‘ഭക്തർ പണം നൽകുന്നത് ദേവനു വേണ്ടി, അത് ധൂർത്തടിക്കാനുള്ളതല്ല; പണം കൂടുതലെങ്കിൽ അന്നദാനം നടത്തിക്കൂടെ?’

Mail This Article
കൊച്ചി ∙ കൊല്ലം കടയ്ക്കൽ ദേവീക്ഷേത്രത്തിലെ ഉത്സവ പരിപാടിക്കിടെ വിപ്ലവഗാനം പാടിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. എങ്ങനെയാണ് ഇത്തരം പരിപാടികളൊക്കെ ക്ഷേത്രപരിസരത്ത് അനുവദിക്കുന്നതെന്ന് കോടതി ആരാഞ്ഞു. അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ സീലോടു കൂടിയ രസീത് ഉപയോഗിച്ചു മാത്രമേ ക്ഷേത്ര ഉപദേശക സമിതി ഭക്തരിൽ നിന്ന് പിരിവു നടത്താവൂ എന്നും ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ഈ മാസം 10ന് ഗായകൻ അലോഷി അവതരിപ്പിച്ച ഗാനമേളയിൽ പാടിയ പാട്ടുകൾക്ക് എതിരെയാണ് പരാതി ഉയർന്നത്.
ആരാണ് ഇത്തരം പരിപാടികൾ ക്ഷേത്രത്തിൽ ഏർപ്പാടാക്കിയത് എന്നു കോടതി ചോദിച്ചു. ഇത് കോളജിലെ വാർഷികാഘോഷമല്ല. എൽഇഡി ലൈറ്റുകളും മറ്റും ഘടിപ്പിച്ച സ്റ്റേജിലെ ഒരുക്കങ്ങളും കോടതിയുടെ വിമർശനത്തിന് ഇടയായി. ഇതിനൊക്കെ എവിടെ നിന്നാണ് പണം പിരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഭക്തര്‍ പണം നൽകുന്നത് ദേവനു വേണ്ടിയാണ്. ആ പണം ഇങ്ങനെ ധൂർത്തടിക്കാനുള്ളതല്ല. പണം കൂടുതലാണെങ്കിൽ അന്നദാനം നടത്തിക്കൂടെ എന്നും കോടതി വിമർശിച്ചു.
ക്ഷേത്ര ഉപദേശക സമിതിയും കോടതിയുടെ വിമർശനമേറ്റുവാങ്ങി. സാധാരണക്കാരായ ഭക്തരാണ് ഇതിൽ അംഗമാകേണ്ടത്, അല്ലാതെ രാഷ്ട്രീയ പാർട്ടി പ്രവർത്തകരല്ല. ക്ഷേത്രത്തിൽ ഭക്തിഗാനമേളയൊക്കെ കണ്ടിട്ടുണ്ട്. അല്ലാതെ സിനിമ പാട്ട് പാടാനുള്ളതാണോ ഉത്സവ സമയത്തെ ഗാനമേള എന്നും കോടതി ചോദിച്ചു. ക്ഷേത്രത്തിന്റെ പരിസരങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടരുതെന്നും അവിടുത്തെ വിശുദ്ധിയും പാരമ്പര്യവും നിലനിർത്തുന്നുവെന്നും ദേവസ്വം കമ്മിഷണറും ഡപ്യൂട്ടി കമ്മിഷണറും ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. ചീഫ് വിജിലൻസ് ഓഫിസറും സെക്യൂരിറ്റി ഓഫിസറും സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു. ക്ഷേത്ര ഉപദേശക സമിതിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി.