ADVERTISEMENT

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ എത്തിക്കാൻ ജിയോയും എയർടെലും കൈകൊടുത്തതോടെ, ജിയോയ്ക്ക് ശേഷം പുതിയൊരു ഇന്റർനെറ്റ് വിപ്ലവത്തിനാണ് രാജ്യത്ത് കളമൊരുങ്ങുന്നത്. ആദ്യം എയർടെലുമായി കൈകോർത്ത സ്റ്റാർലിങ്ക് ഇന്നാണ് ജിയോയുമായി കരാറിൽ ഒപ്പിട്ടത്. ‘സ്പേസ് എക്സുമായി ചേർന്ന് സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിലൂടെ എല്ലാവർക്കും സുഗമമായി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയും അതുവഴി രാജ്യത്തെ വ്യാവസായികമായും സാമൂഹികമായും ശാക്തീകരിക്കുകയുമാണ് ഞങ്ങൾ ലക്ഷ്യംവയ്ക്കുന്നത്’ എന്നാണ് റിലയൻസ് ജിയോ ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മൻ അറിയിച്ചത്. ഇന്ത്യയിലേക്കുള്ള സ്റ്റാർലിങ്കിന്റെ വരവിൽ ആദ്യം ആശങ്ക പ്രകടിപ്പിച്ച മുകേഷ് അംബാനി തന്നെ അവർക്കു കൈകൊടുക്കാൻ കാരണമെന്താണ്? എന്താണ് സ്റ്റാർലിങ്ക്? എങ്ങനെയാണ് ഇവരുടെ പ്രവർത്തനം?

∙ എന്താണ് സ്റ്റാർലിങ്ക്? എങ്ങനെയാണ് പ്രവർത്തനം?

ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ സ്വകാര്യ ബഹിരാകാശ സംരംഭമായ സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് സേവനമാണ് സ്റ്റാർലിങ്ക്. ഭൂമിയുടെ വളരെ അടുത്ത ഭ്രമണപഥത്തിൽ നൂറുകണക്കിന് ഉപഗ്രഹങ്ങൾ (ലോ എർത്ത് ഓർബിറ്റ്–ലിയോ) വിന്യസിച്ച് അതിലൂടെ ഇന്റർനെറ്റ് നൽകുന്നതാണ് ഉപഗ്രഹ ഇന്റർനെറ്റ്. ടവറുകളോ ബ്രോഡ്ബാൻഡോ ഉപയോഗിക്കാതെ ഉപഗ്രഹങ്ങളിൽനിന്നു നേരിട്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്ന രീതിയാണിത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയും ടെലികോം ടവറുകളും ഇല്ലാത്ത വിദൂര സ്ഥലങ്ങളിൽ പോലും ഉപഗ്രഹങ്ങളിൽനിന്ന് അതിവേഗ ഇന്റർനെറ്റ് ലഭിക്കുമെന്നതാണ് മെച്ചം.

ഡയറക്ട് ടു ഹോം ഡിഷ് ടിവി സേവനത്തിനു സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്. ഈ മേഖലയിലെ ഏറ്റവും വമ്പനാണ് സ്റ്റാർലിങ്ക് . 2025 മാർച്ച് വരെയുള്ള കണക്കു പ്രകാരം സ്റ്റാർലിങ്ക് പദ്ധതിയുടെ ഭാഗമായി ഏഴായിരത്തിലധികം ഉപഗ്രഹങ്ങൾ സ്റ്റാർലിങ്ക് വിക്ഷേപിച്ചിട്ടുണ്ട്. ലോകത്താകമാനം അഞ്ചു ലക്ഷത്തോളം ഉപയോക്താക്കളാണ് സ്റ്റാർലിങ്കിനുള്ളത്. വിവിധ രാജ്യങ്ങളിലായി നൂറോളം പ്രദേശങ്ങളിൽ സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നുണ്ട്. ഗ്ലോബൽസ്റ്റാർ, ഇമ്മർസ്റ്റാർ, ഇറിഡിയം, വയാസാറ്റ് തുടങ്ങി മറ്റ് ആറിലധികം കമ്പനികളും ഈ സേവനം നൽകുന്നുണ്ട്.

