മുഖം നോക്കി മനസ്സിലിരുപ്പ് പറയുന്ന ക്യാമറ വരുമോ? എഐ ഇല്ലാതെ മുന്നോട്ടു പോകാനാകില്ലെന്ന് സുധാകരൻ; ലഹരിക്കെതിരെ മനുഷ്യച്ചങ്ങല

Mail This Article
തിരുവനന്തപുരം ∙ വാർഡ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കാത്ത ഡിസിസി അധ്യക്ഷന്മാർക്ക് കെപിസിസി ഭാരവാഹി യോഗത്തിൽ താക്കീത്. എത്രയും വേഗം വാർഡ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് ആറു ഡിസിസികളോട് നേതൃത്വം ആവശ്യപ്പെട്ടു. വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലാ അധ്യക്ഷന്മാർക്കാണ് പാർട്ടി നിർദേശം. വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണം 80 ശതമാനം പൂര്‍ത്തിയാക്കിയെന്നാണ് കെപിസിസി റിപ്പോർട്ട്.
കടൽ മണൽ ഖനനത്തിന് എതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിന്റെ തീരദേശ യാത്രയ്ക്കു പിന്നാലെ കോൺഗ്രസ് ഒറ്റയ്ക്ക് യാത്ര നടത്തും. ഏപ്രിലിൽ വാഹനജാഥ ആയിട്ടാണ് സതീശൻ യാത്ര നടത്തുന്നതെങ്കിൽ മേയിൽ കാൽനട ആയാണ് കോൺഗ്രസിന്റെ യാത്ര. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ജാഥ ക്യാപ്ടൻ ആകുമെങ്കിലും ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, എം.വിൻസന്റ്, ടി.സിദ്ദിഖ് എന്നിവരുടെ കൂട്ടായ നേതൃത്വമാകും ജാഥയെ നയിക്കുക എന്നാണ് വിവരം. പാർട്ടിയുടെ ഉറച്ചക്കോട്ടയെന്ന് വിലയിരുത്തപ്പെടുന്ന തീരദേശ മേഖലയിലെ ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത് അവരെ കോൺഗ്രസിനൊപ്പം നിർത്തുകയാണ് ലക്ഷ്യം.
നേതൃത്വവുമായി സ്ഥിരം കൊമ്പുകോർക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ, പാർട്ടിയിൽ ഒരു കാലത്തും ഇല്ലാത്ത ഐക്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് യോഗത്തിൽ പറഞ്ഞു. ഡൽഹി ചർച്ചയോടെ നല്ല സന്ദേശമാണ് താഴെത്തട്ടിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായുള്ള ക്യാംപയിന്‍ കോൺഗ്രസ് ഏറ്റെടുത്ത് താഴെത്തട്ടിലേക്ക് എത്തിക്കണമെന്ന് സുധീരൻ നിർദേശിച്ചു.
മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവും തമ്മില്‍ ശിവഗിരിയില്‍ നടന്ന കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം കെപിസിസിയിൽ ആഘോഷിച്ചതിന്റെ ചുവടുപിടിച്ച് മണ്ഡലം തലങ്ങളിൽ പരിപാടികൾ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു. സുധീരന്റെ രണ്ടു നിർദേശങ്ങളും യോഗം അംഗീകരിച്ചു. ഓഗസ്റ്റ് 9ന് ക്വിറ്റ് ഇന്ത്യ ദിനത്തിൽ ലഹരിക്കെതിരെ സംസ്ഥാനവ്യാപകമായി മനുഷ്യച്ചങ്ങല തീർക്കാനാണ് തീരുമാനം.
∙ ക്ലാസിൽ മുൻനിരയിൽ അധ്യക്ഷൻ
കെപിസിസി ഭാരവാഹികൾക്കായി സംഘടിപ്പിച്ച എഐ പരിശീലന ക്ലാസിൽ മുൻനിരയിൽ ഇരിപ്പിടം ഉറപ്പിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ക്ലാസ് നയിച്ച അച്യുത് ശങ്കറിനോട് കൗതുകത്തോടെ ആയിരുന്നു സുധാകരന്റെ സംശയങ്ങൾ. തൂക്കുകയും തുടയ്ക്കുകയും ദോശ ചുടുകയും ചെയ്യുന്ന ഹ്യുമനോയിഡ് റോബോട്ടുകളെപ്പറ്റി ആയിരുന്നു കെപിസിസി അധ്യക്ഷന് ആശ്ചര്യം. ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എഐ ഇല്ലാതെ ഇനി മുന്നോട്ടുപോകാനാകില്ല എന്ന് സുധാകരൻ പറഞ്ഞു. അത്യാവശ്യമായി എഐ ഉപയോഗിച്ചു തുടങ്ങണം. എഐ ഇല്ലാതെ രാഷ്ട്രീയ പാർട്ടികൾക്ക് മത്സരിച്ച് നിൽക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു.
മുഖം നോക്കി മനസ്സിൽ ഇരുപ്പ് പറയുന്ന എഐ ക്യാമറ വന്നാൽ എന്താകും അവസ്ഥ എന്നായിരുന്നു പരിശീലന ക്ലാസിലെ ഏറ്റവും വലിയ സംസാരവിഷയം. മുഖം നോക്കി എൽഡിഎഫ് ആണോ യുഡിഎഫ് ആണോ എന്നു പറയുന്ന ക്യാമറ വരുമോ, വോട്ട് ചെയ്യാമെന്ന് പറയുന്ന വീട്ടുകാർ ശരിക്കും വോട്ട് ചെയ്യുമോയെന്ന് വായിച്ചെടുക്കുന്ന ക്യാമറ വരുമോ എന്നൊക്കെയായി നേതാക്കളുടെ ചോദ്യങ്ങൾ. ഇങ്ങനെ ക്യാമറ വന്നാൽ അത് വലിയ ദുരന്തമാകുമെന്ന് ആയിരുന്നു നേതാക്കളുടെ അഭിപ്രായം. മനസിനകത്ത് പോലും പ്രതിഷേധിക്കാൻ പറ്റാത്ത കാലം വരുമോ എന്നായിരുന്നു വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചന്റെ ആശങ്ക.
കോൺഗ്രസിന്റെയും ബിജെപിയുടെയും 2024 ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികകൾ എഐ വഴി വിലയിരുത്തി പാർട്ടി പ്രകടന പത്രികയുടെ ന്യൂനതകൾ നേതാക്കൾ ചർച്ച ചെയ്തു. മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളിലെ പ്രകടന പത്രികകളിലെ ന്യൂനതകളും എഐ ഉപയോഗിച്ച് വിലയിരുത്തി. ഒരു രാഷ്ട്രീയ പാർട്ടി ക്ലാസ് മുറിയിലേക്ക് കയറിയത് നല്ല കാര്യമാണെന്നും എല്ലാ നേതാക്കളും നല്ല വിദ്യാർഥികളായി പങ്കെടുത്തെന്നും ക്ലാസ് നയിച്ച അച്യുത് ശങ്കർ പറഞ്ഞു. നേതാക്കൾക്ക് പഠിക്കാൻ നോട്ടുകൾ അടക്കം കൊടുത്താണ് ക്ലാസ് അവസാനിപ്പിച്ചത്.