‘യൂറോപ്പിന്റെ പ്രതിരോധത്തിന് പണം നൽകുന്നതിൽ അർഥമില്ല’; നാറ്റോ സഖ്യം യുഎസ് മതിയാക്കണമെന്ന് മസ്ക്

Mail This Article
വാഷിങ്ടൻ ∙ നാറ്റോ (നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യത്തിൽനിന്നു യുഎസ് പുറത്തുകടക്കണമെന്നു ഡോജ് മേധാവിയും വ്യവസായിയുമായ ഇലോൺ മസ്ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നൽകുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇപ്പോൾ തന്നെ നാറ്റോയിൽനിന്നു പുറത്തുകടക്കണം’ എന്ന് എക്സിൽ പ്രചരിച്ച പോസ്റ്റിനു മറുപടിയായി ‘നമ്മൾ തീർച്ചയായും അങ്ങനെ ചെയ്യണം’ എന്നാണ് അദ്ദേഹം കുറിച്ചത്. അമേരിക്ക ‘നാറ്റോയിൽനിന്നും യുഎന്നിൽനിന്നും പുറത്തിറങ്ങേണ്ട സമയമായി’ എന്ന് എഴുതിയ പോസ്റ്റിനും മസ്ക് മറുപടി നൽകിയിരുന്നു. ‘ഞാൻ സമ്മതിക്കുന്നു’ എന്നായിരുന്നു പ്രതികരണം.
32 അംഗ നാറ്റോ സഖ്യം ഏപ്രിലിൽ 76-ാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങവേയാണു മസ്കിന്റെ പരാമർശമെന്നതു ശ്രദ്ധേയമാണ്. നാറ്റോ സഖ്യകക്ഷികള്‍ പണം നൽകിയില്ലെങ്കിൽ അവരെ പ്രതിരോധിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു.