ADVERTISEMENT

കോട്ടയം∙ ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിനിനു മുന്നിൽ ചാടി അമ്മയും രണ്ടു പെൺമക്കളും ജീവനൊടുക്കിയ ദിവസം പുലർച്ചെ ഭർത്താവ് നോബി വാട്സാപ് സന്ദേശം അയച്ചിരുന്നുവെന്നും ഇതിൽ മനംനൊന്താണ് ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തതെന്നും പൊലീസ് നിഗമനം. ഷൈനിക്ക് വാട്സാപ് സന്ദേശം അയച്ചുവെന്നു സമ്മതിക്കുന്ന നോബി എന്തു സന്ദേശമാണ് അയച്ചതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല‌.

ഇക്കാര്യങ്ങൾ ചോദിച്ചറിയാനാണ് നോബിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. എന്നാൽ പലതവണ ചോദിച്ചിട്ടും ആ സന്ദേശം വെളിപ്പെടുത്താതെ അലസ്സനായി ഒന്നും പ്രതികരിക്കാതെ നിൽക്കുകയാണ് നോബിയെന്നും പൊലീസ് പറയുന്നു. കൂടാതെ അന്ന് വാട്സാപ്പിലൂടെ ഷൈനിയെ നോബി വിളിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളും സമ്മതിക്കാൻ നോബി തയാറായില്ലെന്ന് അന്വേഷണ സംഘം പറയുന്നു

∙ ഡിജിറ്റൽ തെളിവുകൾ കൂട്ടിയിണക്കാൻ പൊലീസ്

പൊലീസ് കസ്റ്റഡിയിലുള്ള നോബി അന്വേഷണത്തോടു സഹകരിക്കാതെ വന്നതോടെ ശാസ്ത്രീയ തെളിവുകൾ കൂട്ടിയിണക്കി കേസിന്റെ ചുരുളഴിക്കാനാണ് പൊലീസിന്റെ നീക്കം. മൂവരെയും ആത്മഹത്യയിലേക്കു തള്ളിവിടാൻ മാത്രം കടുത്ത എന്തു സന്ദേശമാണ് നോബി അയച്ചതെന്നു കണ്ടെത്തേണ്ടതുണ്ട്. കൂടാതെ അന്നേ ദിവസം നോബി വാട്സാപ് കോളിലൂടെ ഷൈനിയോടു പറഞ്ഞതെന്താണെന്നും വ്യക്തമല്ല. നോബിയുടെ ഫോണിൽനിന്ന് ഈ വിവരങ്ങളെല്ലാം നീക്കം ചെയ്ത നിലയിലാണ്. ഇവയെല്ലാം തിരിച്ചെടുക്കാനാവുമെങ്കിലും വാട്സാപ് കോളിലെ വിശദാംശങ്ങൾ കിട്ടാൻ കാലതാമസമുണ്ടാകും. ഇതേസമയം, ഷൈനിയുടെ ഫോണിൽ കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള നിർണായക വിവരങ്ങളുണ്ടാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

∙കസ്റ്റഡി കാലാവധി ഇന്നു തീരും

നോബിയുടെ കസ്റ്റഡി കാലാവധി ഇന്നു തീരും. മൂന്നു ദിവസത്തേക്കായിരുന്നു തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസ് (44)നെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നു വൈകുന്നേരം 4ന് നോബിയെ പൊലീസ് ഏറ്റുമാനൂർ ഫസ്റ്റ് ക്ലാസ് ജുഡീഷൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. ഇതേസമയം, അടുത്ത ദിവസം തന്നെ നോബി ജാമ്യാപേക്ഷ ഫയൽ ചെയ്യുമെന്നാണു വിവരം. വീണ്ടും ജാമ്യാപേക്ഷയെ പൊലീസ് എതിർക്കാനാണു സാധ്യത. കഴിഞ്ഞ ദിവസം നൽകിയ ജാമ്യാപേക്ഷ പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി തള്ളിയിരുന്നു. തുടർന്നാണു വിശദമായ ചോദ്യം ചെയ്യലിനായി നോബിയെ കസ്റ്റഡിയിൽ വിട്ടുനൽകിയത്. കേസിൽ തെളിവെടുപ്പോ മറ്റോ ആവശ്യമില്ലാത്തതിനാലാണ് മൂന്നു ദിവസത്തെ കസ്റ്റഡിക്കു മാത്രം പൊലീസ് അപേക്ഷ നൽകിയത്.

നോബിയുടെ ഭാര്യയും ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയുമായ ഷൈനി, പതിനൊന്നും പത്തും വയസ്സുള്ള മക്കളായ അലീന, ഇവാന എന്നിവർ കഴിഞ്ഞ 28ന് പുലർച്ചെയാണ് നിലമ്പൂർ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർത്താവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് മൂവരും ജീവനൊടുക്കിയതെന്നു ചൂണ്ടിക്കാട്ടി ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയായിരുന്നു നോബിയുടെ അറസ്റ്റ്. കേസിൽ ഷൈനിയുടെ മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും വിശദമായ മൊഴി പൊലീസ് ശേഖരിക്കും. ഇതൊടൊപ്പം ഷൈനി നൽകിയ കേസുകൾ ഉൾപ്പെടെ നോബിക്കെതിരായ കേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

English Summary:

Etumanoor Family Suicide: Police Investigate WhatsApp Message in Etumanoor Triple Suicide

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com