‘ഡിജിറ്റൽ പ്ലാറ്റ്ഫോം തൊഴിലാളികളെ പരിരക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണം’: ലോക്സഭയിൽ ഹൈബി ഈഡൻ എംപി

Mail This Article
ന്യൂഡൽഹി∙ സ്വിഗ്ഗി, സൊമാറ്റോ, ഊബർ, ഓല, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ജോലിയെടുക്കുന്ന ഗിഗ്തൊഴിലാളികളെ പരിരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഹൈബി ഈഡൻ എംപി. ലോക്സഭയിലെ ശൂന്യ വേളയിലാണ് ഹൈബി ഈഡൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ ഗിഗ് സമ്പദ്‌വ്യവസ്ഥ ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ടെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ദശലക്ഷക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്തു വരുമ്പോഴും, ഈ തൊഴിലാളികൾക്ക് അടിസ്ഥാന സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, ന്യായമായ വേതനം, നിയമപരമായ പരിരക്ഷകൾ എന്നിവ ഇപ്പോഴും ലഭ്യമല്ലെന്നും ഹൈബി ഈഡൻ എംപി അറിയിച്ചു.
പല ഗിഗ് തൊഴിലാളികളും ഏകപക്ഷീയമായ ശമ്പള വെട്ടിക്കുറവുകൾ, അമിതമായ ജോലി സമയം, പരാതി പരിഹാര സംവിധാനങ്ങളുടെ അഭാവം എന്നിവ നേരിടുന്നുണ്ട്; ഇവ കൂടാതെ, അൽഗോരിതം അടിസ്ഥാനമാക്കിയുള്ള തൊഴിൽ മാതൃകകൾ പലപ്പോഴും അന്യായമായ സസ്‌പെൻഷനുകളിലേക്കും വേതന കിഴിവുകളിലേക്കും നയിക്കുന്നുമുണ്ട്. ഇത് അവരുടെ സാമ്പത്തിക അസ്ഥിരതയെ കൂടുതൽ വഷളാക്കുകയാണെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി.
അടിയന്തര സാഹചര്യം കണക്കിലെടുത്ത്, ഗിഗ് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമനിർമ്മാണമോ ഭേദഗതികളോ കൊണ്ടുവന്ന് സർക്കാർ ഉടനടി നടപടി സ്വീകരിക്കണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.