അണ്ണാമലെയെ പോലെ വിജയ്‌യെ വളർത്തേണ്ടെന്ന് സ്റ്റാലിൻ; ‘രസികറി’ലും ആശങ്ക: ഇനി വിജയ്ക്ക് മുന്നിൽ 2 വഴികൾ?

Mail This Article
ചെന്നൈ∙ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് വനിതാ ദിനത്തിൽ, മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ വിമർശിച്ചു രംഗത്തെത്തിയിരുന്നു. സ്ത്രീകൾക്കു സുരക്ഷ ഒരുക്കാൻ സ്റ്റാലിൻ സർക്കാരിനു സാധിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം. തമിഴ്നാട്ടിൽ മാറ്റം സംഭവിക്കുമെന്നു വിജയ് തുറന്നടിക്കുകയും ചെയ്തു. ഒക്ടോബറിൽ നടന്ന പാർട്ടി പൊതുസമ്മേളനത്തിലും സ്റ്റാലിനെയും കുടുംബത്തിനെയും എതിർത്ത് വിജയ് സംസാരിച്ചിരുന്നു. തമിഴ്നാടിനെ വരിഞ്ഞുമുറുക്കിയ കുടുംബാധിപത്യ ഭരണത്തെ താഴെയിറക്കുമെന്നായിരുന്നു വിജയ് അന്നു ലക്ഷക്കണക്കിനു വരുന്ന പ്രവർത്തകരെ സാക്ഷിനിർത്തി പ്രഖ്യാപിച്ചത്.
എന്നാൽ തുടർച്ചയായ ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മൗനം തുടരുകയാണ്. വിജയ്‌യെ എതിർത്ത് ഒരു വാക്കുപോലും ഡിഎംകെ കേന്ദ്രങ്ങളിൽനിന്നു വരുന്നുമില്ല. സ്റ്റാലിന്റെ മൗനം എന്താണ് അർഥമാക്കുന്നത്? വിജയ്‌യുടെ ആരോപണങ്ങൾ വർധിക്കുമ്പോഴും അതിൽ ശ്രദ്ധിക്കാതെ മുന്നോട്ടുപോകുന്ന ഡിഎംകെ തന്ത്രം എന്താണ്?
പാഠം – 1: അണ്ണാമലെ
ബിജെപി സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെ ഡിഎംകെയ്ക്കെതിരെ നിരവധി ആരോപണങ്ങളാണ് അണ്ണാമലെ ഉന്നയിച്ചത്. ഡിഎംകെ ഫയൽസ് എന്ന പേരിൽ രണ്ടു ഭാഗങ്ങളായി അണ്ണാമലെ പുറത്തുവിട്ട ആരോപണങ്ങൾ, സ്റ്റാലിൻ കുടുംബത്തിനെതിരായ വിമർശനങ്ങൾ – അങ്ങനെ നിരവധി വിഷയങ്ങൾ. അണ്ണാമലെയുടെ ഓരോ വിമർശനങ്ങൾക്കും ഡിഎംകെ നേതൃത്വം മറുപടി നൽകിയിരുന്നു. അതെല്ലാം വലിയ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു.

പക്ഷേ, ഇത് അണ്ണാമലെയെ വളർത്തുന്നതിൽ നിർണായകമായെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. ആരോപണങ്ങളെ തള്ളിക്കളയുന്നതിനു പകരം, മറുപടി നൽകുന്നതു പ്രതിരോധിയെ വളർത്താൻ മാത്രമെ ഉപകരിക്കൂ എന്ന് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞു തുടങ്ങി. ഇതോടെയാണ് വിജയ്‌യുടെ വിമർശനങ്ങളെ കണ്ടില്ലെന്നു നടിക്കാൻ സ്റ്റാലിൻ തീരുമാനിച്ചത്.
പാഠം – 2: വിജയ് രസികർ
ടിവികെ എന്ന പാർട്ടിക്കു പുറത്ത് വിജയ്ക്കു ലക്ഷണക്കണക്കിനു വരുന്ന ആരാധകർ തമിഴ്നാട്ടിലുണ്ട്. പാർട്ടി അംഗത്വമില്ലെങ്കിലും വിജയ് രസികർ എന്ന പേരിൽ അഭിമാനം കൊള്ളുന്നവർ. അവരിൽ ഡിഎംകെ, അണ്ണാഡിഎംകെ, ബിജെപി തുടങ്ങി നിരവധി പാർട്ടികളിൽ പ്രവർത്തിക്കുന്നവർ ഉണ്ട്. വിജയ്‌ക്കെതിരായ ഓരോ നീക്കവും ഈ ആരാധകരെ വിജയ് പക്ഷത്തെത്തിക്കുമെന്നും ഡിഎംകെ ഭയപ്പെടുന്നു. പാർട്ടിക്കും രാഷ്ട്രീയത്തിനും അതീതരായ ഇത്തരം നിഷ്പക്ഷ വോട്ടർമാരെ പിണക്കാതിരിക്കുന്നതും 2026 നിയമസഭ തിരഞ്ഞെടുപ്പ് എന്ന കടമ്പ കടക്കാൻ സ്റ്റാലിനു നിർണായകമാണ്.

