ADVERTISEMENT

ബെംഗളൂരു ∙ കോടികളുടെ സ്വർണം കടത്തിയ കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവു ഒരു വർഷത്തിനിടെ ദുബായിലേക്കു പോയത് 30 തവണ. കിലോയ്ക്ക് ഒരു ലക്ഷം രൂപ വീതമാണു രന്യയ്ക്കു കമ്മിഷൻ ലഭിച്ചിരുന്നതെന്നും ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) അന്വേഷണത്തിൽ കണ്ടെത്തി.

12.56 കോടിയുടെ സ്വർണ ബിസ്കറ്റുമായാണു നടിയും ഡിജിപി രാമചന്ദ്ര റാവുവിന്റെ വളർത്തുമകളുമായ രന്യ റാവു (31) വിമാനത്താവളത്തിൽ പിടിയിലായത്. പൊലീസ് അകമ്പടിയോടെ സുരക്ഷാ പരിശോധന മറികടക്കാൻ ശ്രമിക്കുന്നതിനിടെ പിടിവീഴുകയായിരുന്നു. വീട്ടിൽ നടത്തിയ റെയ്ഡിൽ 2.06 കോടി രൂപയുടെ കറൻസിയും 2.67 കോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. കേസിൽ മൊത്തം 17.29 കോടിയുടെ വസ്തുക്കൾ കണ്ടെടുത്തതായി കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.

കിലോയ്ക്ക് 1 ലക്ഷം രൂപ വീതം ഓരോ ദുബായ് യാത്രയിലും 12–13 ലക്ഷം രൂപയാണു രന്യ കമ്മിഷനായി നേടിയത്. ജാക്കറ്റുകൾ, ബെൽറ്റ് എന്നിവയിൽ ഒളിപ്പിച്ചാണു സ്വർണം കടത്തിയത്. 3ന് രാത്രി ദുബായിൽ നിന്നെത്തിയ രന്യ ബെൽറ്റിലും ജാക്കറ്റിലുമായി 14.2 കിലോ സ്വർണം ഒളിപ്പിച്ചിരുന്നു. ആർക്കിടെക്ടായ ഭർത്താവ് ജതിൻ ഹുക്കേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആദ്യഭാര്യ അപകടത്തിൽ മരിച്ചതിനെ തുടർന്ന് രാമചന്ദ്ര റാവു പുനർവിവാഹം ചെയ്ത ചിക്കമഗളൂരു സ്വദേശിനിയുടെ മകളാണു രന്യ. 4 മാസം മുൻപ് വിവാഹിതയായ രന്യ തന്നിൽനിന്ന് അകന്നാണു കഴിയുന്നതെന്നും ഭർത്താവിന്റെ ബിസിനസിനെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും രാമചന്ദ്ര റാവു പറഞ്ഞു. മലയാളിയായ സ്വർണ വ്യാപാരിയിൽനിന്ന് 2014ൽ 2 കോടി രൂപ പിടിച്ചെടുത്തെങ്കിലും 20 ലക്ഷം രൂപ മാത്രം രേഖകളിൽ കാണിച്ചെന്ന പരാതിയിൽ അന്ന് ദക്ഷിണ മേഖലാ ഐജിയായ രാമചന്ദ്രറാവുവിന്റെ ഗൺമാൻ പിടിയിലായിരുന്നു. നിലവിൽ പൊലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയാണ് രാമചന്ദ്ര റാവു.

100 ദിവസത്തിലധികം പ്രദർശിപ്പിച്ച മാണിക്യ (2014) സിനിമയിലൂടെയാണു രന്യ അഭിനയ രംഗത്തെത്തിയത്. തമിഴ് സിനിമയായ വാഗ (2014), കന്നഡയിൽ പട്ടാക്കി (2017) എന്നിവയിലും അഭിനയിച്ചെങ്കിലും സമീപകാലത്ത് സജീവമായിരുന്നില്ല.

English Summary:

Gold Smuggling Case: Kannada actress Ranya Rao arrested for smuggling crores worth of gold after 30 trips to Dubai. The DRI investigation uncovered a massive gold smuggling operation and seized assets worth ₹17.29 crore.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com