എങ്ങനെയാണ് ഉപഗ്രഹ ഇന്റർനെറ്റ് പ്രവർത്തിക്കുന്നതെന്ന് നോക്കാം: ഉപയോക്താക്കളുടെ വീട്ടിലെ ഡിഷിൽനിന്ന് ഇന്റർനെറ്റ് ആവശ്യപ്പെട്ടുള്ള സിഗ്നൽ പോകുന്നു. ഉപഗ്രഹം ഇതു പിടിച്ചെടുത്ത് ഇന്റർനെറ്റ് സേവനദാതാവിന്റെ ഗ്രൗണ്ട് സ്റ്റേഷനിലേക്ക് അയയ്ക്കുന്നു. മറുപടിയായി ഇന്റർനെറ്റ് സേവനദാതാക്കൾ ഗ്രൗണ്ട് സ്റ്റേഷൻ വഴി ബഹിരാകാശത്തേക്ക് സിഗ്നൽ അയയ്ക്കുന്നു. ഈ സിഗ്നലിനെ ഉപഗ്രഹം പിടിച്ചെടുത്ത് ഉപയോക്താക്കളുടെ സാറ്റലൈറ്റ് ഡിഷിലേക്ക് അയയ്ക്കുന്നു. ഡിഷിൽനിന്നു മോഡത്തിലേക്കും അതുവഴി കംപ്യൂട്ടറിലേക്കും മൊബൈലിലേക്കും ഇന്റർനെറ്റ് എത്തുന്നു.

എന്താണ് വെല്ലുവിളി?

ടിവിയുടെ ഡിഷ് ആന്റിന ഘടിപ്പിക്കുന്ന അതേ രീതിയിലാകണം സ്റ്റാർലിങ്ക് ഡിഷ് സ്ഥാപിക്കാൻ. ഡിഷും റൂട്ടറുമാണ് പ്രധാന ഉപകരണങ്ങൾ. വൈദ്യുതിബന്ധവും വേണം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ പോലും സേവനം ലഭ്യമാകുമെന്നതാണു സ്റ്റാർലിങ്കിന്റെ മികവ്. എന്നാൽ ഡിഷും റൂട്ടറുമൊക്കെയായി വലിയ മുതൽമുടക്ക് വേണമെന്നത് ഗ്രാമീണ ഉപയോക്താക്കൾക്കു പ്രശ്നമാകാം. മഴ പെയ്യുമ്പോൾ‌ ചാനൽ പോകുന്ന ഡിഷ് ആന്റിനയുടെ പ്രശ്നം സ്റ്റാർലിങ്കിനുമുണ്ട്. അതേസമയം, പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവർത്തനത്തിലും പുറംകടലിൽ മത്സ്യബന്ധനത്തിനു പോകുന്നവർക്കും ആശയവിനിമയത്തിനും സ്റ്റാർലിങ്ക് ഫലപ്രദമാണ്. ക്രൂസ് കപ്പലുകൾക്കു വേണ്ടി കമ്പനി അവതരിപ്പിച്ച സ്റ്റാർലിങ്ക് മാരിടൈം ലോകത്തെ മിക്ക ക്രൂസ് സർവീസുകളും ഉപയോഗിക്കുന്നുണ്ട്.

∙ സ്റ്റാർലിങ്ക് ഇന്ത്യയിൽ

സ്പേക്സ് എക്സുമായുള്ള കരാറിൽ ജിയോയും എയർടെലും വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. നിലവിലുള്ള എയർടെൽ ബ്രോഡ്ബാന്‍ഡ് സേവനങ്ങളെ സ്റ്റാർലിങ്കിന്റെ സാങ്കേതികവിദ്യയുടെ സഹായത്തോടെ മെച്ചപ്പെടുത്താനും ഗ്രാമീണ മേഖലകളിലേക്കു കണക്റ്റിവിറ്റി വ്യാപിപ്പിക്കാനുമാണ് എയര്‍ടെലിന്റെ കരാർ. ജിയോയാകട്ടെ സ്റ്റാര്‍ലിങ്കിനെ അവരുടെ നിലവിലെ ബ്രോഡ്ബാന്‍ഡ് പ്രവർത്തനവുമായി സംയോജിപ്പിച്ച് റീട്ടെയ്ൽ, ഓൺലൈൻ സ്റ്റോറുകളിലൂടെ ഉപയോക്താക്കൾക്ക് നൽകാനാണ് പദ്ധതിയിടുന്നത്.

