ADVERTISEMENT

കൊച്ചി ∙ കളമശേരി ഗവ. പോളിടെക്നിക് ഹോസ്റ്റലിൽനിന്നു കഞ്ചാവ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണങ്ങളുമായി എസ്എഫ്ഐയും കെഎസ്‍യുവും. പൊലീസ് അറസ്റ്റ് ചെയ്ത 3 പേരിൽ എസ്എഫ്ഐ നേതാവും ക്യാംപസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ ആർ.അഭിരാജുമുണ്ട്. താൻ ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ലെന്നും മനപ്പൂർവം കേസിൽ കുടുക്കുകയായിരുന്നു എന്നുമാണ് അഭിരാജ് പറയുന്നത്. ഇതിനെ എസ്എഫ്ഐ ഏരിയ കമ്മിറ്റിയും പിന്തുണച്ചു. കെഎസ്‍യു നേതാവിന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും ഓടിപ്പോയ രണ്ടു പേർ കെഎസ്‍യു നേതാക്കളാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഇതു പാടേ തള്ളുകയാണു കെഎസ്‍യു. 

എസ്എഫ്ഐ യൂണിറ്റ് സമ്മേളനം നടക്കുന്നതിനാൽ അതിന്റെ അലങ്കാര പരിപാടികളുമായി ബന്ധപ്പെട്ട് ക്യാംപസിൽ ഉണ്ടായിരുന്ന താൻ റെയ്ഡ് നടക്കുന്നത് അറിഞ്ഞാണ് ഹോസ്റ്റലിൽ എത്തിയതെന്ന് അഭിരാജ് പറയുന്നു. താന്‍ ലഹരി ഉപയോഗിക്കുന്ന ആളല്ലെന്നും കഞ്ചാവ് തന്റേതല്ലെന്നു പറഞ്ഞിട്ടും പൊലീസ് ഭീഷണിപ്പെടുത്തുകയും കേസ് എടുക്കുകയുമാണ് ചെയ്തത് എന്നുമാണ് അഭിരാജിന്റെ വാദം. റെയ്ഡ് സമയത്തു ഹോസ്റ്റലിൽനിന്ന് ഇറങ്ങി ഓടിയ ആളുകൾ കെഎസ്‍യു നേതാക്കളായ ആദിലും അനന്തുവുമാണെന്ന് എസ്എഫ്ഐ ഏരിയ സെക്രട്ടറി ദേവരാജ് ആരോപിച്ചു. കഴിഞ്ഞ വർഷം ആര്‍ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെഎസ്‍യു പാനലിൽ മത്സരിച്ച ആളാണ് ആദിൽ എന്നും ഇവർ ഒളിവിലാണ് എന്നും എസ്എഫ്ഐ ആരോപിച്ചിരുന്നു. 

തൊട്ടുപിന്നാലെ ക്യാംപസിൽ എത്തിയ ആദിലും അനന്തുവും, എസ്എഫ്ഐയുടെ ആരോപണം നിഷേധിച്ചു. സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാൻ പുറത്തു പോയതായിരുന്നു താൻ എന്നാണ് ആദിലിന്റെ വാദം. രാത്രി 10 മണിക്ക് ഹോസ്റ്റലിന്റെ ഗേറ്റ് അടയ്ക്കുന്നതിനാൽ എത്താൻ വൈകുമെന്നു മനസ്സിലാക്കി സുഹൃത്തിനൊപ്പം പുറത്താണ് താമസിച്ചതെന്നും ആദിൽ പറയുന്നു. താൻ ഹോസ്റ്റലില്ല താമസമെന്നും ഭക്ഷണം വിതരണം ചെയ്യുമ്പോഴായിരുന്നു റെയ്ഡ് എന്ന് അനന്തുവും പറയുന്നു. അറസ്റ്റിലായ ആകാശ് കെഎസ്‍യു ഭാരവാഹിയല്ലെന്നും സുഹൃത്താണെന്നും ഇരുവരും പറഞ്ഞു. അവസാന വർഷ വിദ്യാർഥികളാണ് അറസ്റ്റിലായവർ.

English Summary:

Drug Raid at Kalamassery Polytechnic: Cannabis Bust Fuels SFI-KSU Clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com