വർക്കലയിൽ ഭാര്യാ സഹോദരനെ വെട്ടിക്കൊന്ന് യുവാവ്; തലയ്ക്ക് വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

Mail This Article
തിരുവനന്തപുരം ∙ വർക്കലയിൽ 54 വയസ്സുകാരനെ സഹോദരി ഭർത്താവ് വെട്ടിക്കൊന്നു. പുല്ലിനിക്കോട് സ്വദേശി സുനിൽദത്താണ് (54) മരിച്ചത്. സഹോദരി ഉഷാകുമാരിയുടെ ഭർത്താവ് ഷാനിയാണ് സുനിലിനെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഉഷാകുമാരി (46) ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഉഷാകുമാരിയും ഭർത്താവ് ഷാനിയും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. വൈകിട്ട് 6 മണിയോടെ കുടുംബ വീട്ടിലെത്തിയ ഷാനിയും സുഹൃത്തുകളും ഉഷാകുമാരിയുമായി വഴക്കുണ്ടാക്കി.
തുടർന്ന് ഉഷയുടെ സഹോദരൻ സുനിൽദത്ത് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. വഴക്ക് രൂക്ഷമായതോടെ ഇരുവരെയും ഷാനി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉഷാകുമാരിയുടെ തലയിലും സുനിൽ ദത്തിന്റെ കഴുത്തിനും കാലിനുമാണ് വെട്ടേറ്റത്. ഇരുവരെയും ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ സുനിൽദത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഉഷാകുമാരിയുടെ നില ഗുരുതരമായതോടെ ഇവരെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.