കേന്ദ്രസർക്കാർ സ്റ്റാർലിങ്കിന് അനുമതി നൽകുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും സേവനം ഇന്ത്യയിൽ ലഭ്യമാവുക. എയർടെലിന് ഇതു രണ്ടാമത്തെ ഉപഗ്രഹ ഇന്റർനെറ്റ് പങ്കാളിത്തമാണ്. ബ്രിട്ടിഷ് കമ്പനിയായ യൂട്ടെൽസാറ്റ് വൺവെബിലും എയർടെലിന്റെ പ്രമോട്ടർമാരായ ഭാരതി ഗ്രൂപ്പിന് ഓഹരിയുണ്ട്. ജിയോ എയർഫൈബറും ജിയോ ഫൈബറുമായി ചേർന്നുള്ള സ്റ്റാർലിങ്കിന്റെ പ്രവർത്തനം രാജ്യത്തിന്റെ മുക്കിലും മൂലയിലും ഹൈ സ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ സഹായകമാകുമെന്ന് ജിയോ അറിയിച്ചു. ഗ്രാമീണ മേഖലയിൽ ഇന്റർ‌നെറ്റ് വിപ്ലവത്തിനു വഴിയൊരുക്കുന്ന നിർണായക ചുടവുവയ്പ്പായാണ് എയർടെൽ ഈ കരാറിനെ വിശേഷിപ്പിച്ചത്.

അനുമതി ഏതു ഘട്ടത്തിൽ?

സ്റ്റാർലിങ്കിനുള്ള കേന്ദ്ര അനുമതി അവസാനഘട്ടത്തിലാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിർദേശം കൂടി പരിഗണിച്ച് ഏതാനും മാസങ്ങൾക്കുള്ളിൽ അനുമതി നൽകിയേക്കും. കഴിഞ്ഞ വർഷമാണ് സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിടുന്നതായി സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്‌ക് കൂടിക്കാഴ്ചയും നടത്തി. സ്റ്റാര്‍ലിങ്ക് ഇതിനകം 56ലധികം രാജ്യങ്ങളിൽ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ് കവറേജ് നല്‍കുന്നുണ്ട്.

സ്റ്റാർലിങ്ക് വരുമ്പോൾ....

സ്റ്റാർലിങ്കുമായി കൈകോർക്കുന്നത് തങ്ങൾക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്ക ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവനദാതാക്കൾക്ക് ഇല്ലാതില്ല. ഇന്ത്യയിലെ ബ്രോഡ്ബാൻഡ് വിപണിയിലെ രാജാവ് മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ തന്നെയാണ്. 1.40 കോടി സബ്സ്ക്രൈബേഴ്സും 50 കോടി മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കളും ജിയോയ്ക്കുണ്ട്. ഏതാണ് 30 കോടി ബ്രോഡ്ബാൻഡ് ഉപയോക്താക്കൾ എയർടെലിനുമുണ്ട്.

മസ്കിന്റെ വരവ് ഇന്ത്യയിലെ ടെലികോം മേഖലയെ പിടിച്ചുകുലുക്കുമെന്നാണ് വിലയിരുത്തൽ. 2016ൽ ‘വിലക്കുറവിന്റെ മഹാമേളയുമായി’ ഇന്ത്യയിൽ ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിച്ച ജിയോ, സ്റ്റാർലിങ്ക് എത്തുന്നതോടെ പുതിയൊരു മത്സരത്തിനിറങ്ങേണ്ടി വരും. സ്റ്റാർലിങ്കുമായി കൈകോർത്തെങ്കിലും ജിയോയുടെയും എയർടെലിന്റെയും നിലവിലെ ബ്രോഡ്ബാൻഡ് പദ്ധതികൾക്ക് ഭാവിയിൽ വെല്ലുവിളിയായേക്കും മസ്കിന്റെ പദ്ധതി. അതുകൊണ്ടു തന്നെയാണ്, ലേലം ഒഴിവാക്കി ലൈസൻസിങ് സമ്പ്രദായം വഴി സ്പെക്ട്രം അനുവദിക്കണമെന്ന മസ്കിന്റെ ആവശ്യത്തെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അനുകൂലിച്ചതിനെ എതിർത്ത് മുകേഷ് അംബാനി രംഗത്തെത്തിയത്.

