പിണറായിയുടെ വിശ്വസ്തൻ, അധികാരകേന്ദ്രം; എന്നിട്ടും സെക്രട്ടേറിയറ്റിൽ പി.ശശി ഇല്ലാത്തതെന്ത്?

Mail This Article
കൊല്ലം ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി എന്തുകൊണ്ടാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ അംഗമാകാതിരുന്നത്? സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കപ്പെടുമെന്നു കരുതിയവരിൽ പ്രധാനിയായ പി.ശശി ഒഴിവാക്കപ്പെട്ടതു സമീപകാല വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്നു പാർട്ടിവൃത്തങ്ങൾ പറയുന്നു. സർക്കാരിനെ വരെ പിടിച്ചുലച്ച വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ചേർത്തുപിടിച്ചിരുന്ന പി.ശശി നിലവിൽ 89 അംഗ സംസ്ഥാന സമിതിയുടെ ഭാഗമാണ്.
നിലമ്പൂർ മുൻ എംഎൽഎ പി.വി.അൻവറിന്റെ ആരോപണങ്ങളിലാണു പി.ശശി ഒടുവിൽ വിവാദത്തിൽപ്പെട്ടത്. മരംമുറി, അനധികൃത സ്വത്തുസമ്പാദനം, സ്വര്‍ണക്കടത്ത്, കൈക്കൂലി, തൃശൂർ പൂരം കലക്കല്‍ തുടങ്ങിയ ആരോപണങ്ങളാണ് അന്നത്തെ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ അൻവർ ഉന്നയിച്ചത്. അജിത് കുമാറിനു പിന്നിൽ പി.ശശി ആണെന്നായിരുന്നു അൻവറിന്റെ ആരോപണം. ഉത്തരവാദിത്തങ്ങളില്‍ വീഴ്ച വരുത്തിയെന്ന ആരോപണമായിരുന്നു ആദ്യഘട്ടത്തില്‍ ശശിക്കെതിരെ ഉണ്ടായത്. പിന്നീട് സ്വര്‍ണക്കടത്തുകാരില്‍നിന്നു പങ്കുപറ്റിയെന്നു സംശയമുണ്ടെന്ന ഗുരുതര ആരോപണവും ഉന്നയിച്ചു.
എന്നാൽ, ശശി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റി അംഗമായ പി.ശശിയെ തന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതു പാര്‍ട്ടിയാണെന്നും മാതൃകാപരമായ പ്രവര്‍ത്തനമാണു നടത്തുന്നത് എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. തെറ്റായ ഒരു കാര്യവും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ശശിക്കെതിരെ ആരു പറഞ്ഞാലും അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരായി അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടതു ശശിയാണെന്ന പരാമർശവും അൻവർ നടത്തി. വെളിപ്പെടുത്തലുകൾ വിവാദമായപ്പോൾ, അതെല്ലാം നിഷേധിച്ച പി.ശശി, അൻവറിനെതിരെ വക്കീൽ നോട്ടിസുകൾ അയച്ചാണു പ്രതിരോധം തീർത്തത്.
∙ വിവാദങ്ങളുടെ സഖാവ്!
കാൽനൂറ്റാണ്ടായി സിപിഎമ്മിനെ പ്രതിസന്ധികളിലും വിമർശനങ്ങളിലും കൊണ്ടെത്തിക്കുന്ന ഏക വ്യക്തി എന്ന ‘വിശേഷണം’ കൂടിയുണ്ട് പാർട്ടിക്കാർക്കിടയിൽ ശശിക്ക്. 1996 മേയ് 20നു മൂന്നാം തവണ ഇ.കെ.നായനാർ കേരള മുഖ്യമന്ത്രിയായി ചുമതല ഏൽക്കുമ്പോൾ ഭരണം മികച്ചതാക്കാൻ, യുവത്വമുള്ള ഒരാളെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാൻ തീരുമാനിച്ചു. ആ അന്വേഷണം പി.ശശിയിലാണ് അവസാനിച്ചത്. ശശി മെല്ലെ പാർട്ടിയെയും ഭരണത്തെയും കൈപ്പിടിയിലാക്കി. 1998 സെപ്റ്റംബർ 9നു സിപിഎം സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ അന്തരിച്ചു. മന്ത്രിയായിരുന്ന പിണറായി വിജയൻ ഒക്ടോബർ 19നു രാജിവച്ച് സംസ്ഥാന സെക്രട്ടറിയുടെ പദവിയിൽ എത്തി, പിന്നാലെ ശശിയുടെ ശക്തി ഇരട്ടിച്ചു.
2000 ഒക്ടോബർ 21ലെ കല്ലുവാതുക്കൽ മദ്യദുരന്തത്തിലാണു ശശിക്കു നേരെ ആദ്യമായി പരസ്യമായി ആരോപണം ഉയർന്നത്. കൈക്കൂലി വാങ്ങിയവരുടെ പേരുകൾ എഴുതിയ മണിച്ചന്റെ ഡയറിക്കൊപ്പം ശശിയുടെ ഇടപെടലുകളും പുറത്തുവന്നു. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ ലൈംഗികാരോപണം ഉയർത്തിയ ഐസ്ക്രീം കേസിലും ശശിയുടെ ഇടപെടൽ ചർച്ചയായി. കേസിൽനിന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചെടുക്കാൻ ശശി ആത്മാർഥമായി ഇറങ്ങിയെന്നു സിപിഎം കണ്ടെത്തി!
