സ്റ്റേഷനിൽ പൊട്ടിക്കരഞ്ഞ് നോബി; ഭക്ഷണത്തോട് താൽപര്യം കാണിച്ചില്ല; പുലർച്ചെ ഷൈനിക്ക് അയച്ച സന്ദേശം എന്ത്?

Mail This Article
ഏറ്റുമാനൂർ∙ പാറോലിക്കലിൽ തീവണ്ടിക്ക് മുന്നിൽ ചാടി അമ്മയും 2 പെൺമക്കളും ജീവനൊടുക്കിയ കേസിൽ, ഭർത്താവ് നോബി പൊലീസ് കസ്റ്റഡിയിൽ വാങ്ങുമ്പോൾ വലിയ അസ്വസ്ഥനായിരുന്നുവെന്ന് വിവരം. റിമാൻഡിൽ കഴിഞ്ഞിരുന്ന തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെ (44) 3 ദിവസത്തേക്കാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
സ്റ്റേഷനിലെ സെല്ലിനുള്ളിൽ പൊട്ടിക്കരയുകയായിരുന്നു നോബി. ഭക്ഷണത്തോടും മറ്റും വലിയ താൽപര്യം കാണിക്കാത്ത നോബി മത്സ്യമാംസാദികൾ ഉപേക്ഷിച്ചുവെന്നാണ് പൊലീസിനോട് പറഞ്ഞത്. കടുത്ത കുറ്റബോധത്തിലാണ് നോബിയെന്നും ആദ്യ ഘട്ടത്തിൽ വഴങ്ങാതിരുന്ന നോബി ഇപ്പോൾ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. അവസാനമായി നോബി അയച്ച സന്ദേശം എന്താണെന്നു കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. കേസിൽ പരമാവധി ഡിജിറ്റൽ തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. 3 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയാകുന്ന 13ന് വൈകുന്നേരം നോബിയെ തിരികെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം നോബി ലൂക്കോസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കോടതി വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകളും മറ്റും നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ എതിർത്തു കൊണ്ടാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. ഇതോടൊപ്പം വിശദമായ ചോദ്യം ചെയ്യലിനും മറ്റുമായി പ്രതിയെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും പൊലീസ് സമർപ്പിച്ചു. 3 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇന്നലെ വീണ്ടും കേസ് പരിഗണിച്ച കോടതി പൊലീസ് റിപ്പോർട്ട് ഫയലിൽ സ്വീകരിക്കുകയും നോബിയെ കസ്റ്റഡിയിൽ വിട്ടു നൽകുകയുമായിരുന്നു.
നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവർ കഴിഞ്ഞ 28ന് പുലർച്ചെയാണ് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ആദ്യം അസ്വാഭാവിക മരണത്തിന് മാത്രം കേസെടുത്തിരുന്ന ഏറ്റുമാനൂർ പൊലീസ്, കടുത്ത ജനരോഷത്തിനും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനും പിന്നാലെയാണ് കേസെടുത്തത്. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. മൂവരും ജീവനൊടുക്കിയ ദിവസം പുലർച്ചെ നോബി ഭാര്യയ്ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നുവെന്നും ഇതിൽ മനംനൊന്താണ് കുടുംബം ആത്മഹത്യ ചെയ്തതെന്നുമാണ് പൊലീസ് നിഗമനം.
ഷൈനിക്ക് വാട്സാപ് സന്ദേശം അയച്ചുവെന്നും സമ്മതിക്കുന്ന നോബി എന്ത് സന്ദേശമാണ് അയച്ചതെന്നു ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ സന്ദേശങ്ങൾ നോബിയുടെ ഫോണിൽ നിന്നും നീക്കം ചെയ്ത നിലയിലുമാണ്. ഇവ കണ്ടെത്താൻ നോബിയുടെ മൊബൈൽ ഫോൺ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതോടൊപ്പം ഷൈനിയുടെ ഫോണും സൈബർ സെൽ പരിശോധിച്ചു വരികയാണ്. ഇതിനിടെ ഭർത്താവിൽനിന്നു താൻ വലിയ തോതിൽ മാനസിക പീഡനം ഏൽക്കുന്നുണ്ടെന്നും ജീവിതം പ്രതിസന്ധിയിലാണെന്നും കാട്ടി ഷൈനി കൂട്ടുകാരിക്കയച്ച ശബ്ദം സന്ദേശവും മക്കളുമായി ജീവനൊടുക്കാൻ പോകുന്ന ഷൈനിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ഭർത്താവുമായി പിണങ്ങിയ ഷൈനി മക്കളുമായി കഴിഞ്ഞ 9 മാസമായി പാറോലിക്കലിലെ സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഷൈനിയുടെയും നോബിയുടെയും വിവാഹമോചനക്കേസ് ഏറ്റുമാനൂർ കോടതിയിൽ നിലനിൽക്കുകയാണ്. ഇതിനിടയിലാണ് കുടുംബത്തിന്റ കൂട്ട ആത്മഹത്യ.