സ്ഥലംമാറ്റത്തിന് വിസമ്മതിച്ചു, ഭർത്താവ് തീവ്രവാദിയെന്ന് ഭാര്യ; മേലധികാരിക്ക് പരാതി നൽകിയത് പീഡനമെന്ന് കോടതി

Mail This Article
ചെന്നൈ ∙ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മേലധികാരികൾക്കു പരാതി നൽകുന്നതു മാനസിക പീഡനമായി കണക്കാക്കാമെന്നു മദ്രാസ് ഹൈക്കോടതി. ഭർത്താവിനെ തീവ്രവാദിയായി ചിത്രീകരിച്ച് മേലധികാരികൾക്കു പരാതി നൽകിയ സംഭവത്തിലാണു ജസ്റ്റിസുമാരായ ജി.ജയചന്ദ്രൻ, ആർ.പൂർണിമ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
2012ൽ വിവാഹിതരായ ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കുകയായിരുന്നു കോടതി. പൊലീസ് കോൺസ്റ്റബിളായിരുന്ന യുവാവിന്റെ സ്ഥലംമാറ്റത്തിന് ഭാര്യ സമ്മർദം ചെലുത്തിയിരുന്നു. ഇതിനു വിസമ്മതിച്ചതോടെ ഭർത്താവ് തീവ്രവാദിയാണെന്നും ഭീകര സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നതായും ആരോപിച്ച് മേലധികാരികൾക്കു ഭാര്യ കത്തു നൽകി.
ഇതോടെ കടുത്ത മാനസിക സമ്മർദത്തിലായ യുവാവ് വിവാഹമോചനത്തിന് ഹർജി നൽകി. ഭാര്യ പരാതി നൽകിയത് ക്രൂരതയായോ മാനസിക പീഡനമായോ കണക്കാക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ശിവഗംഗയിലെ കുടുംബക്കോടതി ഹർജി തള്ളി. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്. യുവാവിനൊപ്പം ജീവിക്കാൻ ഭാര്യയ്ക്കു താൽപര്യമില്ലെന്നും പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപേക്ഷിച്ചതായും ജഡ്ജിമാർ കണ്ടെത്തി. 2020ൽ യുവതി മറ്റൊരാളെ വിവാഹം കഴിച്ച സർട്ടിഫിക്കറ്റും ഹർജിക്കാരൻ കോടതിയിൽ ഹാജരാക്കി. ഇതോടെ ഇവരുടെ വിവാഹം കോടതി റദ്ദാക്കി.