1996ൽ നടന്ന സൂര്യനെല്ലി പീഡനക്കേസിന്റെ പേരിലും ശശിക്കെതിരെ ആരോപണങ്ങൾ ഉയർന്നു. ഇവിടെയും ഒത്തുതീർപ്പു തന്നെയായിരുന്നു വിഷയം. കോൺഗ്രസ് നേതാവും എംപിയും ആയിരുന്ന പി.ജെ.കുര്യനെ സിപിഎമ്മിൽ എത്തിച്ചു പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിനെ പരിപോഷിപ്പിക്കാമെന്ന മോഹമായിരുന്നത്രേ പിന്നിൽ. 2005ൽ മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം പാർട്ടിക്കു മാത്രമല്ല ശശിക്കും നിർണായകമായിരുന്നു. സംസ്ഥാന കമ്മിറ്റിയിലേക്കു നടന്ന വോട്ടെടുപ്പിൽ ഏറ്റവും കുറവ് വോട്ട് (286) ലഭിച്ചതു ശശിക്കാണ്. പിണറായി പക്ഷക്കാരെ വെട്ടിനിരത്താൻ പട നയിച്ച വിഎസ് ശശിയെ ഉന്നമിട്ടിരുന്നു. അതിൽനിന്നു കഷ്ടിച്ചാണു ശശി രക്ഷപ്പെട്ടത്.
∙ സദാചാരത്തിൽ വീണു
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ ശശി വീണതു സദാചാരത്തിലായിരുന്നു. സദാചാര വിഷയത്തിൽ ഉണ്ടായ 2 പരാതികൾ വന്നപ്പോൾ ശശിയുടെ പ്രതിരോധം ഏശിയില്ല. എല്ലാ നേതാക്കളും സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഎസിന്റെ ഇടപെടലുകൾ തടസ്സമായി. അങ്ങനെ 2010 ഡിസംബർ 13നു സിപിഎം ജില്ലാ സെക്രട്ടറി സ്‌ഥാനത്തുനിന്നു നീക്കി. ചികിത്സയ്‌ക്കു വേണ്ടി ശശിക്ക് അവധി നൽകുന്നുവെന്നും പി.ജയരാജൻ എംഎൽഎയ്‌ക്ക് ചുമതല നൽകുന്നുവെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. ശശിക്കെതിരെ പരാതി കിട്ടിയിട്ടില്ലെന്നു വരെ നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചു. പിന്നീടാണ്, ശശിയെ പുറത്താക്കാനുള്ള തീരുമാനം പിണറായി പ്രഖ്യാപിച്ചത്. പാർട്ടി അംഗത്വംവരെ ഉപേക്ഷിച്ച ശശി അനുഭാവിയായി തുടർന്നു.
സജീവ രാഷ്ട്രീയത്തിന് അവധി നൽകിയ ശശി അഭിഭാഷകനായി രണ്ടാം ജീവിതം തിരഞ്ഞെടുത്തു. ആ മാറിനിൽക്കൽ പിണറായിക്കു ബോധ്യപ്പെട്ടില്ല. ഭരണസിരാകേന്ദ്രത്തിൽ ശശിയെ തിരികെ എത്തിക്കാൻ തീരുമാനിച്ചു. ലൈംഗിക പീഡനക്കേസിൽ 2016ൽ ശശിയെ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിൽ ബ്രാഞ്ച് കമ്മിറ്റിയിലും പിന്നീട് ഏരിയ കമ്മിറ്റിയിലും അംഗമായ ശശി 2019ൽ ജില്ലാ കമ്മിറ്റിയിലേക്ക് എത്തി. 2022 മാർച്ച് ഒന്നിന് സിപിഎം സംസ്ഥാന സമ്മേളനത്തിനു പതാക ഉയർന്നപ്പോൾ ശശി പ്രതിനിധി ആയിരുന്നില്ല. അവസാന ദിനം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ നിശ്ചയിച്ചപ്പോൾ സമ്മേളനത്തിൽ പങ്കെടുക്കാത്ത ശശിയെയും ഉൾപ്പെടുത്തി.
പിന്നാലെ ഏപ്രിൽ 19ന് ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അധികാരകേന്ദ്രമായും പിണറായിയുടെ വിശ്വസ്തനായും തുടരുകയാണെങ്കിലും തൽക്കാലം പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകേണ്ടെന്നാണു തീരുമാനം. ശശിയെ ഒഴിവാക്കിയതു കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണോ മറ്റെന്തെങ്കിലും ലക്ഷ്യമാണോ എന്നു സംശയിക്കുന്നവരുമുണ്ട്.