ചാലക്കുടിയിൽ സിഗ്നൽ തെറ്റിച്ച ലോറിയിടിച്ചു; സ്‌കൂട്ടർ യാത്രക്കാരനു ദാരുണാന്ത്യം, ലോറി കത്തിനശിച്ചു

Mail This Article
ചാലക്കുടി ∙ പോട്ടയിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ വിജയരാഘവപുരം ഞാറയ്ക്കൽ അനീഷ് (40) മരിച്ചു. രാസവസ്തുവുമായി പോകുകയായിരുന്ന ലോറിക്ക് അപകടമുണ്ടായ ഉടനെ തീ പിടിച്ചു. പെട്രോൾ പമ്പിനു 100 മീറ്റർ മാത്രം അകലെവച്ച് ലോറിയിൽ പടർന്ന തീ അഗ്നിരക്ഷാ സേന മണിക്കൂറുകൾ ശ്രമിച്ചാണ് നിയന്ത്രിച്ചത്. മരപ്പണിക്കാരനായ അനീഷ് ജോലിക്കായി പോകുന്നതിനിടെ ഇന്ന് 7.20 നായിരുന്നു അപകടം. സ്‌കൂട്ടർ സിഗ്നൽ തെറ്റിച്ചെത്തിയ ലോറിക്കടിയിൽ കുടുങ്ങി 100 മീറ്ററിലേറെ നിരങ്ങി നീങ്ങി. എടത്തലയിൽ നിന്നു പാലക്കാട്ടേക്കു പോകുകയായിരുന്ന ലോറിയിൽ സോപ്പ് നിർമാണത്തിനുപയോഗിക്കുന്ന രാസവസ്തുവാണ് ഉണ്ടായിരുന്നത്.
ഇത് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അപകടത്തെ തുടർന്നു ദേശീയപാതയിൽ 2 മണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആർഎസ്എസ് നഗർ ശാരീരിക് പ്രമുഖും സേവാഭാരതിയുടെയും പിഷാരിക്കൽ ഗ്രാമസേവാ സമിതിയുടെയും സജീവപ്രവർത്തകനുമാണ് അനീഷ്. സംസ്കാരം ഇന്നു 10ന് ചാലക്കുടി നഗരസഭാ ക്രിമറ്റോറിയത്തിൽ. അശോകനാണ് അനീഷിന്റെ അച്ഛൻ. അമ്മ: പത്മിനി. സഹോദരങ്ങൾ: അജീഷ്, അനി.