‘പള്ളിയിലേക്കെന്ന് പറഞ്ഞു, മകളെ ബലമായി പിടിച്ച് കൊണ്ടുപോയി’: ഷൈനി വീടുവിട്ടിറങ്ങുന്ന ദൃശ്യം പുറത്ത്

Mail This Article
ഏറ്റുമാനൂർ ∙ പാറോലിക്കലിൽ യുവതിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽച്ചാടി മരിക്കുന്നതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി (42), മക്കളായ അലീന (11), ഇവാന (10) എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജീവനൊടുക്കിയത്. മരണ ദിവസം പുലർച്ചെ നാലേമുക്കാലോടെ വീട് പൂട്ടിയിറങ്ങിയ ഷൈനിയും മക്കളും റെയിൽവേ ട്രാക്കിന്റെ ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സാധാരണ എല്ലാ ദിവസവും പുലർച്ചെ പള്ളിയിൽ പോകാറുണ്ടായിരുന്ന ഷൈനിയും കുട്ടികളും അന്നും പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വഴിയിലേക്ക് ഇറങ്ങിയ ശേഷം മുന്നോട്ടു നടക്കാൻ മടിക്കുന്ന ഇളയ കുട്ടിയുടെ കയ്യിൽ ഷൈനി ബലമായി പിടിച്ചുകൊണ്ടു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മൂത്തകുട്ടി ഇവരുടെ പിന്നാലെ ചെല്ലുന്നതും കാണാം. പിന്നീട് രാവിലെ 5.20ന് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടിയാണ് ഷൈനിയും കുട്ടികളും ജീവനൊടുക്കിയതെന്നു പൊലീസ് പറഞ്ഞു.
ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്കു തള്ളിവിട്ടത് ഭർത്താവ് നോബിയുടെ പ്രകോപനങ്ങൾ തന്നെയാണെന്ന നിഗമനത്തിലാണു പൊലീസ്. ഷൈനിയും മക്കളും ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദിവസം നോബി മദ്യലഹരിയിൽ ഷൈനിയെ ഫോൺ ചെയ്തിരുന്നെന്ന് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ല, കുട്ടികളുടെ ചെലവിനു പണം നൽകില്ല, സ്ത്രീധനമായി നൽകിയ പണവും സ്വർണവും തിരികെ നൽകില്ല തുടങ്ങിയ കാര്യങ്ങൾ നോബി പറഞ്ഞതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നോബിക്കെതിരെ ഗാർഹിക പീഡന കേസ് കൂടി ചുമത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്.