ട്രെയിൻ തട്ടിയെടുത്തതിനു പിന്നാലെ വ്യോമാക്രമണം; നിരപരാധികളെ ആക്രമിക്കുന്നവരോട് വിട്ടുവീഴ്ചയില്ലെന്ന് പാക്കിസ്ഥാൻ

Mail This Article
ക്വറ്റ∙ പാക്കിസ്ഥാനിൽ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കിയതിനു പിന്നാലെ ഏറ്റുമുട്ടി സൈന്യവും ബലൂച് ലിബറേഷൻ ആർമിയും. പാക്കിസ്ഥാൻ സുരക്ഷാ സേന സ്ഥലത്തെത്തി, വ്യോമാക്രമണം ഉൾപ്പെടെയുള്ള വൻ പ്രത്യാക്രമണം നടത്തിയെന്നാണ് വിവരം. സൈന്യത്തിന്റെ കര ആക്രമണം പൂർണമായും ചെറുത്തതായി തീവ്രവാദികൾ അവകാശപ്പെട്ടു. ട്രെയിനിലെ യാത്രക്കാരുമായി യാതൊരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റതായാണ് വിവരം.
പാക്കിസ്ഥാൻ സൈന്യം സൈനികരുടെയും ഡോക്ടർമാരുടെയും അധിക സേനയുമായി ഒരു ദുരിതാശ്വാസ ട്രെയിനും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ആംബുലൻസുകളും പ്രദേശത്തേക്ക് അയച്ചുവെങ്കിലും പർവതനിരകളും ദുർഘടമായ ഭൂപ്രകൃതിയും കാരണം സ്ഥലത്തേക്ക് എത്തിച്ചേരുന്നത് എളുപ്പമായിരുന്നില്ല. പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി ആക്രമണത്തെ അപലപിച്ചു. നിരപരാധികളായ യാത്രക്കാരെ വെടിവയ്ക്കുന്നവരോട് സർക്കാർ ഒരു വിട്ടുവീഴ്ചയും നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. 20 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം.
പാക്കിസ്ഥാൻ സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. ഒരു തുരങ്കത്തിനടുത്തു വച്ചാണ് ആയുധധാരികളായവർ ട്രെയിന്‍ തടഞ്ഞത്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്തെ തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രെയിനിനു നേരെ വെടിവയ്പ്പുണ്ടായതായും വിവരമുണ്ട്.
ബലൂചിസ്ഥാന്‍ അധികൃതര്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര സേവനങ്ങള്‍ എത്തിക്കാനുമുള്ള ശ്രമത്തിലാണ്. ട്രെയിന്‍ തടഞ്ഞിട്ടിരിക്കുന്ന പ്രദേശം സങ്കീര്‍ണമായ ഭൂപ്രദേശമായതിനാല്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. പാകിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്ന ആവശ്യവുമായാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി, ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ വിമത സംഘടനകള്‍ ഭരണകൂടത്തിനെതിരെ പോരാട്ടം നടത്തുന്നത്.