‘ഇനിയും എത്ര ജീവൻ വേണം കണ്ണു തുറക്കാൻ’: ചൂരൽമലയിൽ സൂചനാ സമരവുമായി ദുരന്തബാധിതർ

Mail This Article
മേപ്പാടി∙ സർക്കാർ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഉരുൾപൊട്ടൽ ദുരന്തബാധിതർ ചൂരൽമലയിൽ സൂചനാ സമരം നടത്തി. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത, ദുരന്തമേഖലയിൽ വീടുള്ളവരാണ് സമരം നടത്തിയത്. ‘ദുരന്ത ഭൂമിയിൽ ഇനിയെന്തിന് ഞങ്ങൾ മാത്രം, ഇനിയും എത്ര ജീവൻ വേണം കണ്ണു തുറക്കു സർക്കാരെ, ഇല്ല ഞങ്ങളില്ല ഇനി ആ മരണം മണക്കുന്ന ദുരന്ത മണ്ണിലേക്ക്, ഒരു ജനതയുടെ ജീവനേക്കാൾ വിലയാണോ തല ചായ്ക്കാനൊരു കൂരയ്ക്ക് നിങ്ങൾ കൽപ്പിക്കുന്ന മാനദണ്ഡം തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ സമരത്തിനെത്തിയത്.
പ്രതിഷേധക്കാർ ബെയ്‌ലി പാലത്തിലൂടെ കടന്ന് മുണ്ടക്കൈ റോഡ് വരെ പോയി. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞില്ല. ഇതിന് മുൻപ് ചൂരൽമലയിൽ പ്രതിഷേധമുണ്ടായപ്പോൾ ബെയ്‌ലി പാലത്തിലേക്ക് കടക്കുന്നത് പൊലീസ് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. ചൂരൽമല സ്കൂൾ റോഡ് മുതൽ പടവെട്ടിക്കുന്ന് വരെയുള്ള ഭാഗത്തെ ആളുകളെയാണ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താത്തത്. നോ ഗോ സോൺ ഏരിയയിൽ വീടുള്ളവർ പോലും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടില്ല. ഇതോടെയാണ് ദുരന്തബാധിതർ സമരവുമായി രംഗത്തെത്തിയത്.
അതേസമയം, സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പിൽ വീട് നിർമിക്കാൻ 21 പേർ മാത്രമാണ് ഇതുവരെ സമ്മതപത്രം നൽകിയത്. പട്ടികയിൽപ്പെട്ടവരുമായി ജില്ലാ കലക്ടർ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ആദ്യത്തെ 242 പേരുടെ പട്ടികയിൽ 196 പേർ കൂടിക്കാഴ്ചയ്ക്കെത്തി. ഇതിൽ 20 പേർ വീടിനായും ഒരാൾ സാമ്പത്തിക സഹായത്തിനായും സമ്മതപത്രം നൽകി. സർക്കാർ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇതുവരെ 393 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഒന്നാംഘട്ട പട്ടികയിൽ 242, രണ്ടാംഘട്ട പട്ടികയിൽ 81, മൂന്നാം ഘട്ട പട്ടികയിൽ 70 പേരുമാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 175 പേർ കൂടിക്കാഴ്ചയ്ക്ക് ശേഷവും ഒപ്പിട്ടില്ല. കൂടിക്കാഴ്ചയ്ക്ക് എത്തിയ ഭൂരിപക്ഷം പേരും 10 സെന്റ് സ്ഥലവും വീടും അല്ലെങ്കിൽ 40 ലക്ഷം രൂപ എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.