ഗാസയിൽ കൂട്ടക്കുരുതി; ഇസ്രയേൽ വ്യോമാക്രമണത്തിൽ 300ലേറെ പേർ കൊല്ലപ്പെട്ടു

Mail This Article
ടെൽ അവീവ്∙ ഗാസയിൽ വീണ്ടും ഇസ്രയേലിന്റെ കൂട്ടക്കുരുതി. രാത്രി നടന്ന വ്യോമാക്രമണത്തിൽ 300ലേറെ പേർ കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനുവരി 19ന് നിലവിൽവന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിന്റെ നടപടി. വെടിനിർത്തൽ നിലവിൽ വന്നതിനു ശേഷം ഗാസയിൽ സംഭവിച്ച ഏറ്റവും വലിയ ആക്രമണമാണ് ഇത്. കൊല്ലപ്പെട്ടവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.
മധ്യ ഗാസയിലെ ദെയ്ർ അൽ-ബലായ്, ഗാസ സിറ്റി, ഖാൻ യൂനിസ്, റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ജനുവരിയിൽ യുഎസിന്റെ മധ്യസ്ഥതയിൽ ദോഹയിൽ നടന്ന ചർച്ചയ്ക്കു പിന്നാലെ ഗാസയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിരുന്നു. മൂന്ന് ഘട്ടങ്ങളായി വെടിനിർത്തൽ നടപ്പാക്കണമെന്നായിരുന്നു കരാർ. ഇതിനു പിന്നാലെയാണ് മേഖലയെ അശാന്തമാക്കി ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം നടന്നത്. അതേസമയം വെടിനിർത്തൽ നീട്ടാനുള്ള യുഎസ് നിർദേശം ഹമാസ് നിരസിച്ചതിനെത്തുടർന്നാണ് ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.