സ്റ്റാർലിങ്കിന് സ്പെക്ട്രം ലൈസൻസ് അനുവദിക്കുന്നത് ഇന്ത്യൻ ടെലികോം കമ്പനികൾക്കു തിരിച്ചടിയാകുമെന്ന് പറഞ്ഞ അംബാനി തന്നെ അവരുമായി കരാറിൽ ഒപ്പിട്ടത് മറ്റു വഴികൾ ഇല്ലാത്തതിനാലാകാം. ജിയോ അല്ലെങ്കിൽ മറ്റൊരു കമ്പനി അതിനു മുന്നോട്ടു വരും. സ്റ്റാർലിങ്കിന്റെ സാങ്കേതിക വിദ്യ ഉപയോഗിച്ച് തങ്ങളുടെ ഇന്റർനെറ്റ് സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ജിയോയുടെയും എയർടെലിന്റെയും ഇപ്പോഴത്തെ നീക്കം. എന്നാൽ ഭാവിയിൽ സ്റ്റാർലിങ്ക് സ്വതന്ത്ര സേവനം ലഭ്യമാക്കുമെന്ന് തീരുമാനമെടുത്താൽ അത് ഇന്ത്യൻ കമ്പനികൾക്ക് വെല്ലുവിളിയാകും.

ഉപഗ്രഹ ഇന്റർനെറ്റ് എത്തുന്നതോടെ, നിലവിലുള്ള ഇന്റർനെറ്റ് സേവനത്തിന്റെ ഗുണനിലവാരവും നിരക്കുകളും പുനർവിചിന്തനത്തിന് വിധേയമാകും. നിലവിൽ പ്രതിമാസം 700 രൂപ മുതൽ 1500 രൂപ വരെയാണ് ഇന്ത്യയിലെ ബ്രോഡ്ബാൻഡ് സേവനത്തിന്റെ നിരക്ക്. സ്റ്റാർലിങ്കിന്റെ ഉയർന്ന നിരക്ക് തുടക്കത്തിൽ അതിനു വിലങ്ങുതടിയാകാമെങ്കിലും സാങ്കേതികവിദ്യ മെച്ചപ്പെടുകയും ചെലവ് കുറയുകയും ചെയ്യുന്നതോടെ, ഉപഗ്രഹ ഇന്റർനെറ്റ് കൂടുതൽ പ്രചാരത്തിലായേക്കാം. ഓരോ വീട്ടിലും ബ്രോഡ്ബാൻഡ് എന്നതിനപ്പുറം, ഇന്ത്യയിലെ സ്റ്റാർലിങ്കിന്റെ സാന്നിധ്യം വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കൃഷി, ദുരന്തനിവാരണം തുടങ്ങിയ പ്രധാന മേഖലകളിൽ വലിയ മാറ്റമുണ്ടാക്കിയേക്കാം. വിദൂരമായ, ഒറ്റപ്പെട്ട ഗ്രാമങ്ങളിലും ഹിമാലയൻ മേഖലകളിലും ഉൾപ്പെടെ ഇന്റർനെറ്റ് സേവനം എത്തിക്കാനായാൽ ടെലിമെഡിസിൻ, ഓൺലൈൻ വിദ്യാഭ്യാസം, അടിയന്തര ആശയവിനിമയം എന്നിവയെല്ലാം അവിടെയും സാധ്യമാകും.

English Summary:

Elon musk’s Starlink launching in India: Jio & Airtel join force; game-changer for internet users?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com