സിറിയ വീണ്ടും അശാന്തിയിലേക്കു നീങ്ങുന്നോ?: കൂട്ടക്കൊല ചെയ്യപ്പെടുന്ന അലവികൾ ആരാണ്, എന്തുകൊണ്ട് അവരെ ലക്ഷ്യമിടുന്നു?

Mail This Article
ഡമാസ്കസ്∙ ഒരിടവേളയ്ക്കുശേഷം ആഭ്യന്തര യുദ്ധത്തിന്റെ അശാന്തിയിലേക്കു കടന്നിരിക്കുകയാണ് സിറിയ. ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതോടെ സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഇല്ലാതാകുന്നത്. അസദ് അനുകൂലികളായ അലവി വിഭാഗക്കാരെയാണ് ഹയാത്ത് തഹ്‌രീർ അൽ ശാം (എച്ച്ടിഎസ്) ഭരണകൂടം കൂട്ടക്കൊല ചെയ്യുന്നത്. ആരാണ് അലവികൾ? എന്തിനാണ് സിറിയൻ ഭരണകൂടം ഇവരെ ലക്ഷ്യം വയ്ക്കുന്നത്? മറ്റൊരു സുന്നി–ഷിയ പോരാട്ടമായി സിറിയയിലെ ആഭ്യന്തര യുദ്ധം മാറിയിരിക്കുകയാണോ? വിശദമായി പരിശോധിക്കാം മനോരമ ഓൺലൈൻ എക്സ്പ്ലെയ്നറിലൂടെ.
ആരാണ് അലവികൾ?
സിറിയയിലെ ഷിയ വിഭാഗത്തിന്റെ ഉപവിഭാഗമാണ് അലവി (അലവൈറ്റ്) വിഭാഗക്കാർ. അസദ് കുടുംബം അലവി വിഭാഗക്കാരാണ്. സുന്നി ഭൂരിപക്ഷ ജനസംഖ്യയുള്ള സിറിയയിൽ അസദിന്റെ നട്ടെല്ലായിരുന്നു ഒരു കാലത്ത് അലവികൾ. അസദിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിനു പിന്നാലെയാണ് എച്ച്ടിഎസ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി അലവികൾ മാറിയത്. ഇതോടെ സുരക്ഷാസേനയും അസദ് വിശ്വസ്തരായ അലവികളും തമ്മിൽ പോരാട്ടം ആരംഭിച്ചു. പോരാട്ടം ഒടുവിൽ അലവികളെ കൂട്ടക്കൊല ചെയ്യുന്നതിലേക്കു വഴിമാറുകയായിരുന്നു. അസദിന്റെ ജന്മനഗരമായ ഖ്വർദയും സമീപത്തെ അലവി ഗ്രാമങ്ങളും ഇപ്പോഴും സിറിയൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല.

സിറിയയുടെ പടിഞ്ഞാറൻ തീരമേഖലയായ ലതാകിയ, ടാർട്ടസ് പോലുള്ള നഗരങ്ങളിലാണ് അലവി വിഭാഗക്കാർ കൂടുതലായി താമസിക്കുന്നത്. ഇവിടെ നൂറുകണക്കിനു സാധാരണക്കാരായ അലവികൾ കൂട്ടക്കൊല ചെയ്യപ്പെട്ടതായാണു മനുഷ്യാവകാശ സംഘടനകളുടെ നിഗമനം. അസദിന്റെ ഭരണത്തിൻ കീഴിൽ അലവി വിഭാഗക്കാർക്കു മുൻഗണന ലഭിച്ചിരുന്നു. എന്നാൽ അസദ് വിമതരായ എച്ച്ടിഎസ് അധികാരം പിടിച്ചതോടെ അലവികൾ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി മാറിയിരിക്കുകയാണ്. അസദിന്റെ ഭരണക്കാലത്ത് റഷ്യ, ഇറാൻ എന്നിവരുമായി മികച്ച ബന്ധം അലവികൾക്കുണ്ടായിരുന്നു. എന്നാൽ എച്ച്ടിഎസ് അധികാരം പിടിച്ചതോടെ ഈ ബന്ധത്തിൽ വിള്ളൽ വന്നു. ഇതോടെ അലവികളെ ലക്ഷ്യമിട്ട് ഒട്ടേറെ ഭീകര സംഘടനകളും രംഗത്തെത്തി.
അശാന്തമാകുന്ന സിറിയ
യുകെ ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട് പ്രകാരം മൂന്നു ദിവസത്തെ ഏറ്റുമുട്ടലിനിടെ സാധാരണക്കാരായ അലവികള്‍ ഉൾപ്പെടെ സിറിയിയിൽ ഇതിനോടകം ആയിരത്തിലധികം പേരാണു കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 125 പേർ സിറിയൻ സുരക്ഷാ സേനാംഗങ്ങളാണ്. 2013ൽ അസദ് സൈന്യം നടത്തിയ രാസായുധ ആക്രമണത്തിൽ ഡമാസ്കസിലും പ്രാന്തപ്രദേശങ്ങളിലുമായി ഏകദേശം 1,400 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണനിരക്കാണ് ഇപ്പോഴത്തെ ആഭ്യന്തര യുദ്ധം വഴിവച്ചിരിക്കുന്നതെന്നും സിറിയൻ ഒബ്സർവേറ്ററി മേധാവി റാമി അബ്ദുൽറഹ്മാൻ പറയുന്നു.
ഇപ്പോഴത്തെ അക്രമത്തിനു പിന്നിൽ
അസദിനെ പുറത്താക്കിയതിനു പിന്നാലെ അധികാരത്തിലെത്തിയെ എച്ച്ടിഎസ് സർക്കാരിന് നേതൃത്വം നൽകുന്നത് സുന്നി വിഭാഗമാണ്. അഹമ്മദ് അൽ-ഷറയാണ് ഇടക്കാല പ്രസിഡന്റ്. അസദ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനു പിന്നാലെ അലവികൾക്കെതിരെ അക്രമം വർധിച്ചിരുന്നു. എല്ലാ സമുദായങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം സിറിയയിൽ കെട്ടിപ്പടുക്കുമെന്നായിരുന്നു ഇടക്കാല പ്രസിഡന്റിന്റെ ഉറപ്പെങ്കിലും അലവികൾക്കെതിരെ ആക്രമണങ്ങൾ തുടരുകയായിരുന്നു.

