മതവിദ്വേഷ കമന്റുമായി സിപിഎം നേതാവ്; വിവാദമായപ്പോൾ പിൻവലിച്ചു ക്ഷമാപണം

Mail This Article
മൂവാറ്റുപുഴ ∙ സമൂഹമാധ്യമ പോസ്റ്റിനു താഴെ മതവിദ്വേഷം നിറയുന്ന കമന്റിട്ട സിപിഎം മൂവാറ്റുപുഴ ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നടപടി വിവാദമായി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം കൂടിയായ എം.ജെ. ഫ്രാൻസിസ് ആണ് സിപിഎം പ്രവർത്തകന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ മതവിദ്വേഷ കമന്റ് ഇട്ടത്.
മുസ്‌ലിം ജനവിഭാഗത്തിനെതിരെ ആക്ഷേപങ്ങൾ ഉന്നയിക്കുന്ന കമന്റിന്റെ സ്ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ വിശദീകരണവുമായി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പരാമർശം സിപിഎം നിലപാടല്ലെന്ന് ഏരിയ കമ്മിറ്റി സെക്രട്ടറി അനീഷ് എം.മാത്യു പറഞ്ഞു. ഇത്തരത്തിലുള്ള നിലപാടു സ്വീകരിക്കുന്ന പ്രവർത്തകരെ തിരുത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഏരിയ കമ്മിറ്റി അറിയിച്ചു. ഇതിനു പിന്നാലെ ഫ്രാൻസിസ് കമന്റ് നീക്കം ചെയ്തു. സമൂഹമാധ്യമത്തിലൂടെ ക്ഷമാപണവും നടത്തി.