ADVERTISEMENT

ന്യൂഡൽഹി∙ എയർ ഇന്ത്യ വീൽചെയർ നിഷേധിച്ചതിനെ തുടർന്ന് വീണു പരുക്കേറ്റ 82–കാരി ആശുപത്രിയിൽ. ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് 82–കാരിയായ പസ്രിച രാജിന് മുൻകൂട്ടി ബുക്ക് ചെയ്ത വീൽചെയർ നിഷേധിച്ചത്. മാർച്ച് 4–നാണു സംഭവം. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി ടെർമിനൽ 3–ലേക്ക് നടക്കുന്നതിനിടെയാണ് വയോധിക മുഖമിടിച്ച് വീണത്. തലച്ചോറിൽ‍ രക്തസ്രാവമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ തീവ്ര പരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പസ്രിച.

വീൽചെയറിനായി ഒരു മണിക്കൂറിലധികം കാത്തിരുന്നിട്ടും, കിട്ടാതെ വന്നതോടെയാണു മുത്തശ്ശി നടന്നതെന്നു ചെറുമകള്‍ പരുള്‍ കന്‍വാര്‍ പറഞ്ഞു. അൽപസമയം നടന്നതിനുശേഷം എയർ ഇന്ത്യയുടെ പ്രീമിയം കൗണ്ടറിന് സമീപം പസ്രിച‍ വീഴുകയായിരുന്നു. വീണു പരുക്കേറ്റിട്ടും മുത്തശ്ശിക്ക് മതിയായ ചികിത്സ നൽകാൻ വിമാനത്താവള അധികൃതർ തയാറായില്ലെന്നും പരുള്‍ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 

‘‘മനുഷ്യ ജീവനു യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് മനസിലായതോടെയാണ് ഇത്തരത്തിലൊരു കുറിപ്പ് പങ്കുവയ്ക്കുന്നത്. മനുഷ്യനാണെന്നു പോലും പരിഗണിക്കാതെയാണ് എയർ ഇന്ത്യ എന്റെ മുത്തശ്ശിയോട് പെരുമാറിയത്. ലജ്ജ തോന്നുന്നു. വീണതിനു ശേഷം വീൽചെയർ കിട്ടി. മൂക്കിനും ചുണ്ടിനും പരുക്കേറ്റിട്ടും യാതൊരുവിധ വൈദ്യസഹായവും നൽകാതെയാണു വിമാനത്തിലേക്ക് കയറ്റിയത്. മുറിവിൽ വയ്ക്കാനും വേദന ശമിപ്പിക്കാനുമായി വിമാനത്തിലെ ജീവനക്കാരാണ് ഐസ് കട്ട തന്നത്. അവർ ബെംഗളൂരു വിമാനത്താവളത്തിൽ വിവരം അറിയിക്കുകയും ചെയ്തു. ലാൻഡിങ്ങിനു ശേഷം പ്രാഥമിക ശുശ്രൂഷ നൽകുകയും മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു’’– പരുള്‍ എക്സിൽ കുറിച്ചു.

രണ്ടു ദിവസമായി മുത്തശ്ശി ഐസിയുവിലാണെന്നും ശരീരത്തിന്റെ ഇടതുവശത്തെ ബലം കുറഞ്ഞുവരികയാണെന്നും പരുള്‍ പറഞ്ഞു. എയർ ഇന്ത്യക്കും വ്യോമയാന മന്ത്രാലയ ഡയറക്ടർക്കും കുടുംബം പരാതി നൽകി. അന്വേഷണം നടത്തുമെന്നും കുടുംബവുമായി സംസാരിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

English Summary:

Air India denied Wheelchair : 82-year-old woman injured after Air India allegedly denied her pre-booked wheelchair at Delhi airport.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com