മണ്ഡല പുനര്‍നിര്‍ണയം: കേന്ദ്രത്തിനെതിരായ സമ്മേളനത്തിലേക്ക് പിണറായിയെ ക്ഷണിച്ച് സ്റ്റാലിൻ

Mail This Article
തിരുവനന്തപുരം∙ പാര്‍ലമെന്റ് മണ്ഡല പുനര്‍നിര്‍ണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ 22ന് ചെന്നൈയില്‍ നടത്തുന്ന സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനു ക്ഷണം. തമിഴ്‌നാട് ഐടി മന്ത്രി നേരിട്ടെത്തിയാണ് സ്റ്റാലിന്റെ കത്ത് മുഖ്യമന്ത്രിക്കു കൈമാറിയത്. സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചാണ് സ്റ്റാലിന്റെ കത്ത്.
സമ്മേളനത്തിന് പൂര്‍ണ പിന്തുണ പിണറായി അറിയിച്ചു. ഏകപക്ഷീയമായി മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാർ ശ്രമത്തിനെതിരെ യോജിച്ച നീക്കം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുതിര്‍ന്ന മന്ത്രിയെ സമ്മേളനത്തിന് അയയ്ക്കുമെന്നാണ് സൂചന. സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ബംഗാള്‍, ഒഡീഷ, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ക്കാണ് സ്റ്റാലിന്‍ കത്തു നല്‍കിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി നേടിയ ശേഷം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ബിആര്‍എസ് നേതാവ് കെ.ടി.രാമറാവുവും സമ്മേളനത്തിനെത്തും. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യം കുറയുന്ന തരത്തിലാണ് ലോക്‌സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കമെന്നാണ് ആരോപണം.