ADVERTISEMENT

ന്യൂഡൽഹി ∙ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു നേരെ ലണ്ടനിൽ ആക്രമണശ്രമമുണ്ടായതു കനത്ത സുരക്ഷാവീഴ്ചയെന്നു കേന്ദ്രസർക്കാർ. ഔദ്യോഗിക സന്ദർശനത്തിനിടെയുണ്ടായ സംഭവത്തിൽ യുകെയെ ഇന്ത്യ ആശങ്ക അറിയിച്ചു. ജയശങ്കറിനുനേരെ ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ ഓടിയടുത്തത്. കാറിൽ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞെത്തിയ ഖലിസ്ഥാനിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടൻ പൊലീസ് കാര്യക്ഷമമായല്ല ഇടപെട്ടതെന്നു സമൂഹമാധ്യമങ്ങളിൽ വിമർശനമുണ്ട്. ‘‘യുകെ സന്ദർശനത്തിനിടെ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു സംഭവിച്ച സുരക്ഷാവീഴ്ചയുടെ വിഡിയോ ഞങ്ങൾ കണ്ടു. വിഘടനവാദികളും തീവ്രവാദികളുമായ ചെറുസംഘത്തിന്റെ പ്രവൃത്തിയെ അപലപിക്കുന്നു. ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണിത്. ഇത്തരം സന്ദർഭങ്ങളിൽ ആതിഥേയ സർക്കാർ നയതന്ത്ര കടമകൾ പൂർണമായും നിർവഹിക്കുമെന്നു പ്രതീക്ഷിക്കുന്നു’’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ലണ്ടൻ പൊലീസ് നോക്കിനിൽക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കർ കാറിൽ കയറാൻ വന്നപ്പോൾ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാൾ പാഞ്ഞുവന്നു. ആക്രമിക്കാൻ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചത്. ഏതാനും നിമിഷത്തിനു ശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി. നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർച്ച് 4 മുതൽ 9 വരെയാണു യുകെയിൽ ജയശങ്കറിന്റെ പര്യടനം.

English Summary:

S Jaishankar’s official visit to the United Kingdom: India on security breach by Khalistani extremist during Jaishankar's London visit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com