കണ്ണൂരിൽ ഭിന്നശേഷിക്കാരന്റെ കട അടിച്ചു തകർത്തു; 2 ലക്ഷത്തിലധികം രൂപയുടെ നഷ്ടം

Mail This Article
കൂത്തുപറമ്പ് ∙ നഗരത്തിൽ പഴയ എസ്ബിഐക്ക് സമീപം എലിപ്പറ്റചിറയിൽ ഉദ്ഘാടനത്തിനു സജ്ജമാക്കിയ പെട്ടിക്കട സാമൂഹ്യ വിരുദ്ധർ തകർത്തു. ഭിന്നശേഷിക്കാരനായ മൗവ്വേരി സ്വദേശി അബ്ദുൽ റഷീദിന്റെ പാരിസ് കഫെ കാറ്ററിങ് സെന്ററിനു നേരെയായിരുന്നു അതിക്രമം. കുടിവെള്ള ടാങ്ക്, റഫ്രിജറേറ്റർ, പലഹാരങ്ങൾ സൂക്ഷിക്കുന്ന ചില്ല് അലമാര, അടുക്കള സാമഗ്രികൾ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.
കുടിവെള്ള ടാങ്ക് കൊടുവാൾ കൊണ്ട് കുത്തിക്കീറിയ നിലയിലാണ്. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആയുധങ്ങളുമായി എത്തിയ രണ്ടു പേരാണ് ആക്രമണത്തിനു പിന്നിൽ. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെയായിരുന്നു ആക്രമണം. പുല്ലു മേഞ്ഞ് നിർമിച്ച മേൽക്കൂര തൂൺ ഇളക്കി മറിച്ചിടുകയായിരുന്നു. രണ്ടേകാൽ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.