ഗാന്ധിജിയുടെ ഇഷ്ട ഭൂമി; പാക്കിസ്ഥാന്റെ ‘കറവപ്പശു’, നഷ്ടമായത് പതിനായിരങ്ങളെ; സ്വതന്ത്ര ബലൂചിസ്ഥാനായി പോരാട്ടം

Mail This Article
ഇസ്‌ലാമാബാദ് ∙ ക്വറ്റ – പെഷാവർ ജാഫർ എക്സ്പ്രസ് തട്ടിയെടുത്ത് 182 പേരെ ബന്ദികളാക്കി പാക്കിസ്ഥാനെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ബലൂച് ലിബറേഷൻ ആർമി. പാക്കിസ്ഥാനിൽനിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്. ഈ പോരാട്ടത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
പാക്കിസ്ഥാന്റെയും ഇറാന്റെയും അതിർത്തിയിലാണ് ബലൂചിസ്ഥാൻ പ്രവിശ്യ. ഇരു രാജ്യങ്ങളിലുമായി ഒരു കോടിയോളം ബലൂചികൾ ജീവിക്കുന്നു. പാക്കിസ്ഥാനിലെ ബലൂചി അധിവാസപ്രദേശമാണ് ബലൂചിസ്ഥാൻ. ഇറാനിൽ ബലൂചികൾ പാർക്കുന്ന പ്രവിശ്യയാണ് സിസ്റ്റാൻ ബലൂചിസ്ഥാൻ. വിസ്‌തൃതിയിൽ പാക്കിസ്‌ഥാന്റെ മൂന്നിൽ രണ്ടുണ്ട് പ്രകൃതിവാതക നിക്ഷേപവും ഇരുമ്പ്, സൾഫർ, ക്രോമൈറ്റ്, കൽക്കരി, മാർബിൾ തുടങ്ങിയ ധാതുക്കളും കൊണ്ടു സമ്പന്നമായ ബലൂചിസ്‌ഥാൻ. പക്ഷേ, ജനസംഖ്യയുടെ അഞ്ചിലൊന്നേയുള്ളൂ അവിടെ. ഔദ്യോഗികമായി 1948 ൽ പാക്കിസ്‌ഥാന്റെ ഭാഗമായെങ്കിലും ബലൂചിസ്‌ഥാനു പ്രവിശ്യാപദവി കിട്ടുന്നത് 1970-ൽ മാത്രമാണ്. ഇതു ബലൂചികളോടുള്ള ഇസ്‌ലാമാബാദിന്റെ ചിറ്റമ്മ നയത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു.
ഒരർഥത്തിൽ എന്നും പാക്കിസ്‌ഥാന്റെ കറവപ്പശുവായിരുന്നു ബലൂചിസ്‌ഥാൻ. ബലൂചിസ്‌ഥാന്റെ പ്രകൃതിസമ്പത്താണു പാക്ക് സമ്പദ് വ്യവസ്‌ഥയെ നിലനിർത്തുന്നതെന്നു പറഞ്ഞാലും തെറ്റില്ല. ബലൂചിസ്‌ഥാനിൽനിന്നു കടത്തിക്കൊണ്ടുപോകുന്ന പ്രകൃതിവാതകത്തിന് ഒരിക്കലും ന്യായമായ റോയൽറ്റി നൽകാൻ പാക്ക് സർക്കാർ തയാറായിട്ടില്ല. ബലൂചികൾ ഇന്നും പാക്കിസ്‌ഥാനിലെ ഏറ്റവും ദരിദ്രരും അവഗണിക്കപ്പെട്ടവരുമായി കഴിയുന്നതിന്റെ മൂലകാരണം അവിടെയാണ്. ബലൂചിസ്‌ഥാനിലെ ഗ്വദറിൽ പാക്കിസ്ഥാൻ തുറമുഖം നിർമിച്ചപ്പോൾ അതുകൊണ്ടുകൊണ്ടുള്ള നേട്ടം ബലൂചികൾക്കു കിട്ടിയില്ലെന്നത് അവരുടെ അമർഷത്തിനു കാരണമായിരുന്നു. ഇതെല്ലാം പുതിയ സ്വാതന്ത്യ്ര പ്രക്ഷോഭത്തിന് ഊർജം പകരുന്നു.
