ADVERTISEMENT

കോട്ടയം∙ മാരക ലഹരിമരുന്നായ എംഡിഎംഎ  കഴിച്ചാൽ മരണം സംഭവിക്കുമോ? മറ്റു ലഹരി പദാർഥങ്ങളും ജീവനെടുക്കുമോ? പൊലീസിനെ കണ്ട് എംഡിഎംഎ പൊതി വിഴുങ്ങിയ മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദ് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചതോടെയാണ് ഈ സംശയം ഉയർന്നത്. ഷാനിദ് എംഡിഎംഎയാണ് വിഴുങ്ങിയത്. ഷാനിദിന്റെ വയറ്റിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നു. ഈ പൊതികളിൽ വെളുത്ത തരി പോലെയുള്ള വസ്തുവിന്റെ സാന്നിധ്യവും തിരിച്ചറിഞ്ഞു. ഇതിനുപിന്നാലെയാണ് ആരോഗ്യനില വഷളായി വെന്റിലേറ്ററിൽ കഴിയവേ ഷാനിദ് മരിച്ചത്.

എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഡോസ് അമിതമായാൽ മരണം സംഭവിക്കുമെന്ന് കോട്ടയം ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ ഡോ.‌പി.വിനോദ് കുമാർ പറഞ്ഞു. ‘‘എംഡിഎംഎ ഒരു സൈക്കോ സ്റ്റിമുലന്റ് ആണ്. നമ്മുടെ തലച്ചോറിലുള്ള, സന്തോഷ ജനകമായ എപ്പിനെഫ്രിൻ, സെറോടോണിന്‍ തുടങ്ങിയ ഹോർമോണുകളെ ഇത് ഉത്തേജിപ്പിക്കും. ഈ ലഹരിമരുന്ന് ആദ്യമായി ഉപയോഗിക്കുന്നയാൾക്ക് ആദ്യത്തെ 30 മിനിറ്റ് ഉൽക്കണ്ഠയുണ്ടാകുന്നു. നെഞ്ചിടിപ്പ്, വായ വരളുക തുടങ്ങിയവയും അനുഭവപ്പെടാം. ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം അവർ ഭ്രമാത്മകമായ ഒരവസ്ഥയിലേക്കെത്തും. അതോടൊപ്പം അന്തർമുഖത്വവും ഉൾവലിയലുകളും മാറി പൂർണ വിശ്രാന്തിയിലെത്തി എന്ന തോന്നലുണ്ടാകും. ശാരീരികമായും മാനസികമായും ഉത്തേജിതരാകുമ്പോൾ മണിക്കൂറുകളോളം തളരാതെ നൃത്തം ചെയ്യാനും മറ്റും കഴിയും. ഇങ്ങനെ തുടർച്ചയായി ശാരീരികാധ്വാനം ചെയ്യുമ്പോൾ വിയർപ്പിലൂടെ സോഡിയം ക്ലോറൈഡ് നഷ്ടപ്പെടും. അതിനെ മറികടക്കാൻ വെള്ളം കുടിക്കുമ്പോൾ അത് സോഡിയം കുറഞ്ഞു പോകുന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് അപസ്മാരം പോലുള്ള പ്രശ്നങ്ങൾക്കു കാരണമാകാം.

എംഡിഎംഎ ഉപയോഗം ഹൃദയമിടിപ്പു കൂട്ടും. ഡോസ് അമിതമായാൽ ഹൃദയമിടിപ്പിന്റെ ക്രമം തെറ്റി നിലച്ചു പോകാനും ഹൃദയാഘാതത്തിനും സാധ്യതയുമുണ്ട്. അതുപോലെ തലച്ചോറിൽ രക്തസ്രാവത്തിനും കാരണമാകും. ഈ ലഹരിമരുന്നിന്റെ അമിത ഡോസ് ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് ശരീരോഷ്മാവിന്റെ അനിയന്ത്രിത വർധന. ഇത് ആന്തരികാവയവങ്ങളുടെ നാശത്തിലേക്കു നയിക്കും. ശക്തമായ ഛർദ്ദി, വയറിളക്കം തുടങ്ങിയവ ഉണ്ടായേക്കാം. ശ്വാസനാളം ചുരുങ്ങൽ, ശ്വാസം മുട്ടൽ, രക്തത്തിൽ ഓക്സിജന്റെ അളവ് കുറയൽ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് ഈ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എംഡിഎംഎയുടെ ഉപയോഗത്തിലൂടെ സോഡിയം കുറയുക, ഹൃദയമിടിപ്പ് താളം തെറ്റി ഹൃദയം നിലച്ചു പോകുന്ന അവസ്ഥ ഇവയൊക്കെയാണ് മരണകാരണമാകുന്നത്. എല്ലാ ലഹരി വസ്തുക്കളും മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. രാസവസ്തുവായ എംഡിഎംഎയുടെ പ്രവർത്തനം തീവ്രമായ തോതിലും വേഗത്തിലുമാണ്. കഞ്ചാവു പോലുള്ളവയുടെ പ്രവർത്തനം കുറച്ചു കൂടി സാവധാനത്തിലായിരിക്കും.’’ – ഡോ. വിനോദ് പറഞ്ഞു.

