ചേർത്തലയിൽ നാലു വയസ്സുകാരിക്കു നേരെ 3 വർഷം ലൈംഗികാതിക്രമം; 62കാരന് 110 വർഷം തടവ്

Mail This Article
ആലപ്പുഴ∙ ചേര്‍ത്തലയിൽ നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 110 വർഷം തടവുശിക്ഷ. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ(62) ആണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ) തടവിന് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 110 വർഷം തടവു ശിക്ഷ വിധിച്ച കോടതി പ്രതിക്ക് 6 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴയടക്കാത്തപക്ഷം മൂന്നുവര്‍ഷം കൂടി ശിക്ഷയനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പെൺകുട്ടിക്കു നേരെ പ്രതി മൂന്നുവര്‍ഷക്കാലം ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു കേസ്.
2019ല്‍ തുടങ്ങിയ പീഡനം 2021ലാണ് പുറത്തറിയുന്നത്. വൈകാതെ ആലപ്പുഴ മണ്ണഞ്ചേരി പൊലീസ് കേസെടുക്കുകയായിരുന്നു. പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്തായിരുന്നു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പീഡന വിവരം പുറത്തു പറഞ്ഞാല്‍ കുട്ടിയെ പൊലീസ് പിടിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിനിടെ പെൺകുട്ടിക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയെ പ്രതി ഉപദ്രവിക്കുന്നതു ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ അമ്മൂമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അമ്മയെ അറിയിച്ചത്.
വൈകാതെ വിവരം പൊലീസിനെയും ചൈല്‍ഡ് ലൈൻ അധികൃതരെയും അറിയിക്കുകയായിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടും ആരോടും പറയാതെ മറച്ചുവച്ച പ്രതിയുടെ ഭാര്യയും കേസില്‍ ഉൾപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായിരുന്നു. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 29 സാക്ഷികളെയും 28 രേഖകളും കോടതിയിൽ ഹാജരാക്കി.