അങ്കണവാടി ജീവനക്കാരെയും വിടാതെ സർക്കാർ; സമരം ചെയ്യുന്നവർക്ക് ഓണറേറിയം നൽകേണ്ടെന്നു ഉത്തരവ്

Mail This Article
തിരുവനന്തപുരം∙ ആശാ വര്‍ക്കര്‍മാര്‍ക്കു പിന്നാലെ സമരത്തിനിറങ്ങിയ അങ്കണവാടി ജീവനക്കാര്‍ക്കെതിരെയും പ്രതികാരനടപടിയുമായി സര്‍ക്കാര്‍. സമരം ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കേണ്ടെന്ന് ചൂണ്ടിക്കാട്ടി വനിതാ ശിശുവികസന ഡയറക്ടര്‍ ഉത്തരവിറക്കി. അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ മറ്റു നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു വിഭാഗം അങ്കണവാടി ജീവനക്കാര്‍ മാര്‍ച്ച് 17 മുതല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 6 മാസം മുതല്‍ 6 വയസു വരെയുള്ള കുട്ടികള്‍ക്കുള്ള പോഷകാഹാരത്തിന്റെ വിതരണം തടസപ്പെടാതിരിക്കാന്‍ അങ്കണവാടികള്‍ അടച്ചിടരുതെന്ന നിര്‍ദേശം നല്‍കണമെന്നു ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രീ സ്കൂള്‍ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഭരണഘടനയുടെ 45-ാം വകുപ്പിന്റെ ലംഘനമാണെന്ന് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. പ്രീസ്കൂള്‍ പഠനം നിലയ്ക്കുന്ന രീതിയില്‍ സമരം ചെയ്താല്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ദീര്‍ഘകാലയളവില്‍ സമരം ചെയ്യുകയാണെങ്കില്‍ ശിശു വികസന പദ്ധതി ഓഫിസര്‍മാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വേതനവര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പര്‍മാരും സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപകല്‍ സമരം ആരംഭിച്ചത്. ഇന്ത്യന്‍ നാഷനല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ഇന്നലെ അങ്കണവാടികളുടെ പ്രവര്‍ത്തനം പലയിടത്തും തടസ്സപ്പെട്ടിരുന്നു. അങ്കണവാടി ജീവനക്കാരുടെ മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 5,000 രൂപയാക്കുക, ഇഎസ്ഐ ആനുകൂല്യം നടപ്പാക്കുക, റിട്ടയര്‍മെന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപകല്‍ സമരം. സമരത്തിനു മുന്നോടിയായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിവിധ യൂണിയന് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമുണ്ടായില്ല.