‘ഹൈവേ വികസനത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള വ്യഗ്രതയിൽ സർക്കാർ; ജനകീയ സമരങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നു’

Mail This Article
കൊച്ചി∙ ഹൈവേ വികസനത്തിന്റെ അവകാശ വാദത്തിനു വേണ്ടി സംസ്ഥാന സർക്കാർ ജനകീയ സമരങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടഞ്ഞ കണ്ണ് തുറപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചേരാനല്ലൂർ ഹൈവേ വികസനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ച് ഹൈബി ഈഡൻ എംപിയും ടി.ജെ.വിനോദ് എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിഎ സർക്കാരിന്റെ കാലഘട്ടത്തിൽ നടപ്പിലാക്കിയ ‘റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആക്ട്’ നിലവിൽ വന്നതു കൊണ്ട് മാത്രമാണ് സംസ്ഥാന സർക്കാരിനു ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിച്ചത്. ഭൂമി ഏറ്റെടുത്ത് നൽകുന്ന ഏതു സംസ്ഥാനത്തും കേന്ദ്രം ഹൈവേ വികസനം നടപ്പിലാക്കും. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിനു മുൻപ് ഹൈവേ നിർമാണം പൂർത്തിയാക്കി അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നതിനുള്ള വ്യഗ്രതയിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സർക്കാർ കാണാതെ പോകുകയാണ്. ഇതൊരു സഹന സമരം മാത്രമാണ്. കൂടുതൽ വലിയ സമരങ്ങളിലേക്കും നിർമാണം തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്കും ഞങ്ങളെ എത്തിക്കരുത്’’ – പ്രതിപക്ഷ നേതാവ് പറഞ്ഞു.