‘വിയർത്തു കുളിച്ച് കേരളം’, പാലക്കാടും മലപ്പുറത്തും റെഡ് അലർട്ട്

Mail This Article
തിരുവനന്തപുരം∙ ഉഷ്ണത്തിലേക്കു നീങ്ങുന്ന കേരളത്തിന്റെ ഉറക്കം കെടുത്തി അൾട്രാവയലറ്റ് രശ്മികളിൽ നിന്നുള്ള വികിരണ തോത്. ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ യുവി സൂചികയിൽ പാലക്കാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ടാണ്. ഈ രണ്ടു ജില്ലകളിലും യുവി തോത് 11 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുവി സൂചികയിൽ കൊല്ലം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലം, ഇടുക്കി ജില്ലകളിൽ യുവി വികരണ തോത് 10 രേഖപ്പെടുത്തിയപ്പോൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ 9 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. എറണാകുളത്ത് 8 ആണ് യുവി ഇൻഡക്സ്.
കോഴിക്കോട്, വയനാട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ ഇന്ന് യെലോ അലർട്ടാണ്. കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ യുവി തോത് 7 രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിൽ യുവി വികരണന തോത് 6 ആണ്. കാസർകോടാണ് ഏറ്റവും കുറവ് യുവി തോത്. യുവി ഇൻഡക്സ് 5 രേഖപ്പെടുത്തിയ കാസർകോട് അലർട്ടുകളൊന്നുമില്ല.
യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നത്. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലും ഉയർന്ന യുവി രേഖപ്പെടുത്തിയതിനെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. യുവി സൂചിക 7നു മുകളിലെത്തിയാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നുമാണ് മുന്നറിയിപ്പ്. ഇന്ത്യയിലെ തന്നെ ഏറ്റവുമധികം യുവി വികിരണ ഭീഷണിയുള്ള സ്ഥലമാണ് കേരളം എന്നാണ് ദുരന്ത നിവാരണ വകുപ്പ് അറിയിച്ചിരിക്കുന്നത്.