എംഡിഎംഎ കൂടുതൽ അപകടകാരിയാണെന്നു പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. മോഹൻ റോയ് പറഞ്ഞു. ‘‘എംഡിഎംഎയുടെ ഉപയോഗം ഹൃദയമിടിപ്പിനെയും തലച്ചോറിനെയും ബാധിക്കാം. ആന്തരിക രക്തസ്രാവം സംഭവിക്കുന്നു, ശ്വാസ തടസമുണ്ടാകുന്നു, തരികൾ കട്ടപിടിച്ചു രക്തപ്രവാഹം തടയുന്നു. ഇവയെല്ലാം മരണത്തിലേക്കു നയിക്കാം. ഉപയോഗിക്കുന്ന ആളുകൾ ക്ഷീണമാണ്, വെറുതെ ഉറക്കം വരുന്നു എന്നൊക്കെ പറയും. ശരിക്കും എംഡിഎംഎ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അതല്ല. കാണാത്ത കാര്യങ്ങൾ കാണുക, കേൾക്കാത്ത കാര്യങ്ങൾ കേൾക്കുക ഇതൊക്കെയാണ്. എംഡിഎംഎ കഴിച്ചാൽ വിശപ്പ് കുറയും, നല്ല ഊർജം തോന്നും. പക്ഷേ എംഡിഎംഎ കഴിച്ച് ഉറങ്ങിപ്പോയെന്നു പറഞ്ഞാൽ അതു തെറ്റാണ്. പലപ്പോഴും എംഡിഎംഎ കഴിച്ച് പ്രശ്നമായി വരുന്നവരൊന്നും അതായിരിക്കില്ല കഴിക്കുന്നത്. വീര്യം കൂടിയ ഗുളികകളാകാം ഇവർക്ക് എംഡിഎംഎ എന്ന് പറഞ്ഞു കിട്ടുന്നത്’’ – ഡോ. മോഹൻ റോയ് പറഞ്ഞു.

അതേസമയം എംഡിഎംഎയുടെയും മെത്താഫെറ്റമിന്റെയും ഉപയോഗം മരണത്തിലേക്കു നയിക്കില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന പൊലീസ് സർജൻമാർ പറയുന്നത്. അമിത അളവിൽ ലഹരിമരുന്ന് അകത്തുചെന്നാലും മരണം സംഭവിക്കുക ഉപയോഗിച്ച വ്യക്തിയുടെ ആരോഗ്യ സ്ഥിതിയെ കൂടി ആശ്രയിച്ചിരിക്കുമെന്നും വിദഗ്ധർ പറയുന്നു. ഉപയോഗിച്ച വ്യക്തിക്ക് ഹൃദ്രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾ ഉണ്ടെങ്കിൽ ‘പൾമണറി എഡീമ’ എന്ന അവസ്ഥയിലേക്ക് എത്തും. ശ്വാസകോശത്തിൽ വെള്ളം നിറയുന്ന രോഗാവസ്ഥയാണ് പൾമണറി എഡീമ. അമിതമായി ലഹരി ഉപയോഗിക്കുന്നവർക്ക് ഇതുമൂലം മരണം സംഭവിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

English Summary:

MDMA overdose causes death: Excessive dosages of MDMA and other recreational drugs can lead to fatal consequences due to their effects on the heart and respiratory system.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com