ADVERTISEMENT

മുംബൈ ∙ സാമ്പത്തിക ക്രമക്കേട് വിവാദങ്ങൾക്കിടെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ദുർമന്ത്രവാദം നടന്നെന്നും വെളിപ്പെടുത്തൽ. ലീലാവതി കീർത്തിലാല്‍ മെഹ്താ മെഡിക്കല്‍ ട്രസ്റ്റിലെ മുന്‍ ട്രസ്റ്റിമാർ 1200 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതെന്നും നിലവിലെ അംഗങ്ങൾ ആരോപിച്ചു.

ആശുപത്രി പരിസരത്തു ദുർമന്ത്രവാദം നടന്നെന്നും ട്രസ്റ്റികളുടെ ഓഫിസിനു താഴെ അസ്ഥികളും മനുഷ്യമുടിയും അടങ്ങിയ 8 കുടങ്ങള്‍ കണ്ടെത്തിയെന്നുമാണു റിപ്പോർട്ട്. പൊലീസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) പരാതി നല്‍കി. മുന്‍ ട്രസ്റ്റികള്‍ക്കെതിരെ 3 എഫ്‌ഐആർ റജിസ്റ്റര്‍ ചെയ്തു. സാമ്പത്തിക ക്രമക്കേടുകൾ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി പരാതിയില്‍ പറയുന്നു.

LISTEN ON

‘‘മുന്‍ ട്രസ്റ്റികള്‍ക്കും മറ്റുള്ളവർക്കുമെതിരെ 3 എഫ്‌ഐആർ ഫയല്‍ ചെയ്തിട്ടുണ്ട്. ദുർമന്ത്രവാദം, അന്ധവിശ്വാസം എന്നിവയ്ക്കെതിരെ ബാന്ദ്ര സ്റ്റേഷനില്‍ ഫയല്‍ ചെയ്ത പരാതിയെ അടിസ്ഥാനമാക്കി ഇവർക്കെതിരായ നാലാമത്തെ കേസിലെ നടപടി കോടതിയുടെ പരിഗണനയിലാണ്. ആശുപത്രി ട്രസ്റ്റിന്റെ സത്യസന്ധത ഉയര്‍ത്തിപ്പിടിക്കുകയും ആരോഗ്യ സേവനങ്ങള്‍ക്കായുള്ള ഫണ്ടുകള്‍ രോഗികളുടെ ക്ഷേമത്തിനായി മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.’’–  ട്രസ്റ്റി പ്രശാന്ത് മെഹ്ത മാധ്യമങ്ങളോടു പറഞ്ഞു.

∙ ദുർമന്ത്രവാദം, തെളിവായി 8 കലശങ്ങൾ

ഫൊറന്‍സിക് ഓഡിറ്റിനിടെ കണ്ടെത്തിയ ഗുരുതര അഴിമതിയും ക്രമക്കേടും മുന്‍ ട്രസ്റ്റികളുടെ വിശ്വാസവഞ്ചന മാത്രമല്ല, ആശുപത്രിയുടെ ലക്ഷ്യത്തിനു നേരെയുള്ള ഭീഷണിയാണെന്നും മെഹ്ത അഭിപ്രായപ്പെട്ടു. നീണ്ട നിയമപോരാട്ടത്തിനു ശേഷമാണ് നിലവിലെ ട്രസ്റ്റികള്‍ ട്രസ്റ്റിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ചേതന്‍ ദലാല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആൻഡ് മാനേജ്‌മെന്റ് സര്‍വീസും എഡിബി ആൻഡ് അസോസിയേറ്റ്‌സുമാണു ഫൊറന്‍സിക് ഓഡിറ്റ് നടത്തിയത്. മുന്‍ ട്രസ്റ്റികള്‍ വന്‍തോതില്‍ അഴിമതിയും പണക്കൈമാറ്റവും നടത്തിയതായി ഓഡിറ്റില്‍ കണ്ടെത്തി.

‘‘ഫൊറന്‍സിക് ഓഡിറ്റര്‍മാര്‍ അഞ്ചിലേറെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ 1500 കോടിയിലധികം രൂപ ഈ അനധികൃത ട്രസ്റ്റി സംഘം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നു വ്യക്തമാണ്. എന്‍ആര്‍ഐകളും ദുബായ്, ബെല്‍ജിയം നിവാസികളുമായ മുന്‍ ട്രസ്റ്റികളാണു പണം കടത്തിയത്’’– മെഹ്ത പറഞ്ഞു. ആശുപത്രിയിലേക്കുള്ള വിഭവസമാഹരണത്തിലെ നിയമവിരുദ്ധ ഇടപാടുകൾ, ട്രസ്റ്റ് ഫണ്ടുകള്‍ വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കൽ തുടങ്ങിയ ആരോപണങ്ങളും ഇവർക്കെതിരെയുണ്ട്.

നിലവിലെ ട്രസ്റ്റികള്‍ ചുമതലയേറ്റപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതായി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും മുന്‍ മുംബൈ പൊലീസ് കമ്മിഷണറുമായ പരംബീര്‍ സിങ് പറഞ്ഞു. ‘‘ചില ജീവനക്കാര്‍ ദുർമന്ത്രവാദത്തിന്റെ ഭാഗമായ വസ്തുക്കള്‍ നിലവിലെ ട്രസ്റ്റികളുടെ ഓഫിസിന്റെ താഴെ കുഴിച്ചിട്ടിട്ടുണ്ട്. സാക്ഷികളുടെ സാന്നിധ്യത്തിൽ നിലം കുഴിച്ചപ്പോൾ 8 കലശങ്ങള്‍ കണ്ടെത്തി. അതില്‍ മനുഷ്യാവശിഷ്ടങ്ങള്‍, അസ്ഥികള്‍, മുടി, അരി എന്നിവ ഉണ്ടായിരുന്നു’’– അദ്ദേഹം പറഞ്ഞു.

English Summary:

Mumabi Hospital black magic controversy: Lilavati Hospital's financial scandal involves ₹1500 crore in misused funds and allegations of black magic.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com