ADVERTISEMENT

തിരവനന്തപുരം ∙ തുഷാർ ഗാന്ധിക്കെതിരെ ആർഎസ്എസ് നടത്തിയത് പരസ്യമായ കടന്നാക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി വർക്കല ശിവഗിരിയിലെ ഗാന്ധി - ഗുരു സംവാദത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്യാനും ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമ അനാച്ഛാനത്തിനുമാണ് കേരളത്തിലെത്തിയത്.

‘‘അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി ജനാധിപത്യ സമൂഹത്തിൽ  അനുവദിക്കാനാവില്ല. ഇത്തരം പ്രവണതകള്‍ക്കെതിരെ നിയമപരവും ജനാധിപത്യപരവുമായ നടപടിയുണ്ടാവും. പൊതുജനാഭിപ്രായം വളര്‍ത്തി സമൂഹമാകെ ഇത്തരം ചെയ്തികളെ  ഒറ്റപ്പെടുത്തണം. ഇത്തരം ആക്രമണങ്ങൾക്ക് മുതിരുന്നവരുടെ മാനസികാവസ്ഥ ഗാന്ധിജിയെ വധിച്ചവരിൽ നിന്ന് ഒട്ടും വിഭിന്നമല്ല. മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്തിന്‍റെ ആത്മാവിന് വര്‍ഗീയതയുടെ അര്‍ബുദബാധയുണ്ടാവുന്നു എന്ന ആശങ്കയാണ് തുഷാര്‍ ഗാന്ധി പങ്കുവച്ചത്. നമ്മുടെ സംസ്കാരം വിരുദ്ധ അഭിപ്രായങ്ങളെയും ബഹുമാനിക്കുന്നതാണ്. ആ സംസ്കാരത്തെ അപകീര്‍ത്തിപ്പെടുത്തുക  കൂടിയാണ് സംഘപരിവാര്‍.  പ്രകോപനത്തിന് വശംവദനാവാതെ ഗാന്ധിജിക്ക് ജയ് വിളിച്ചു മടങ്ങുകയാണ് തുഷാർ ഗാന്ധി ചെയ്തത്. കേരളത്തില്‍ എത്തുന്ന ദേശീയ - രാജ്യാന്തര മുഖങ്ങളുള്ള വ്യക്തിത്വങ്ങളുടെ വഴി തടയുന്നതുപോലുള്ള നീക്കങ്ങള്‍ അനുവദിക്കില്ല. 

LISTEN ON

മതേതര ജനാധിപത്യ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം ഈ സംഭവത്തിൽ ഉയരേണ്ടതാണ്. ജനാധിപത്യം നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ഒരു വ്യക്തിയും സമൂഹ വിഭാഗവും രാഷ്ട്രീയ പ്രസ്ഥാനവും മൗനം പാലിച്ചു കൂടാത്ത സന്ദർഭമാണിത്. ആ ബോധവും അതിൽ നിന്നുളവാകുന്ന ശക്തമായ പ്രതിഷേധവും പൊതുമണ്ഡലത്തിൽ  ഉണ്ടായാലേ നമ്മുടെ അഭിപ്രായപ്രകടന സ്വാതന്ത്ര്യമടക്കം സംരക്ഷിക്കാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. തുഷാര്‍ ഗാന്ധിക്കെതിരെയുണ്ടായത് ക്രൂരമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു. ഇന്നലെ നെയ്യാറ്റിൻകരയിൽ വച്ചാണ് ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയെ ബിജെപി പ്രവർത്തകർ വഴിയിൽ തടഞ്ഞത്.

രാജ്യത്തിന്റെ ആത്മാവായ മതനിരപേക്ഷത തകരുന്നുവെന്നും ഇതിന് ആർഎസ്എസ് ബോധപൂർവം ശ്രമിക്കുന്നുവെന്നും പ്രസംഗിച്ചതിനു പിന്നാലെയായിരുന്നു സംഭവം. ആർഎസ്എസ് വിഷമാണെന്നും ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനാണ് ശ്രമിക്കുന്നതെന്നും തുഷാർ ഗാന്ധി പറ‍ഞ്ഞു. ഈ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

എന്നാൽ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് വ്യക്തമാക്കിയ തുഷാർ ഗാന്ധി മഹാത്മാഗാന്ധി സിന്ദാബാദ് എന്ന് മുദ്രാവാക്യവും വിളിച്ചാണ് മടങ്ങിയത്. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകർക്ക് അറിവുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈ രീതിയില്‍ പ്രതികരിക്കില്ലായിരുന്നെന്ന് തുഷാര്‍ ഗാന്ധി പിന്നീട് പറഞ്ഞു. വഴി തടഞ്ഞത് ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

English Summary:

Tushar Gandhi's Kerala Visit: Pinarayi Vijayan Vows Action Against RSS for Obstructing Tushar Gandhi's Kerala Visit

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com