും പോയിട്ടുണ്ട്’’ – വിനോദിനി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ് പാർലമെന്ററി ജനാധിപത്യത്തിലേക്ക് വരാൻ കോടിയേരിക്ക് ആഗ്രഹമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഒരിക്കലും അദ്ദേഹത്തിന് അങ്ങനെയൊന്നും തോന്നിയിട്ടുണ്ടാകില്ല എന്നായിരുന്നു വിനോദിനിയുടെ മറുപടി. അങ്ങനെ ആലോചിക്കുന്ന ആളല്ലായിരുന്നു അദ്ദേഹമെന്നും പാർട്ടി പറയുന്നത് അതുപോലെ ചെയ്യുന്ന ആളായിരുന്നു സഖാവെന്നും വിനോദിനി കോടിയേരി പറഞ്ഞു.