അതേസമയം, അലവികളെ കൂട്ടക്കൊല ചെയ്യുന്നതിനു തൂർക്കിയുടെ പിന്തുണയുള്ള സായുധ സംഘങ്ങളും രംഗത്തെത്തിയിട്ടുണ്ടെന്നാണ് സിറിയൻ കുർദിഷ് വിഭാഗം ആരോപിക്കുന്നത്. തുർക്കിയുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന വിഭാഗമാണ് സിറിയൻ കുർദിഷ് സായുധ സംഘം. ഈ ആരോപണങ്ങളോട് തുർക്കി ഇതുവരെ പ്രതികരിച്ചിട്ടില്ല. അലവി ഭൂരിപക്ഷ ഗ്രാമത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതാണു പെട്ടെന്നുള്ള സംഘർഷത്തിലേക്കും ഇപ്പോൾ നടക്കുന്ന കൂട്ടക്കൊലയിലേക്കും വഴിവച്ചതെന്നും സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.
സമാധാനം അകലെ
ഇരുവിഭാഗവും നടത്തിയ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര സമിതി രൂപീകരിക്കുമെന്നാണ് സിറിയൻ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ-ഷറയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്. അതിനിടെ, അസദിന്റെ ജന്മനാടായ ഖർദാഹയുെട നിയന്ത്രണം അലവി സായുധസംഘം പിടിച്ചെടുത്തതും സുരക്ഷാസേനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. സുരക്ഷാസേന പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചുവെന്നും കലാപകാരികളെ തുരത്തുമെന്നുമാണു പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ ഹസൻ അബ്ദുൽ-ഘാനി കഴിഞ്ഞ ദിവസം പറഞ്ഞത്. വിമതരോട് ആയുധങ്ങൾ വച്ചു കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, സുരക്ഷാ സേനയും – അലവികളും തമ്മിൽ സംഘർഷം തുടരുന്ന മേഖലകളിലേക്കു കൂടുതൽ സൈന്യത്തെ അയച്ചതായി സൈനികവൃത്തങ്ങൾ പറയുന്നത്. കൂട്ടക്കൊല നടക്കുന്ന ലറ്റാകിയ നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
റോഡരികിൽ വെടിയേറ്റ ആളുകളുടെ മൃതദേഹങ്ങൾ നിരത്തിക്കിടത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. ഇതു കൊല്ലപ്പെട്ട അലവി വിഭാഗത്തിൽപെട്ടവരുടേത് ആണെന്നാണു മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. സിറിയയിലെ സംഘർഷം ഐക്യം പുനഃസ്ഥാപിക്കാനുള്ള നടപടികൾക്കു തിരിച്ചടിയാണെന്നാണ് തുർക്കിയുടെ അഭിപ്രായം. ഇതോടെ സിറിയയിൽ സമാധാനം തിരികെയെത്താൻ ഇനിയും സമയമെടുക്കുമെന്നാണു ലോകത്തിന്റെ ആശങ്ക.