ഗാന്ധിജിയുടെ പ്രിയ ഭൂമി; ജിന്നയുടെ ഉരുക്കുമുഷ്ടിയിൽ പാക്കിസ്ഥാനിൽ
ഗാന്ധിജിക്കു പ്രിയപ്പെട്ട മണ്ണായിരുന്നു അവിഭക്‌ത ഇന്ത്യയിലെ ബലൂചിസ്‌ഥാൻ. ബ്രിട്ടിഷുകാർക്കെതിരായ പോരാട്ടത്തിൽ എന്നും ഗാന്ധിജിക്കും കോൺഗ്രസിനുമൊപ്പമായിരുന്നു ബലൂചികൾ. മാരി, ബഗ്‌തി, മെംഗൽ ഗോത്രങ്ങളുടെ പിതൃഭൂമിയായ ബലൂചിസ്‌ഥാനിൽ ഗാന്ധിജിക്ക് ഒരംബാസഡറുമുണ്ടായിരുന്നു; ബാദ്‌ഷാ ഖാൻ എന്ന ‘അതിർത്തി ഗാന്ധി’ ഖാൻ അബ്‌ദുൽ ഗഫാർ ഖാൻ. അയൽ പ്രവിശ്യയായ വടക്കു-പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽനിന്നുള്ള പഠാൻ വംശജനാണെങ്കിലും ബലൂചികൾ ദേശീയ നേതാവായി കണ്ടിരുന്നതു ബാദ്‌ഷാ ഖാനെയാണ്.
വിഭജനകാലത്ത് ഇന്ത്യയിൽ ചേരാൻ ഒരു വിഭാഗം ബലൂചികൾ തയാറായിരുന്നു. സ്വതന്ത്ര ബലൂചിസ്‌ഥാനായിരുന്നു പക്ഷേ അന്നു പൊതുവികാരം. മുഹമ്മദലി ജിന്നയുടെ പിടിവാശിയിൽ ആ മോഹം തകർന്നു. ബലൂചിസ്ഥാനെ പാക്കിസ്ഥാന്റെ ഭാഗമാക്കാനായിരുന്നു ബ്രിട്ടിഷുകാർക്കും താൽപര്യം. മേഖലയിലെ മറ്റു നാട്ടുരാജ്യങ്ങൾ പാക്കിസ്ഥാനിൽ ചേരാൻ താൽപര്യം കാട്ടിയതോടെ ബലൂചിസ്ഥാൻ ഒറ്റപ്പെട്ടു. പാക്ക് സൈന്യം ബലൂചിസ്ഥാനിലേക്കു നീങ്ങി. ബലൂചികൾ ചെറുത്തെങ്കിലും ഏറ്റുമുട്ടലിൽ കീഴടങ്ങേണ്ടിവന്നു. 1948 ൽ ബലൂചിസ്ഥാൻ പാക്കിസ്ഥാന്റെ ഭാഗമായി. മനസില്ലാമനസ്സോടെയാണു ബലൂചികളിൽ വലിയ പങ്കും പാക്ക് പൗരൻമാരായത്. അന്നു തുടങ്ങിയതാണ് സ്വാതന്ത്ര്യത്തിനായുള്ള അവരുടെ ശ്രമങ്ങൾ. പാക്കിസ്ഥാനിൽ ചേരാനുള്ള ഉടമ്പടി ഒപ്പിട്ടതിനു തൊട്ടുപിന്നാലെ പ്രതിഷേധം ആരംഭിച്ചു. 1958-59, 1962-63, 1973-1977 വര്‍ഷങ്ങളിൽ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഇത് ഇപ്പോഴും തുടരുന്നുണ്ട്.
ബലൂചികളുടെ സ്വാതന്ത്ര്യ പോരാട്ടങ്ങളെ പാക്കിസ്ഥാൻ ശക്തമായാണ് നേരിട്ടത്. പോരാട്ടത്തിന്റെ മുൻനിരക്കാരെയും അനുഭാവികളെയുമൊക്കെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനായിരങ്ങളാണെന്നാണ് കണക്ക്.