എതിർത്തവരെ തിരഞ്ഞുപിടിച്ച് ‘വെട്ടി’? സിപിഎമ്മിൽ അസാധാരണ പൊട്ടിത്തെറി; പിണറായിക്കും ഗോവിന്ദനും അതൃപ്തി

Mail This Article
തിരുവനന്തപുരം ∙ ടോളിലും സ്വകാര്യ സര്‍വകലാശാലയിലും മൂര്‍ത്തമായ സാഹചര്യങ്ങള്‍ക്കൊത്തു മാറുന്ന സിപിഎമ്മില്‍ സംസ്ഥാന സമ്മേളനത്തിനു പിന്നാലെ ഉയരുന്നതും അസാധാരണമായ പ്രതിഷേധങ്ങള്‍. സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഇടംപിടിക്കാത്തവര്‍ മുന്‍പൊന്നും ഇല്ലാത്ത തരത്തില്‍ ശക്തമായ പ്രതിഷേധസ്വരമാണ് ഉയര്‍ത്തിയത്.
എതെങ്കിലും സമയത്ത് എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തുകയോ സ്വന്തം താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയോ ചെയ്തവരെ തിരഞ്ഞുപിടിച്ച് വെട്ടിനിരത്തുകയാണ് ചെയ്തിരിക്കുന്നതെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ഉയരുന്നത്. പാര്‍ട്ടിയിലെ വിഭാഗീയത അവസാനിച്ചുവെന്ന് മേനി പറയുമ്പോഴും ഒരു വിഭാഗത്തിന്റെ മാത്രം കൈകളിലേക്കു പാര്‍ട്ടിയെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നും ആക്ഷേപമുണ്ട്. പാര്‍ട്ടിയുടെ പുതിയ സംസ്ഥാനസമിതി അംഗങ്ങള്‍ വെള്ളിയാഴ്ച യോഗം ചേര്‍ന്ന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യും.
മന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിന് എതിരെ മുതിര്‍ന്ന നേതാവ് എ. പത്മകുമാർ ശക്തമായി പ്രതിഷേധിച്ചത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. വിവാദങ്ങളില്ലാതെ സമ്മേളനം അവസാനിപ്പിക്കാന്‍ കഴിഞ്ഞുവെന്ന് നേതൃത്വം അഭിമാനിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പത്മകുമാർ രംഗത്തെത്തിയത്. ഒൻപതു വര്‍ഷം മാത്രം പാര്‍ലമെന്ററി പരിചയമുള്ള വീണാ ജോര്‍ജിനെ ഉള്‍പ്പെടുത്തുകയും അരനൂറ്റാണ്ടോളം പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്ന തന്നെ ഒഴിവാക്കുകയും ചെയ്തതോടെയാണ് പത്മകുമാർ സമൂഹമാധ്യമത്തിലൂടെ പരസ്യ പ്രതികരണം നടത്തിയത്.
പോസ്റ്റ് പിന്‍വലിച്ചെങ്കിലും പത്മകുമാർ നിലപാടില്‍ ഉറച്ചുനിന്നതോടെ ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം വീട്ടില്‍ നേരിട്ടെത്തി അനുനയശ്രമം നടത്തി. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പത്മകുമാറിന്റെ നീക്കത്തില്‍ കടുത്ത അതൃപ്തിയാണുള്ളത്. മറ്റന്നാള്‍ ചേരുന്ന ജില്ലാ കമ്മിറ്റിയില്‍ പത്മകുമാറിനെതിരെ നടപടി ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ നടപടി വിരമിക്കലായി കരുതുമെന്നാണ് പത്മകുമാറിന്റെ പ്രതികരണം. പത്മകുമാറിന്റെ പ്രതികരണം പാര്‍ട്ടിക്കു പ്രശ്‌നമല്ലെന്നാണ് എം.വി.ഗോവിന്ദന്‍ പറഞ്ഞത്.
അതിനിടെ, പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നു തഴഞ്ഞതിനെതിരെ മകന്‍ ജയിന്‍രാജ് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നോ’ എന്ന എം.സ്വരാജിന്റെ മുന്‍കാല പോസ്റ്റ് പങ്കുവച്ചാണ് ജയിന്‍രാജ് പ്രതിഷേധിച്ചത്. തന്റെ എതിര്‍പ്പ് സംസ്ഥാന സമിതിയില്‍ ജയരാജന്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.
കണ്ണൂരില്‍നിന്ന് സംസ്ഥാന സമിതിയില്‍ എത്തുമെന്നു കരുതിയ എന്‍.സുകന്യ സമൂഹമാധ്യമത്തില്‍ നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ചത് ചെഗുവേരയുടെ വരികള്‍ ഉദ്ധരിച്ചാണ്. എന്നാല്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയപ്പോള്‍ എഴുതിയിട്ട വരികള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നാണ് സുകന്യ പിന്നീട് പറഞ്ഞത്. മുതിര്‍ന്ന നേതാവായ കടകംപള്ളി സുരേന്ദ്രനെയും മന്ത്രി എം.ബി.രാജേഷിനെയും സെക്രട്ടേറിയറ്റിലേക്കു പരിഗണിക്കാതിരുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ട്. മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഒഴിവാക്കലില്‍ പ്രതിഷേധമുണ്ട്.
അതേസമയം, എല്ലാവരെയും സമിതികളില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന ന്യായീകരണമാണ് എ.കെ.ബാലന്‍ നടത്തിയത്. ജില്ലാ സെക്രട്ടേറിയറ്റിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്കായി ജില്ലകളില്‍ ചേരുന്ന യോഗങ്ങളില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. വലിയ പൊട്ടിത്തെറികളിലേക്കു പോകാതെ അനുനയനീക്കങ്ങള്‍ ശക്തമാക്കി പ്രശ്‌നപരിഹാരത്തിനാണ് നേതൃത്വം ശ്രമിക്കുന്നത്.