കോതമംഗലം കണ്ണുവച്ച് അനൂപ്, ജോണിന് നോട്ടം തിരുവനന്തപുരം! കുഞ്ഞാലിക്കുട്ടി പറഞ്ഞത് 3 കാര്യങ്ങൾ; യുഡിഎഫിൽ ‘സീറ്റ് ചർച്ച’

Mail This Article
കോട്ടയം ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ വേണമെന്ന ആവശ്യവുമായി യുഡിഎഫ് ഘടകകക്ഷികൾ. ആവശ്യങ്ങൾ കേട്ട് കോൺഗ്രസ് നേതൃത്വം. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗവും സിഎംപിയും കൂടുതൽ സീറ്റുകൾ ചോദിച്ചപ്പോൾ മുസ്‌ലിം ലീഗും കേരള കോൺഗ്രസും തിരഞ്ഞെടുപ്പ് ഒരുക്കം സംബന്ധിച്ച നിർദേശങ്ങളിൽ ചർച്ചയൊതുക്കി.
കെപിസിസി ആസ്ഥാനത്ത് ദീപാദാസ് മുൻഷിയുമായുള്ള കൂടിക്കാഴ്ചയിൽ 3 സീറ്റാണ് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ലീഡർ അനൂപ് ജേക്കബ് ആവശ്യപ്പെട്ടത്. സിറ്റിങ് സീറ്റായ പിറവത്തിനു പുറമേ കോതമംഗലവും കുട്ടനാടുമാണ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസാണ് കോതമംഗലത്തും കുട്ടനാടും മത്സരിച്ചത്. ഘടകക്ഷിയുടെ കയ്യിലുള്ള സീറ്റുകളായതിനാൽ തന്നെ ദീപാദാസ് മുൻഷി അഭിപ്രായം പറഞ്ഞില്ല. 3 സീറ്റ് ചോദിച്ചുള്ള കത്ത് രേഖാമൂലം ദീപാദാസ് മുൻഷിക്ക് കൈമാറിയതായി അനൂപ് ജേക്കബ് മനോരമ ഓൺലൈനോട് പറഞ്ഞു.
സിഎംപി മൂന്ന് സീറ്റാണ് ആവശ്യപ്പെട്ടത്. പാർട്ടി ജനറൽ സെക്രട്ടറി സി.പി. ജോണിനു തിരുവനന്തപുരത്ത് മത്സരിക്കാനാണ് താൽപര്യം. മറ്റ് രണ്ട് സീറ്റുകൾ ഏതൊക്കെയെന്ന ചോദ്യത്തോട് നേതാക്കൾ പ്രതികരിച്ചില്ല. ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ ഡൽഹിയിൽ ആയതിനാൽ ചർച്ചയിൽ പങ്കെടുത്തില്ല. ദീപാദാസ് മുൻഷിയുമായി ദേവരാജൻ ഫോണിൽ സംസാരിച്ചു. കൊല്ലം സീറ്റ് ആവശ്യപ്പെടാനാണ് ഫോർവേഡ് ബ്ലോക്കിന്റെ തീരുമാനം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം സീറ്റ് ദേവരാജൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ധർമടമാണ് നൽകിയത്. ഇതോടെ മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഫോർവേഡ് ബ്ലോക്ക് പിന്മാറുകയായിരുന്നു. സിഎംപി നെന്മാറയിൽ മത്സരിച്ചെങ്കിലും വിജയസാധ്യതയുള്ള സീറ്റ് ലഭിക്കാത്തതിനാൽ സി.പി. ജോൺ കഴിഞ്ഞതവണ മത്സരിച്ചിരുന്നില്ല. ഇത്തവണ അത്തരമൊരു സാഹചര്യം ഉണ്ടാകരുതെന്നാണ് ദേവരാജന്റെയും ജോണിന്റെയും ആവശ്യം.
ഡൽഹിയിൽ സംസ്ഥാനത്തെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയ്ക്ക് പിന്നാലെ കോൺഗ്രസിൽ ഐക്യമുണ്ടായെങ്കിലും ആ വികാരം ജനങ്ങൾക്കിടയിലേക്ക് എത്തിയിട്ടില്ലെന്ന് ആർഎസ്പി നേതാക്കൾ ദീപാദാസ് മുൻഷിയോട് പറഞ്ഞു. 50 മിനിറ്റോളമാണ് ആർഎസ്പി പ്രതിനിധികളുമായുള്ള ചർച്ച നീണ്ടത്. സീറ്റ് സംബന്ധിച്ച ചർച്ചകളൊന്നും നടന്നില്ലെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. എന്നാൽ കൊല്ലത്തിനു പുറത്ത് സ്ഥിരമായി നൽകുന്ന വിജയസാധ്യതയില്ലാത്ത സീറ്റുകൾ ഇത്തവണ നൽകരുതെന്ന് ആർഎസ്പി അറിയിച്ചതായാണ് വിവരം.
10 മിനിറ്റ് നീണ്ട ലീഗുമായുള്ള ചർച്ചയിൽ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടത് 3 കാര്യങ്ങൾ. മുന്നണിയുടെ കെട്ടുറപ്പ് കോൺഗ്രസ് ഉറപ്പാക്കണം, കോൺഗ്രസിൽ ഐക്യമുണ്ടാകണം, മുന്നണിയെ നയിക്കുന്ന പാർട്ടി എന്ന ഉത്തരവാദിത്തം കോൺഗ്രസ് കാട്ടണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സീറ്റ് സംബന്ധിച്ച ചർച്ചകൾ ലീഗുമായോ കേരള കോൺഗ്രസുമായോ നടന്നില്ല.