ADVERTISEMENT

തിരുവനന്തപുരം ∙ യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പൊലീസ്. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടിസ് ഇറക്കിയ കുറ്റവാളിയും ലിത്വാനിയന്‍ പൗരനുമായ അലക്‌സേജ് ബെസിയോകോവ് (46) ആണു വര്‍ക്കലയിൽ അറസ്റ്റിലായത്. ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനാണ്.

ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കോടിക്കണക്കിനു ഡോളറിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. ‌അലക്‌സേജ് ബെസിയോകോവിനെ യു‌എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജി) പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഗാരന്റക്‌സിന്റെ സഹസ്ഥാപകരിലൊരാളായ അലക്‌സാണ്ടര്‍ മിറ സെര്‍ദ (40) എന്ന റഷ്യന്‍ പൗരനെതിരെയും സമാന കുറ്റത്തിനു കേസുണ്ട്. ഇയാള്‍ യുഎഇയിലാണെന്നാണു സൂചന.

കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാൻ വര്‍ക്കലയിലെത്തിയ അലക്‌സേജ് ബെസിയോകോവിനെ ഹോംസ്‌റ്റേയില്‍നിന്നാണു കസ്റ്റഡിയിലെടുത്തത്. രാജ്യം വിടാൻ പദ്ധതിയിട്ടിരുന്ന ഇയാളെ സിബിഐയുടെ ഇന്റർപോൾ യൂണിറ്റിന്റെ സഹായത്തോടെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. യുഎസിന്റെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം കേസിൽ ഇടപെട്ടിരുന്നു.

തുടർന്നാണു ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇന്റർപോൾ, സിബിഐ, കേരള പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണു ഇയാൾ വലയിലായത്. പ്രതിയെ കേരള പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യുഎസിനു കൈമാറാനാണു നീക്കം.

∙ എന്താണ് അലക്‌സേജിനെതിരായ കുറ്റം?

2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്‌സേജും മിറ സെര്‍ദയും ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് നടത്തിയതെന്നാണു യുഎസിലെ കോടതി രേഖകൾ. ഭീകരർക്കുൾപ്പെടെ ക്രിമിനൽ സംഘങ്ങൾക്കു കള്ളപ്പണം വെളുപ്പിക്കാനുള്ള പ്ലാറ്റ്ഫോമായി ഇവർ പ്രവർത്തിച്ചെന്നാണു കേസ്. 2019 ഏപ്രിൽ മുതൽ ഗാരന്റക്‌സ് 96 ബില്യൻ ഡോളറിന്റെയെങ്കിലും ക്രിപ്‌റ്റോകറൻസി ഇടപാടുകൾ നടത്തിയിട്ടുണ്ട്.

ഹാക്കിങ്, ഭീകരത, ലഹരിക്കടത്ത് എന്നിവയുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങൾക്കു സൗകര്യമൊരുക്കിയതിലൂടെ കോടിക്കണക്കിനു ഡോളറാണു  ഗാരന്റക്‌സിനു വരുമാനം ലഭിച്ചത്. 2025 മാർച്ച് 6ന്, ഗാരന്റക്സിനെ പിന്തുണയ്ക്കുന്ന 3 വെബ്‌സൈറ്റ് ഡൊമെയ്നുകൾക്കെതിരെ വിർജീനിയയിലെ കോടതി നടപടിയെടുത്തു. ഇവ പിടിച്ചെടുക്കാൻ യുഎസ് സീക്രട്ട് സർവീസ് ഉത്തരവിറക്കി.

ഗാരന്റക്സിന്റെ പ്രവർത്തനങ്ങൾ ഹോസ്റ്റ് ചെയ്യുന്ന സെർവറുകൾ ജർമനി, ഫിൻലാൻഡ് രാജ്യങ്ങളുടെ സഹകരണത്തോടെ പിടിച്ചെടുത്തു. ഗാരന്റക്സിന്റെ 26 ദശലക്ഷം ഡോളറിലധികം ഫണ്ടുകൾ യുഎസ് ഏജൻസികൾ മരവിപ്പിക്കുകയും ചെയ്തു. പരമാവധി 20 വർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രണ്ടുപേർക്കെതിരെയും ചുമത്തിയിട്ടുള്ളത്.

English Summary:

Aleksey Bezyakov: Kerala Police arrest Aleksey Bezyakov, a Lithuanian co-founder of Garantex cryptocurrency exchange, wanted by the US for money laundering and assisting cybercriminals.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com