‘സഹോദര സ്നേഹമെന്നു പറഞ്ഞു, ബന്ധം തുടർന്നു; കോഴിഫാമിലെ മണമെന്ന് കരുതി, മൃതദേഹം അഴുകി’

Mail This Article
കാസർകോട് ∙ പൈവളിഗെയിൽ 15കാരിയെയും അയൽവാസിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്തെന്നു പൊലീസ്. തൂങ്ങിമരിച്ചതാണെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണത്തെപ്പറ്റി വ്യക്തത വരൂവെന്നും കുമ്പള സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.അനൂപ് കുമാർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
‘‘ഇരുവരും തമ്മിൽ ദീർഘനാളായി അടുപ്പമുണ്ട്. ഫോണിലൂടെയാണു ബന്ധം തുടർന്നത്. പരസ്പരം വിളിക്കുകയും ചിത്രങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. ഒരു വർഷം മുൻപ് ഇവരുടെ ബന്ധത്തെപ്പറ്റി ചൈൽഡ് ലൈനിൽ പരാതി വന്നു. അന്നു സഹോദരസ്നേഹം ആണെന്നു പറഞ്ഞാണു കേസ് ഒഴിവായത്. ഈ വാദത്തെ വീട്ടുകാരും പിന്തുണച്ചിരുന്നു. രണ്ടുപേരും ഒരേ നാട്ടുകാരാണ്. വീട്ടുകാർ തമ്മിലും അടുപ്പമുണ്ട്.
പെൺകുട്ടിയുടെ വീട്ടിൽ ഇയാൾക്ക് എപ്പോൾ വേണമെങ്കിലും വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പെൺകുട്ടിക്ക് അച്ഛനും അമ്മയും അനിയത്തിയുമാണ് ഉള്ളത്. പെൺകുട്ടിയുടെ കൂടെ മരിച്ചനിലയിൽ കണ്ടെത്തിയയാൾ അവിവാഹിതനാണ്. അന്നത്തെ പ്രശ്നത്തിനു ശേഷവും ഇയാളുടെ കാറിൽ പെൺകുട്ടി ക്ഷേത്രങ്ങളിലേക്കും മറ്റും പോയിരുന്നു. നേരത്തേ ഇയാൾക്ക് ഓട്ടോറിക്ഷയാണ് ഉണ്ടായിരുന്നത്. ഇപ്പോൾ കാറാണ്. ഡ്രൈവറായി ജോലിക്കു പോകാറുണ്ട്.’’– ഇ.അനൂപ് കുമാർ പറഞ്ഞു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
‘‘ഫെബ്രുവരി 12ന് രണ്ടുപേരെയും കാണാതായെന്ന പരാതി കിട്ടിയപ്പോൾ എഫ്ഐആർ റജിസ്റ്റർ ചെയ്തിരുന്നു. അന്നുതന്നെ പ്രദേശത്തു തിരഞ്ഞു. രണ്ടാളും ഫോൺ ഇവിടെ ഉപേക്ഷിച്ച് കർണാടകയിലും മറ്റുമുള്ള ബന്ധുക്കളുടെ അടുത്തു പോയിട്ടുണ്ടാകും എന്നാണു കുടുംബാംഗങ്ങൾ പറഞ്ഞത്. ഇതനുസരിച്ച് മടിക്കേരിയിലും കർണാടകയിലും അന്വേഷിച്ചു. ഡോഗ് സ്ക്വാഡും ഡ്രോണും ഉപയോഗിച്ചായിരുന്നു പരിശോധന. കാട്ടിലും പുഴയിലുമെല്ലാം പരിശോധിച്ചു. മൊബൈൽ ടവർ ലൊക്കേഷൻ കിട്ടിയ ഭാഗത്തും പരിശോധിച്ചതാണ്. വീടിനോടു 200 മീറ്റർ ദുരെയാണ് ഇവരെ ഇപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ കാട്ടിലേക്കോ മറ്റോ പോയിട്ടുണ്ടാകുമെന്നു കരുതിയാണ് അവിടങ്ങളിൽ പരിശോധിച്ചത്. ഈ ഭാഗത്തു കോഴിഫാം ഉണ്ട്. അവിടെനിന്നുള്ള ദുർഗന്ധം കാരണം മൃതദേഹം അഴുകിയതു തിരിച്ചറിയാനായില്ല. പരിസരത്തെ വീടുകളിൽ ചെന്ന് അസ്വാഭാവിക മണം വരുന്നോയെന്നു ചോദിച്ചിരുന്നു. അങ്ങനെ മണമില്ലെന്നു നാട്ടുകാർ പറഞ്ഞതോടെയാണു കാട്ടിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയും വിപുലമായ തിരച്ചിൽ നടത്തി. ഇവർ പരിസരത്തുണ്ടെന്നു പൊലീസ് സംശയം പറയുമ്പോൾ, ഇവിടെയില്ലെന്ന തരത്തിലാണു വീട്ടുകാരും നാട്ടുകാരും നിന്നത്. അതാണു മൃതദേഹങ്ങൾ കണ്ടെത്താൻ വൈകിയത്. ഒരു സാധനങ്ങളും പണവും കയ്യിലെടുക്കാതെയാണു ഇരുവരും പോയത്. ’’– പൊലീസ് വ്യക്തമാക്കി.
കർണാടകയിലേക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പായതോടെയാണ് വീട്ടുപരിസരം കേന്ദ്രീകരിച്ചുള്ള പരിശോധന പൊലീസ് കർശനമാക്കിയത്. ഈ പരിശോധനയിലാണു രണ്ടുപേരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കടുത്ത് രണ്ടു ഫോണുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.