ADVERTISEMENT

‘വെട്ടൊന്ന്, മുറി രണ്ട്’ എന്നു ട്രംപ് കടുപ്പിച്ചതോടെ റഷ്യ–യുക്രെയ്ൻ യുദ്ധം വഴിത്തിരിവിൽ. സൈനിക സഹായം മരവിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുമാനം യുക്രെയ്നു തിരിച്ചടിയാണ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കഴിഞ്ഞദിവസം ട്രംപ് നടത്തിയ ചർച്ച അടിച്ചുപിരിഞ്ഞതോടെയാണ് അവർക്കുള്ള സൈനികസഹായം നിലച്ചത്.

വൈറ്റ് ഹൗസിൽ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഒട്ടേറെ കൂടിക്കാഴ്ചകൾ നടത്തിയാണു ട്രംപ് തീരുമാനം എടുത്തത്. സമാധാന ചർച്ചകൾ നടത്താൻ സെലെൻസ്‌കി തയാറാകുന്നതു വരെ സഹായവിതരണം നിലയ്ക്കുമെന്നാണു സൂചന. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചശേഷം, യുഎസിന്റെ വിദേശസഹായം ഏറ്റവും കൂടുതൽ സ്വീകരിക്കുന്ന രാജ്യമായിരുന്നു യുക്രെയ്ൻ.

∙ യുക്രെയ്നായി യുഎസ് ചെലവിട്ടത് എത്ര?
2022 ജനുവരി മുതൽ 2024 ഡിസംബർ വരെ 119.7 ബില്യൻ ഡോളറിന്റെ സഹായമാണു യുക്രെയ്നു യുഎസ് നൽകിയതെന്നാണു ജർമൻ ആസ്ഥാനമായ കീൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം നേരിടാനുള്ള ‘ഓപ്പറേഷൻ അറ്റ്ലാന്റിക് റിസോൾവിനുള്ള’ എല്ലാ ചെലവുകളുടെയും കണക്ക് യുഎസ് പ്രതിരോധ വകുപ്പ് പുറത്തുവിട്ടിരുന്നു. 182.8 ബില്യൻ ഡോളർ യുക്രെയ്ൻ സ്വീകരിച്ചു എന്നാണ് ഇതിൽ പറയുന്നത്. യൂറോപ്പിലെ യുഎസ് സൈനിക പരിശീലനവും യുഎസ് പ്രതിരോധ സാമഗ്രികളുടെ ശേഖരവും ഉൾപ്പെടെയാണിത്.

2025 ജനുവരി 20നു പ്രസിദ്ധീകരിച്ച യുഎസ് ബ്യൂറോ ഓഫ് പൊളിറ്റിക്കൽ-മിലിട്ടറി അഫയേഴ്‌സിന്റെ വസ്തുതാഷീറ്റ് പ്രകാരം, 2022 ഫെബ്രുവരി 24ന് റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയശേഷം 65.9 ബില്യൻ ഡോളർ സൈനിക സഹായം നൽകി. 2014ൽ റഷ്യയുടെ ആദ്യ അധിനിവേശത്തിനുശേഷം ഇതുവരെ നൽകിയത് ഏകദേശം 69.2 ബില്യൻ ഡോളർ സൈനിക സഹായമാണ്. 2021 ഓഗസ്റ്റ് മുതൽ 55 തവണ അടിയന്തര സഹായമായി 27.69 ബില്യൻ ഡോളർ സൈനിക സഹായവും നൽകി. 175 ബില്യൻ ഡോളറിൽ 106 ബില്യൻ ഡോളർ മാത്രമാണു നേരിട്ടു യുക്രെയ്ൻ സർക്കാരിനു കൈമാറുന്നത്.

ബാക്കി തുകയിൽ ഭൂരിഭാഗവും യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട വിവിധ യുഎസ് പ്രവർത്തനങ്ങൾക്കു ധനസഹായം നൽകാനാണ് ഉപയോഗിച്ചത്. മേഖലയിലെ മറ്റു യുദ്ധബാധിത രാജ്യങ്ങളെ പിന്തുണയ്ക്കാനും തുക ഉപയോഗിക്കുന്നുണ്ടെന്നു കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് ചൂണ്ടിക്കാട്ടി. 70-ലധികം യുഎസ് നഗരങ്ങളിലെ പ്രതിരോധ നിർമാണ കേന്ദ്രങ്ങൾക്കു യുക്രെയ്ന്റെ പേരിലുള്ള ധനസഹായം കിട്ടുന്നതായി അമേരിക്കൻ എന്റർപ്രൈസ് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.

∙ കൈമാറിയ ആയുധങ്ങൾ എന്തെല്ലാം?

യുക്രെയ്‌നു യുഎസ് നിർമിത എഫ്-16 വിമാനങ്ങൾ നൽകാൻ 2023ൽ യൂറോപ്യൻ സഖ്യകക്ഷികൾക്കു അമേരിക്ക അനുവാദം നൽകി. ഈ യുദ്ധവിമാനങ്ങളുടെ ആദ്യ കൈമാറ്റം ജൂലൈ അവസാനത്തിലായിരുന്നു. ബെൽജിയം, ഡെൻമാർക്ക്, നെതർലൻഡ്‌സ്, നോർവേ എന്നീ രാജ്യങ്ങൾ ചേർന്ന് 60-ലധികം യുദ്ധവിമാനങ്ങൾ യുക്രെയ്‌നു വാഗ്ദാനം ചെയ്തിട്ടുണ്ട്. അബ്രാംസ് യുദ്ധ ടാങ്കുകൾ, വിമാനവേധ മിസൈലുകൾ, പീരങ്കി ഷെല്ലുകൾ, ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ, തീരദേശ പ്രതിരോധ കപ്പലുകൾ, നൂതന നിരീക്ഷണ റഡാർ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ ജോ ബൈഡൻ സർക്കാർ യുക്രെയ്‌നു നൽകുകയോ നൽകാമെന്നു സമ്മതിക്കുകയോ ചെയ്തിരുന്നു.

