എലപ്പുള്ളി മദ്യനിര്‍മാണ പ്ലാന്റ്: ഒയാസിസ് കമ്പനിക്ക് 23.92 ഏക്കര്‍ റജിസ്റ്റര്‍ ചെയ്തു നൽകിയെന്നു മന്ത്രി

Mail This Article
തിരുവനന്തപുരം ∙ പാലക്കാട് എലപ്പുള്ളിയില്‍ മദ്യനിര്‍മാണ പ്ലാന്റ് ആരംഭിക്കാന്‍ ഒയാസിസ് കമ്പനിക്ക് 9 ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി റജിസ്റ്റര്‍ ചെയ്തു നൽകിയെന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. റജിസ്‌ട്രേഷന്‍ നിയമപ്രകാരം ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയതില്‍ അപകാതയില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. 2022 മേയ് 26, 27, ജൂണ്‍ 16, ജൂലൈ 5, നവംബര്‍ 7, 2024 ജൂലൈ 31 എന്നീ തീയതികളിലാണ് റജിസ്‌ട്രേഷന്‍ നടത്തിയത്.
കമ്പനികള്‍ക്കു നിയമാനുസരണം കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ ആണെന്നിരിക്കെ ഓയാസിസ് കമ്പനിക്ക് 24.59 ഏക്കര്‍ റജിസ്റ്റര്‍ ചെയ്തു നല്‍കിയത് നിയമാനുസൃതമല്ലെന്നാണു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി സംബന്ധിച്ചുള്ള വിവരം റവന്യു റെക്കോര്‍ഡ് പ്രകാരമുള്ളതായതിനാല്‍ റജിസ്‌ട്രേഷന്‍ വകുപ്പിന് ആ വിവരം ലഭ്യമല്ലെന്നു മന്ത്രിയുടെ മറുപടിയില്‍ പറയുന്നു. 1908ലെ റജിസ്‌ട്രേഷന്‍ നിയമപ്രകാരം ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്തു നല്‍കുക എന്നുള്ളതാണ് വകുപ്പിന്റെ പരിധിയില്‍ വരുന്നതെന്നും സാധൂകരിച്ചു നല്‍കുന്നത് വകുപ്പിന്റെ പരിധിയില്‍ വരുന്ന നടപടി അല്ലെന്നും മന്ത്രി വ്യക്തമാക്കി.
ചിറ്റൂര്‍ താലൂക്കിലെ എലപ്പുള്ളി പഞ്ചായത്തില്‍ ഒയാസിസ് കമ്പനിക്കായി 24.59 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി റജിസ്‌ട്രേഷന്‍ വകുപ്പ് ഭൂമി റജിസ്‌ട്രേഷന്‍ ചെയ്തു നല്‍കിയെന്നും റവന്യു വകുപ്പു പോക്കുവരവു ചെയ്തു കരം അടച്ചു നല്‍കിയെന്നും ചൂണ്ടിക്കാട്ടി എഐസിസി അംഗം അനില്‍ അക്കര വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. കമ്പനിയുടെ ഹരിയാന അമ്പാലയിലുള്ള വിലാസത്തിനാണ് ഭൂമി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2024-25 വര്‍ഷത്തേക്ക് എലപ്പുള്ളി വില്ലേജില്‍ ഓഗസ്റ്റില്‍ കമ്പനി ഭൂമിയുടെ കരമടച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. 24 ഏക്കറില്‍ 5 ഏക്കറോളം നെല്‍കൃഷി ചെയ്യുന്ന സ്ഥലവും ബാക്കി പുരയിടവുമാണ്. ഭൂമി തരംമാറ്റത്തിനായി കമ്പനി നല്‍കിയ അപേക്ഷ പാലക്കാട് ആര്‍ഡിഒ തള്ളിയിരുന്നു.