‘അംഗപ്രദക്ഷിണം’ വിലക്കി മദ്രാസ് ഹൈക്കോടതി; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബെഞ്ച്

Mail This Article
ചെന്നൈ∙ അന്നദാനം നടത്തി ഉപേക്ഷിക്കുന്ന ഇലയിൽ ഭക്തർ ഉരുളുന്ന ആചാരമായ ‘അംഗപ്രദക്ഷിണം’ റദ്ദാക്കി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരത്തിനാണ് മദ്രാസ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. ആർ.സുരേഷ് കുമാർ, അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. 2015 ൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ‘അംഗപ്രദക്ഷിണം’ തടഞ്ഞ ഉത്തരവ് 2024ൽ ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ റദ്ദാക്കിയതിനെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
ആരാധനാ സ്വാതന്ത്ര്യം തടയരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം നവീൻ കുമാർ നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് ‘അംഗപ്രദക്ഷിണ’ത്തിന് അനുമതി നൽകിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഇന്ന് കോടതി നിരോധനമേർപ്പെടുത്തിയിരിക്കുന്നത്.
കർണാടകയിലെ ഒരു ക്ഷേത്രത്തിലും സമാനമായ ആചാരം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. അതിനാൽ ആചാരം ധാർമികതയ്ക്കു വിരുദ്ധമാണോ എന്ന് ഈ ഘട്ടത്തിൽ തീരുമാനിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. അംഗപ്രദക്ഷിണം ധാർമികതയെ നേരിട്ട് വ്രണപ്പെടുത്തുന്നതായി തോന്നുന്നില്ല. ഭക്ഷണാവശിഷ്ടമുള്ള ഇലയിൽ ഉരുളുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നതിന് തെളിവുകളോ രേഖകളോ ഇല്ല. ഇത്തരം ആചാരങ്ങൾക്ക് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന് സമ്മതിച്ച കോടതി, എല്ലാ മതാചാരങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണെന്നും ശാസ്ത്രീയ തെളിവുകൾ തേടാനാവില്ലെന്നും നിരീക്ഷിച്ചു. വിധി ലംഘിച്ചു കൊണ്ട് ആചാരം തുടരാൻ തമിഴ്‌നാട് സർക്കാരും ജില്ലാ ഭരണകൂടവും അനുവദിക്കരുതെന്ന് ജഡ്ജിമാർ നിർദേശിച്ചു.