മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടും കാര്യമില്ല; ‘ഒയാസിസി’ൽ നിർണായകം റവന്യു വകുപ്പ്, പന്ത് വീണ്ടും സിപിഐ കോർട്ടിൽ

Mail This Article
തിരുവനന്തപുരം∙ ഒയാസിസിന്റെ മദ്യനിര്‍മാണശാല എലപ്പുള്ളിയില്‍നിന്നു മാറ്റിക്കൂടേ എന്ന സിപിഐയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും ഒടുവില്‍ പദ്ധതിയുടെ ഭാവി സിപിഐയുടെ കോർട്ടില്‍. പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിലെത്തിയാണ് മുഖ്യമന്ത്രി സിപിഐയുടെ ആവശ്യം തള്ളിക്കളഞ്ഞത്. സിപിഐയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പിന്റെ തീരുമാനങ്ങളാണ് ഭൂവിഷയത്തില്‍ നിര്‍ണായകമാകുക.
ഒയാസിസ് കമ്പനി അധികഭൂമി കൈവശം വയ്ക്കുന്നതു സംബന്ധിച്ചും ഭൂമി തരംമാറ്റുന്നതു സംബന്ധിച്ചുമുള്ള അപേക്ഷകള്‍ റവന്യൂ വകുപ്പിന്റെ പരിഗണനയിലാണ്. ഭൂമിതരംമാറ്റത്തിനുള്ള കമ്പനിയുടെ അപേക്ഷ ആര്‍ഡിഒ തള്ളിയിരുന്നു. കമ്പനിക്കെതിരെ മിച്ചഭൂമി കേസെടുക്കുന്നതിനെക്കുറിച്ചു പരിശോധിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ നിയമസഭയില്‍ അറിയിച്ചതോടെയാണ് പുതിയ വിവാദത്തിനു തുടക്കമായത്. എന്നാല്‍ ഇതു സംബന്ധിച്ച് യാതൊരു ഉത്തരവും ലഭിച്ചിട്ടില്ലെന്നാണ് താലൂക്ക് ലാന്‍ഡ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നിര്‍ദേശം കിട്ടുന്ന മുറയ്ക്ക് കമ്പനിയില്‍നിന്നു രേഖകള്‍ ആവശ്യപ്പെട്ടു പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കും.
ഭൂപരിഷ്‌കരണനിയമം അനുസരിച്ച് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പരമാവധി കൈവശം വയ്ക്കാവുന്നതു 15 ഏക്കറാണ്. ഒയാസിസ് കമ്പനി 23.93 ഏക്കര്‍ ഭൂമിയാണ് കൈവശംവയ്ക്കുന്നത്. സ്വകാര്യ സംരംഭകര്‍ നിശ്ചിത തുകയിലേറെ മുതല്‍മുടക്കുകയും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്താല്‍ 15 ഏക്കറിലധികം കൈവശം വയ്ക്കാന്‍ ഭൂപരിഷ്‌കരണ നിയമത്തിനു വിധേയമായി ഇളവു നല്‍കാന്‍ സര്‍ക്കാരിനു കഴിയും. എന്നാല്‍ റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് ഇതിനും അനിവാര്യമാണ്. ഇത്തരത്തില്‍ ഇളവ് വേണമെന്നാണ് കമ്പനി ആവശ്യപ്പെടുന്നത്.
ഡപ്യുട്ടി കലക്ടര്‍ (എല്‍ആര്‍), പാലക്കാട് തഹസില്‍ദാര്‍, ജില്ലാ വ്യവസായകേന്ദ്രം, എക്‌സൈസ് വകുപ്പ് എന്നിവരില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാതല കമ്മിറ്റി ചേര്‍ന്ന് ഈ വിഷയം പരിഗണിക്കും. കമ്പനിയുടെ കൈവശമുള്ള 23.92 ഏക്കര്‍ ഭൂമിയില്‍ 17.9 ഏക്കര്‍ കരഭൂമിയും 5.9 ഏക്കര്‍ നിലവുമാണ്. ഇതില്‍ 4 ഏക്കര്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള ഡാറ്റാ ബാങ്കില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ആര്‍ഡിഒ തള്ളിയിരുന്നു. ഇതിലും കമ്പനി അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒയാസിസ് കമ്പനിക്ക് 9 ആധാരങ്ങള്‍ പ്രകാരം 23.92 ഏക്കര്‍ ഭൂമി റജിസ്റ്റര്‍ ചെയ്തു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി നിയമസഭയില്‍ അറിയിച്ചിരുന്നു.