‘മണ്ഡല പുനർനിർണയം ഫെഡറലിസത്തിന് എതിരായ ആക്രമണം’; 7 മുഖ്യമന്ത്രിമാരെ ചർച്ചയ്ക്ക് ക്ഷണിച്ച് സ്റ്റാലിൻ

Mail This Article
ചെന്നൈ∙രാജ്യത്തെ മണ്ഡല പുനർനിർണയ നടപടികളിൽ കേന്ദ്രസർക്കാരിനെ ശക്തമായി വിമർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. കേന്ദ്ര നടപടി രാജ്യത്തിന്റെ ഫെഡറലിസത്തിനു നേർക്ക് നടക്കുന്ന ആക്രമണമാണെന്നു തുറന്നടിച്ച സ്റ്റാലിൻ രാജ്യത്തെ 7 മുഖ്യമന്ത്രിമാർക്ക് ഇതു സംബന്ധിച്ച് കത്തയച്ചു. മാർച്ച് 22ന് ചെന്നൈയിൽ വച്ച് നടക്കുന്ന ചർച്ചയിലേക്കാണ് മുഖ്യമന്ത്രിമാരെ ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചിരിക്കുന്നത്. 7 മുഖ്യമന്ത്രിമാർക്കു പുറമെ ഈ സംസ്ഥാനങ്ങളിലെ വിവിധ പാർട്ടി ഭാരവാഹികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കേന്ദ്ര നടപടിയെ ചെറുക്കാൻ എല്ലാവരെയും ഉൾപ്പെടുത്തി ജോയിന്റ് ആക്ഷൻ കമ്മിറ്റിക്കു രൂപം നൽകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർക്കാണ് കത്ത് അയച്ചിരിക്കുന്നത്. ഇതിൽ ചന്ദ്രബാബു നായിഡുവും മോഹൻ ചരൺ മാജിയും എൻഡിഎ മുഖ്യമന്ത്രിമാരാണ്. കേന്ദ്രസർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കുന്നുവെന്ന് ആരോപിച്ച് ഡിഎംകെ ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുന്നതിനിടെയാണ് മണ്ഡല പുനർനിർണയ വിഷയത്തിലും സ്റ്റാലിൻ പ്രതിരോധം ഉയർത്തുന്നത്.
‘‘ മണ്ഡല പുനർനിർണയം രാജ്യത്തിന്റെ ഫെഡറലിസത്തിനെതിരായ നഗ്നമായ ആക്രമണമാണ്, പാർലമെന്റിൽ നമ്മുടെ ന്യായമായ ശബ്ദം ഇല്ലാതാക്കി ജനസംഖ്യാ നിയന്ത്രണം ഉറപ്പാക്കിയ സംസ്ഥാനങ്ങളെ കേന്ദ്രസർക്കാർ ശിക്ഷിക്കുകയാണ്. ഈ അനീതി ഞങ്ങൾ അനുവദിക്കില്ല.’’ – സ്റ്റാലിൻ എക്സിൽ കുറിച്ചു.
7 മുഖ്യമന്ത്രിമാർക്കു പുറമെ 7 സംസ്ഥാനങ്ങളിലെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെയും ജോയിന്റ് ആക്ഷൻ കമ്മിറ്റി യോഗത്തിലേക്ക് എം.കെ.സ്റ്റാലിൻ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നു സിപിഎം, കോൺഗ്രസ്, സിപിഐ, മുസ്‌ലിം ലീഗ്, കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (എം), ആർഎസ്പി എന്നീ പാർട്ടികളെയാണ് ക്ഷണിച്ചിരിക്കുന്നത്. 7 സംസ്ഥാനങ്ങളിലെയും ബിജെപി ഘടകങ്ങളോടും പ്രതിനിധികളെ അയക്കാൻ സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്.