പാഠം – 3: സഖ്യകക്ഷികൾ
വിജയ്‌ക്കെതിരെ വിമർശനമുന്നയിക്കുന്നതിലൂടെ മറ്റൊരു തിരിച്ചടിയും ഡിഎംകെ പ്രതീക്ഷിക്കുന്നുണ്ട്. അത്തരത്തിലുള്ള കരുനീക്കങ്ങൾ സ്വന്തം മുന്നണിയിലെയും മറ്റു മുന്നണികളിലെയും ചെറുകക്ഷികളെ വിജയ്‌ക്കൊപ്പം എത്തിക്കുമോയെന്നാണ് ഡിഎംകെ നേതൃത്വം ഭയപ്പെടുന്നത്. നിലവിൽ അത്തരമൊരു നീക്കം നടത്തിയാൽ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയെ ആയിരിക്കും ഏറ്റവും കുടൂതൽ ബാധിക്കുക.
ഡിഎംകെയ്ക്കൊപ്പമുള്ള തിരുമാവളന്റെ വിസികെ, തമിഴ്നാട്ടിൽ ഒറ്റയ്ക്കു മത്സരിക്കുന്ന സീമാന്റെ നാം തമിഴർ കക്ഷി, മറ്റു ന്യൂനപക്ഷ പാർട്ടികൾ എന്നിവർ ഏപ്പോൾ വേണമെങ്കിലും വിജയ്‌യുമായി കൈക്കോർത്തേക്കാം. ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിൽനിന്നു അത്തരമൊരു കൊഴിഞ്ഞുപോക്ക് പാർട്ടി ഇപ്പോൾ ആഗ്രഹിക്കുന്നില്ല.

വിജയ്‌യുടെ മുന്നിൽ ഇനിയെന്ത്
ടിവികെ പാർട്ടി സമ്മേളനങ്ങൾ നടത്തി തമിഴ്നാട്ടിൽ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് വിജയ്. ഈ ഘട്ടത്തിൽ രണ്ടു വഴികളാണ് വിജയ്‌യുടെ മുന്നിലുള്ളത്. അതിൽ ആദ്യത്തേത് സഖ്യം രൂപീകരിക്കാതെ 2026 നിയമസഭ തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്കു നേരിടുക എന്നതാണ്. ടിവികെയുടെ യഥാർഥ വോട്ട് ബാങ്ക് ആരെല്ലാമാണ്? ഒറ്റയ്ക്കു നിന്നാൽ ടിവികെയുടെ ശക്തി എന്ത്? ഇതെല്ലാം തെളിയിക്കാൻ ഇതിലൂടെ വിജയ്ക്കു സാധിക്കും. പാർട്ടി പ്രവർത്തകർക്കിടയിലെ മറ്റൊരു അഭിപ്രായം അത് അണ്ണാഡിഎംകെയുമായി സഖ്യം രൂപീകരിക്കുക എന്നതാണ്. എൻഡിഎ വിട്ടശേഷം തമിഴ്നാട്ടിൽ ശക്തി തെളിയിക്കാൻ ശ്രമിക്കുന്ന ഇപിഎസിന്, ടിവികെ ഒരു പിടിവള്ളിയായിരിക്കും. എന്നാൽ അണ്ണാഡിഎംകെ വോട്ട് ബാങ്കും ടിവികെ വോട്ട് ബാങ്കും ചേർന്നാൽ അത് ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്ക് എത്രത്തോളം വെല്ലുവിളി ഉയർത്താൻ കഴിയുമെന്നതും ചോദ്യം ചിഹ്നമാണ്.