ADVERTISEMENT

ന്യൂഡൽഹി ∙ ഒരു മാസത്തോളമായി തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാർക്കു കുടിശികയൊന്നും നൽകാനില്ലെന്നു കേന്ദ്രം. കേരളത്തിനുള്ള എല്ലാ കുടിശികയും നൽകിയെന്നും കേന്ദ്രവിഹിതത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ വ്യക്തമാക്കി. സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിനാണു രാജ്യസഭയിൽ നഡ്ഡ മറുപടി നൽകിയത്.

‘‘ആശാ പ്രവർത്തകരുടെ ജോലിയെ അഭിനന്ദിക്കുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളിൽ അവർക്കു പങ്കുണ്ട്. ഒരാഴ്ച മുൻപ് ആശാ വർക്കർമാരുടെ പ്രവർത്തനത്തെപ്പറ്റി ചർച്ച നടന്നിരുന്നു. കേരളത്തിന് കേന്ദ്രം എല്ലാ കുടിശികയും നൽകിയിട്ടുണ്ട്. എന്നാൽ പണം ചെലവിട്ടതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് തിരികെ കേരള സർക്കാർ നൽകിയിട്ടില്ല’’– നഡ്ഡ പറഞ്ഞു. നഡ്ഡ സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അവകാശലംഘന നോട്ടിസ് നൽകുമെന്നും സന്തോഷ് കുമാർ എംപി പ്രതികരിച്ചു. 600 കോടിയിലധികം രൂപ കേന്ദ്രം കേരളത്തിനു നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആശാ വർക്കർമാരുടെ ദുരവസ്ഥയും സമരവും കോൺഗ്രസ് എംപിമാർ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. സഭയ്ക്കു പുറത്തു പ്രതിഷേധിക്കുകയും ചെയ്തു. ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നേരത്തേ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരാണു പ്രശ്‌നപരിഹാരം കാണേണ്ടതെന്നായിരുന്നു അന്നു നഡ്ഡയുടെ പ്രതികരണം. ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്ന സംസ്ഥാനം കേരളമാണെന്നാണു മന്ത്രി വീണാ ജോര്‍ജും സിപിഎമ്മും അവകാശപ്പെടുന്നത്. 13000 രൂപ വരെ കിട്ടുന്നുണ്ടെന്നും ഇതില്‍ 9400 രൂപയും നല്‍കുന്നതു സംസ്ഥാന സര്‍ക്കാരാണെന്നും വീണ ചൂണ്ടിക്കാട്ടി.

ആരോഗ്യ മേഖലയിൽ 24 മണിക്കൂറും 7 ദിവസവും ജോലി ചെയ്യുന്നവരാണ് ആശാ പ്രവർത്തകരെന്നു കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. ‘‘കേരളത്തിലെ ആരോഗ്യരംഗത്തെ പ്രധാനപ്പെട്ടവരാണു ആശാ വർക്കർമാർ. പ്രതിദിനം 233 രൂപയാണു ലഭിക്കുന്നത്. അതുപോലും സ്ഥിരമായി കിട്ടുന്നില്ല. വിരമിക്കൽ ആനുകൂല്യങ്ങളില്ല. 30 ദിവസത്തോളമായി സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുകയാണ്. അതാണു വിഷയം ഞങ്ങൾ പാർലമെന്റിൽ ഉന്നയിച്ചത്’’– വേണുഗോപാൽ പറഞ്ഞു.

English Summary:

ASHA Workers Strike: No Arrears Owed to Kerala ASHA Workers, Says Union Health Minister J.P. Nadda

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com