2024ന്റെ തുടക്കത്തിൽ, ബൈഡൻ ഭരണകൂടം യുക്രെയ്‌ന് എടിഎസിഎംഎസ് എന്നറിയപ്പെടുന്ന ദീർഘദൂര മിസൈലുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഏകദേശം 322 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാൻ കഴിയുന്നതാണിത്. ഇത്തരം ആക്രമണങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന ആശങ്കയെത്തുടർന്ന്, റഷ്യയ്ക്കെതിരെ യുക്രെയ്ൻ ഇവ ഉപയോഗിക്കുന്നതു യുഎസ് വിലക്കി.

∙ യുഎസ് സഹായം നൽകിയതെന്തിന്?

റഷ്യയ്‌ക്കെതിരായ യുക്രെയ്‌ന്റെ പ്രതിരോധത്തിലും പ്രത്യാക്രമണത്തിലും യുഎസും മറ്റു സഖ്യകക്ഷികളും നൽകിയ സൈനിക സഹായം നിർണായക പങ്ക് വഹിച്ചെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ‌യുക്രെയ്‌നിനുള്ള സഹായം യുഎസ് നിർത്തിയാൽ എന്തു സംഭവിക്കും? റഷ്യയെ നേരിടുന്നതിൽ യുക്രെയ്ൻ പിന്നാക്കം പോയേക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനോട് അടുപ്പം പുലർത്തുന്ന ട്രംപ്, എത്രയും പെട്ടെന്നു യുദ്ധം അവസാനിപ്പിക്കണമെന്ന നിലപാടുകാരനാണ്. ട്രംപിന്റെ റഷ്യൻ ചായ്‌വിനെ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി എതിർക്കുന്നു.

യുഎസ് സഹായത്തോടെയുള്ള അവസാന ആയുധ വാങ്ങലും കഴിഞ്ഞാൽ, കീവിനുള്ള പ്രധാന സ്രോതസ്സ് മുൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിൻ മൂന്നാമൻ 2022 ഏപ്രിലിൽ സ്ഥാപിച്ച ഡിഫൻസ് കോൺടാക്റ്റ് ഗ്രൂപ്പാകും. 50 രാജ്യങ്ങളുടെ കൂട്ടായ്മയാണിത്. ഫെബ്രുവരി 6ന്, ഗ്രൂപ്പിന്റെ നേതൃത്വം ബ്രിട്ടനു കൈമാറുകയാണെന്നു പെന്റഗൺ പറഞ്ഞു. സഹായം നിർത്തിയതിന്റെ ആഘാതം രണ്ടോ മൂന്നോ മാസത്തിനുള്ളിൽ യുക്രെയ്ൻ അനുഭവിക്കുമെന്നു സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിലെ മുതിർന്ന ഉപദേഷ്ടാവ് മാർക്ക് കാൻഷ്യൻ പറഞ്ഞു.

∙ യുക്രെയ്നു യൂറോപ്പ് നൽകിയതെത്ര?

യുക്രെയ്‌ന് ഏറ്റവുമധികം സൈനിക സഹായം നൽകിയതു യുഎസ് ആണ്. എന്നാൽ യൂറോപ്പ് ആകെയെടുത്താൽ യുഎസിനേക്കാൾ കൂടുതൽ പണം ചെലവഴിച്ചിട്ടുണ്ട്. 2022 ജനുവരി 24നും 2024 അവസാനത്തിനും ഇടയിൽ യൂറോപ്പ് മൊത്തത്തിൽ 138.7 ബില്യൻ ഡോളർ ചെലവഴിച്ചു. ഇതേ കാലയളവിൽ യുഎസ് 119.7 ബില്യൻ ഡോളറാണു ചെലവിട്ടതെന്നു കീൽ ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽനിന്നുള്ള സൈനിക, സാമ്പത്തിക, മാനുഷിക സഹായങ്ങൾ ഉൾപ്പെടെയാണിത്.

2024ൽ നാറ്റോ സഖ്യകക്ഷികൾ യുക്രെയ്ന് 50 ബില്യൻ യൂറോയിലധികം സുരക്ഷാസഹായം നൽകിയെന്നു 2025 ഫെബ്രുവരിയിൽ നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ പറഞ്ഞു. ഇതിൽ 60 ശതമാനം യൂറോപ്പിൽനിന്നും കാനഡയിൽനിന്നുമാണ്. പല യൂറോപ്യൻ രാജ്യങ്ങളിലെ സർക്കാരുകളും അവരുടെ സമ്പദ്‌വ്യവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ യുക്രെയ്‌നു വലിയ സംഭാവനകൾ നൽകുന്നുണ്ട്. ജർമനി, ഡെൻമാർക്ക്, സ്വീഡൻ, പോളണ്ട് എന്നിവയാണു യൂറോപ്പിലെ പ്രധാന ആയുധ വിതരണക്കാർ.

English Summary:

Donald Trump's Aid Freeze: A Turning Point in the Russia-Ukraine War?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com