ADVERTISEMENT

ത്രിഭാഷ നയത്തെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതും സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെ പത്മകുമാർ നടത്തിയ പ്രതികരണവുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ. അതിനിടെ, മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്‍കാന്‍ ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ വ്യക്തമാക്കി. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ. 

പാർട്ടിക്കെതിരായ പ്രതിഷേധം ആവർത്തിച്ച് സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാർ. പാർട്ടിയുടെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവർത്തകനായി തുടരുമെന്നും പത്മകുമാർ അറിയിച്ചു. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.

ത്രിഭാഷ നയത്തെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ ബഹളം. സഭ സമ്മേളിച്ച് ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ ഭാഷാ നയത്തിനെതിരായ പ്രതിഷേധം ഉയർന്നു. ലോക്സഭയിൽ പ്രതിപക്ഷ ബഹളത്തിൽ സഭാനടപടികൾ തടസ്സപ്പെട്ടു. തുടർന്ന് 12 മണിവരെ നിർത്തിവച്ച ലോക്സഭ വീണ്ടും പുനഃരാരംഭിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കലിൽ ഡിഎംകെയാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. എന്നാൽ ഡിഎംകെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. സ്റ്റാലിന്റെ നേതൃത്വത്തില്‍ പാർട്ടി രാഷ്ട്രീയ അവസരവാദം കാട്ടുകയാണെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.

ചൈനയുടെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമമായ ടിക് ടോക്കിന്റെ വിൽപ്പനയ്ക്കു നടപടികൾ പുരോഗമിക്കുകയാണെന്നു യുഎസ് . 4 ഗ്രൂപ്പുകളുമായി ചർച്ച ചെയ്യുന്നുണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഡേറ്റ സുരക്ഷിതമല്ലെന്ന ആശങ്കകളുടെ പേരിൽ നടപടി നേരിടുന്ന സ്ഥാപനമാണു ടിക്ടോക്. അമേരിക്കൻ കമ്പനിക്ക് ഉടമസ്ഥാവകാശം കൈമാറാനാണു നീക്കം.

പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലയ്ക്കു വെള്ളം നല്‍കാന്‍ ജല അതോറിറ്റി അനുമതി കൊടുത്തിട്ടില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍. ഇതുസംബന്ധിച്ച് മുന്‍പ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നതിനു കടകവിരുദ്ധമാണു മന്ത്രിയുടെ മറുപടി. മദ്യനിര്‍മാണശാല ആരംഭിക്കാന്‍ ഒയാസിസ് കമ്പനിക്കു പ്രാരംഭ അനുമതി നല്‍കിക്കൊണ്ട് അഡി. ചീഫ് സെക്രട്ടറി ‍ഡോ.എ.ജയതിലക് ജനുവരി 16ന് പുറത്തിറക്കിയ ഉത്തരവില്‍ പദ്ധതിക്ക് ആവശ്യമായ വെള്ളം നല്‍കാന്‍ കേരള ജല അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാക്കിയിരുന്നത്.

ഓട്ടോറിക്ഷകളിൽ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ യാത്ര സൗജന്യമാക്കുവാനുള്ള നീക്കം ഉപേക്ഷിച്ച് സർക്കാർ. ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവാണ് പിൻവലിക്കുന്നത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ ഓട്ടോത്തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. തൊഴിലാളി യൂണിയന്‍ ഇതുമായി ബന്ധപ്പെട്ട് നടത്താനിരുന്ന പണിമുടക്കു പിന്‍വലിക്കും.

English Summary:

Major New: Today's Recap 10-03-2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com