‘ ആ നീക്കം സുപ്രീംകോടതി തിരിച്ചറിഞ്ഞു ; ഉത്തരവ് വനംവകുപ്പിനുള്ള മറുപടി’: വിധിയിൽ സന്തോഷമെന്ന് പാറമേക്കാവും തിരുവമ്പാടിയും

Mail This Article
തൃശൂർ ∙ ആന എഴുന്നള്ളിപ്പ് കഴിഞ്ഞ ആയിരം വർഷമായി നിലനിൽക്കുന്ന ആചാരമാണെന്നും മനുഷ്യ – മൃഗ ബന്ധത്തെ ഒറ്റരാത്രി കൊണ്ട് ഇല്ലാതാക്കാനുള്ള നീക്കത്തെ സുപ്രീകോടതി തിരിച്ചറിഞ്ഞതിൽ സന്തോഷമെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. ആന എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ദേവസ്വം ഭാരവാഹികൾ മനോരമ ഓൺലൈനോട് പ്രതികരിച്ചു. ഉൽസവങ്ങളിൽ ആനയെഴുന്നളളിപ്പു വിലക്കണമെന്നു കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെയായിരുന്നു ദേവസ്വങ്ങളുടെ പ്രതികരണം.
‘നാട്ടാനകളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ടായിരുന്നല്ലോ വിഷയങ്ങൾക്കു തുടക്കമിട്ടത്. ആനകള്‍ക്ക് പ്രൊവിഷനൽ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് (ഉടമസ്ഥാവകാശം) നൽകുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സർട്ടിഫിക്കറ്റ് ഇതുവരെ വനംവകുപ്പിൽനിന്നു നൽകിയിട്ടില്ല. ഓണർഷിപ്പ് ഇല്ലെങ്കിൽ നാട്ടാനകളെ വനംവകുപ്പിന് കൊണ്ടുപോകാമെന്നതാണ് അവസ്ഥ. പാറമേക്കാവ് ഈ ആനകൾക്ക് ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകണമെന്നാവശ്യപ്പെട്ട് ഫീസ് അടച്ചിട്ടുണ്ട്. പക്ഷേ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. വനംവകുപ്പിന്റെ ഈ നിലപാടിനുള്ള മറുപടി കൂടിയായിട്ടാണ് സുപ്രീംകോടതി വിധിയെ പാറമേക്കാവ് നോക്കിക്കാണുന്നത്. വിധിയെ സ്വാഗതം ചെയ്യുന്നു’’ – പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു.
എഴുന്നള്ളിപ്പുകള്‍ അടക്കമുള്ള നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കാനുള്ള നിലപാടിൽ സന്തോഷമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു. ‘‘ആന എഴുന്നള്ളിപ്പ് പൈതൃകത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി മനസ്സിലാക്കി. ഹൈക്കോടതിയിലെ ചില എൻജിഒകളുടെ നിലപാട് തൃണവൽഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യപ്പെട്ടത്. പല ഇടങ്ങളിലായി ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പല കേസുകളും ഉണ്ട്. അത് ഏകീകരിക്കണമെന്നു കൂടിയാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ആവശ്യം. അടുത്ത ഘട്ടത്തിൽ സുപ്രീംകോടതി അത് പരിഗണിക്കും. പൂരം ഇല്ല, ആന എഴുന്നള്ളിപ്പ് ഇല്ല എന്നു വന്നാൽ പതിനായിക്കണക്കിനു പേർക്കാണ് തിരിച്ചടിയാകുക. നിരവധി പേരുടെ ഉപജീവനമാർഗം നഷ്ടമാകും. കേരളത്തിൽ 25,000 ഓളം ഉത്സവങ്ങൾ ഒരു വർഷം നടക്കുന്നുണ്ട്. ‘ആന എഴുന്നള്ളിപ്പ് കാണാൻ ഇഷ്ടമില്ലാത്തവർ വീട്ടിൽ ഇരിക്കട്ടെ, ഇഷ്ടമുള്ളവർ വരട്ടെ’ എന്ന് കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. ഓണർഷിപ്പ് ഉള്ള 350 നാട്ടാനകൾ കേരളത്തിൽ ഉണ്ട്. അതിൽ പലതിന്റെയും ഓണർഷിപ്പ് മാറ്റി കൊടുക്കാൻ വനംവകുപ്പ് തയാറായിട്ടില്ല. നടയ്ക്കിരുത്തിയ പല ആനകളുെടയും സർട്ടിഫിക്കറ്റിൽ പഴയ ഉടമ തന്നെയാണ്. വാളയാർ വരെ ആനയെ വിൽക്കാനും വാങ്ങാനും പറ്റും. വാളയാറിന് ഇപ്പുറം വേറെ നിയമമാണ്.’’ – കെ.ഗിരീഷ് കുമാർ പറഞ്ഞു.