മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം: നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

Mail This Article
കൊച്ചി ∙ മുണ്ടക്കൈ - ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള നെടുമ്പാല എസ്റ്റേറ്റ് തല്‍ക്കാലം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ. നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹാരിസൺ മലയാളം നൽകിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുക.
ആദ്യ ഘട്ടത്തില്‍ 430 കുടുംബങ്ങള്‍ക്കായാണ് പുനരധിവാസ പദ്ധതി നടപ്പാക്കേണ്ടത് എന്ന് സർക്കാർ വ്യക്തമാക്കി. ദുരന്തബാധിതരില്‍ പലരും 15 ലക്ഷം രൂപ നഷ്ടപരിഹാരം മതിയെന്ന നിലപാടെടുത്തിട്ടുണ്ട്. അതിനാൽ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകും. അതുകൊണ്ട് എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ ഒരുമിച്ച് ഏറ്റെടുക്കേണ്ടതില്ലെന്നും സർക്കാർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നഷ്ടപരിഹാര തുക കെട്ടിവയ്ക്കേണ്ടതില്ല.
വൈത്തിരിയിൽ ഹാരിസൺ നെടുമ്പാല എസ്റ്റേറ്റിന്റെ 65.41 ഹെക്ടർ ഭൂമിയും കൽപറ്റയിൽ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമിയും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. നഷ്ടപരിഹാരം നൽകി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. ഇതിനെതിരെ ഹാരിസൺ മലയാളം ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സിവിൽ കേസ് നിലനിൽക്കുന്നതും ഇതിനിടെ കോടതിയുടെ പരിഗണനയിൽ വന്നു. തുടർന്നാണ് ഇക്കാര്യത്തിൽ കോടതി സർക്കാരിന്റെ നിലപാട് ആരാഞ്ഞത്.